മലപ്പുറം: മുസ്ലിം വിദ്വേഷവും വെറുപ്പും വംശഹത്യാ ശ്രമങ്ങളും രാജ്യത്ത് പടരുന്ന സാഹചര്യത്തിൽ 'ഇസ്ലാമോഫോബിയ കുറ്റകൃത്യമായി പ്രഖ്യാപിക്കുക' എന്ന പ്രമേയത്തിൽ നടക്കുന്ന സോളിഡാരിറ്റി യൂത്ത് കാരവന് ഞായറാഴ്ച ജില്ലയിൽ സ്വീകരണം നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.
രാവിലെ 10ന് തിരൂരിലാണ് ആദ്യ സ്വീകരണം. വൈകീട്ട് അഞ്ചിന് മലപ്പുറത്ത് പൊതുസമ്മേളനവും വാഹനറാലിയുമടക്കമുള്ള വിപുലമായ സ്വീകരണ പരിപാടിയും നടക്കും. ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ്, സോളിഡാരിറ്റി സംസ്ഥാന പ്രസിഡൻറ് നഹാസ് മാള, സംസ്ഥാന സെക്രട്ടറി ശബീർ കൊടുവള്ളി, ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് സലിം മമ്പാട്, സോളിഡാരിറ്റി ജില്ല പ്രസിഡൻറ് ഡോ. മുഹമ്മദ് നിഷാദ് എന്നിവർ സംസാരിക്കും.
സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംസ്ഥാന പ്രസിഡൻറ് നഹാസ് മാള നയിക്കുന്ന യൂത്ത് കാരവൻ മേയ് അഞ്ചിന് കാസർകോട് നിന്നാണ് ആരംഭിച്ചത്. മേയ് 21, 22 ദിവസങ്ങളിൽ എറണാകുളത്ത് നടക്കുന്ന സോളിഡാരിറ്റി സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കൂടിയാണ് യൂത്ത് കാരവൻ സംഘടിപ്പിക്കുന്നത്.
മുസ്ലിം വിരുദ്ധതയുടെ അടിസ്ഥാനമായ ഇസ്ലാമോഫോബിയ കുറ്റകൃത്യമായി പ്രഖ്യാപിക്കാൻ പൊതുജനാഭിപ്രായവും ജനപിന്തുണയും നേടിയെടുക്കുകയും ഭരണകൂടത്തിൽ സമ്മർദം ചെലുത്തുകയും ചെയ്യുക, ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ വിദ്വേഷ രാഷ്ട്രീയത്തോട് പൊരുതുന്നവരുടെ ഐക്യനിര രൂപപ്പെടുത്തുക എന്നിവയാണ് യൂത്ത് കാരവന്റെ ലക്ഷ്യം. വാർത്ത സമ്മേളനത്തിൽ സോളിഡാരിറ്റി ജില്ല വൈസ് പ്രസിഡൻറ് ബഷീർ തൃപ്പനച്ചി, ജില്ല ജനറൽ സെക്രട്ടറി ഡോ. അബ്ദുൽ ബാസിത്ത്, കെ.പി. അജ്മൽ ഡോ. സുഹൈൽ, സുലൈമാൻ ഊരകം തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.