പൊന്നാനി: തെരുവുനായ്ക്കൾ ജീവന് ഭീഷണിയായ സാഹചര്യത്തിൽ തെരുവുനായ് നിയന്ത്രണ പദ്ധതിക്ക് പൊന്നാനി നഗരസഭയിൽ വീണ്ടും തുടക്കംകുറിക്കുന്നു. തദ്ദേശ സ്ഥാപനങ്ങൾക്ക് കീഴിലെ വെറ്ററിനറി വിഭാഗത്തിന്റെ മേൽനോട്ടത്തിൽ വന്ധ്യംകരണ പ്രവൃത്തികൾ നടത്താമെന്ന പുതിയ ഉത്തരവ് പ്രകാരമാണ് നഗരസഭയിൽ എ.ബി.സി പദ്ധതി പുനരാരംഭിക്കുന്നത്. നഗരസഭയുടെ തനത് ഫണ്ട് ഉപയോഗിച്ച് വെറ്ററിനറി ഡോക്ടർമാർ, ഡോഗ് ക്യാച്ചർമാർ, അനുബന്ധ ജീവനക്കാർ, മൊബൈൽ ലാബ് എന്നിവയുടെ സേവനം ലഭ്യമാക്കും. ആവശ്യമായ അധിക ജീവനക്കാരെ നഗരസഭതന്നെ ഏർപ്പാടാക്കും. സീനിയർ വെറ്ററിനറി സർജന്റെ മേൽനോട്ടത്തിൽ എ.ബി.സി പദ്ധതി നടപ്പാക്കാൻ കൗൺസിൽ യോഗത്തിൽ തീരുമാനിച്ചു.
തെരുവുനായ്ക്കളിൽ വന്ധ്യംകരണ നടപടികൾ കുടുംബശ്രീ യൂനിറ്റുകൾ നടപ്പാക്കുന്നത് ഹൈകോടതി വിലക്കിയതിനെ തുടർന്നാണ് എ.ബി.സി പദ്ധതി നിലച്ചത്. ഇപ്പോൾ നായ്ക്കൾ പെറ്റുപെരുകി തെരുവുകളിൽ വിഹരിക്കുകയാണ്. രാപ്പകൽ വ്യത്യാസമില്ലാതെ കൂട്ടമായി എത്തുന്ന തെരുവുനായ്ക്കൾ അക്രമം അഴിച്ചുവിടുന്നത് ജീവന് ഭീഷണിയായിരിക്കുകയാണ്. പുലർച്ച ആരാധനാലയങ്ങളിലേക്കും മദ്റസകളിലേക്കും പോകുന്ന കുട്ടികൾക്കുനേരെ തെരുവുനായ്ക്കളുടെ ആക്രമണം പതിവാണ്. തെരുവുനായ് ആക്രമണങ്ങൾക്ക് പരിഹാരം കാണുന്നതിന്റെ ഭാഗമായി പൊന്നാനി നഗരസഭയിൽ പേ വിഷബാധക്കെതിരെയുള്ള വാക്സിനേഷൻ പദ്ധതി ഉൾപ്പെടെ നടപ്പാക്കിയിരുന്നെങ്കിലും കോടതി ഉത്തരവിനെത്തുടർന്ന് ഇതും പാതിവഴിയിൽ ഉപേക്ഷിച്ചു. പ്രതിരോധ കുത്തിവെപ്പെടുത്ത നായ്ക്കളെ തിരിച്ചറിയുന്നതിന് മൈക്രോചിപ്പ് ഘടിപ്പിക്കുന്ന പദ്ധതി രാജ്യത്ത് ആദ്യമായി പൊന്നാനി നടപ്പാക്കിയിരുന്നു. എന്നാൽ, ഇതൊന്നും പ്രാവർത്തികമാക്കാൻ കഴിയാതിരുന്നതോടെ തെരുവുനായ്ക്കളെകൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് ജനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.