പള്ളിക്കല്‍: കോഴിപ്പുറം വെണ്ണായൂര്‍ എ.എം.എല്‍.പി സ്കൂളില്‍ വിദ്യാർഥികള്‍ക്ക് ഭക്ഷ്യവിഷബാധയുണ്ടായത് സംബന്ധിച്ച് വിശദ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യ-വിദ്യാഭ്യാസ വകുപ്പ് മന്ത്രിമാരുടെ അടിയന്തര നിര്‍ദേശം. പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ വിഷയം മന്ത്രിമാരുടെ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്നാണിത്.
ഇതിനിടെ തിങ്കളാഴ്ച വള്ളിക്കുന്ന് സര്‍ക്കിളിന്റെ ചുമതലയുള്ള ഡോ.കെ.സി. മുഹമ്മദ് മുസ്തഫയുടെ നേതൃത്വത്തിലുള്ള ഭക്ഷ്യസുരക്ഷാ സംഘം സ്കൂളിലെത്തി ഭക്ഷണ വസ്തുക്കളുടെ സാമ്പിള്‍ ശേഖരിച്ചു. തൈര്, അച്ചാര്‍ എന്നിവയുടെ സാമ്പിളുകളാണെടുത്തത്. രണ്ട് ദിവസത്തിനകം പരിശോധന ഫലം ലഭ്യമാകും. ജില്ല മെഡിക്കല്‍ ഓഫിസറുടെ നിർദേശപ്രകാരം ആരോഗ്യ പ്രവര്‍ത്തകര്‍ വിശദ പരിശോധന നടത്തി. കൊണ്ടോട്ടി ഉപജില്ല വിദ്യാഭ്യാസ ഓഫിസര്‍ ഷൈനി ഓമനയുടെ നേതൃത്വത്തിലെത്തിയ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ സ്കൂളിലെത്തി വിശദമായ പരിശോധന നടത്തുകയായിരുന്നു.
ഏഴ് കുട്ടികൾ കൊണ്ടോട്ടി താലൂക്ക് ആശുപത്രിയിലും ഒരു കുട്ടി മഞ്ചേരി മെഡിക്കൽ കോളജിലും രണ്ട് കുട്ടികൾ ഫറോക്ക് ഇ.എസ്.ഐ ആശുപത്രിയിലുമാണുള്ളത്.
പള്ളിക്കലിലെ സ്വകാര്യ ആശുപത്രിയിൽ തിങ്കളാഴ്ച 11 കുട്ടികൾ പരിശോധനക്ക് വിധേയരായി. ഇതിൽ രണ്ട് കുട്ടികൾ നിരീക്ഷണത്തിലാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. അബ്ബാസ് അറിയിച്ചു.
ജില്ല മെഡിക്കൽ ഓഫിസർ രേണുക, കൊണ്ടോട്ടി താലൂക്ക് ഹെഡ്ക്വാർട്ടേഴ്‌സ് ഹോസ്പിറ്റൽ ഡോ. യു. ബാബു, പള്ളിക്കൽ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോ. സന്തോഷ്, ഹെൽത്ത് ഇൻസ്‌പെക്ടർ ഷീബ, കൊണ്ടോട്ടി തഹസിൽദാർ ബാൽരാജൻ, ഡെപ്യൂട്ടി തഹസിൽദാർ രാജേഷ്, ജനറൽ എജുക്കേഷൻ ഫീഡിങ് ഓഫിസർ ബാബുരാജ്, അസിസ്റ്റന്റ് എജുക്കേഷനൽ ഓഫിസർ ഷൈനി ഓമന തുടങ്ങിയ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സ്കൂൾ സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.