മലപ്പുറം: സപ്ലൈകോ ഒന്നാംഘട്ടത്തിൽ മൂന്നു മാസത്തിനിടെ ജില്ലയിൽ 2756 കർഷകരിൽനിന്നായി 76.93 ലക്ഷം കിലോ നെല്ല് സംഭരിച്ചു. ഏഴ് താലൂക്ക് തലങ്ങളിൽനിന്ന് ഫെബ്രുവരി 24 വരെയുള്ള കണക്കുപ്രകാരമാണിത്. നവംബർ 25 മുതലാണ് സപ്ലൈകോ ജില്ലയിൽ നെല്ല് സംഭരണം ആരംഭിച്ചത്. ഓരോ താലൂക്ക് തലങ്ങളിലും സപ്ലൈകോ നിശ്ചയിച്ച മില്ലുകളാണ് കർഷകരിൽനിന്ന് നേരിട്ട് നെല്ല് സംഭരിക്കുന്നത്.
പൊന്നാനി താലൂക്കിലാണ് കൂടുതൽ നെല്ല് സംഭരണം നടന്നത്. 25.39 ലക്ഷം കിലോ സംഭരിച്ചു. ഇവിടെ 11 സപ്ലൈകോ അംഗീകൃത മില്ലുകൾ വഴി 765 കർഷകരിൽനിന്ന് 623.14 ഹെക്ടറിൽനിന്നുള്ള നെല്ലാണ് ശേഖരിച്ചത്. പെരിന്തൽമണ്ണ താലൂക്കാണ് രണ്ടാം സ്ഥാനത്ത്. 24.75 ലക്ഷം കിലോ നെല്ല് സംഭരിച്ചു. ഏഴ് മില്ലുകൾ വഴി 1131 കർഷകരിൽനിന്ന് 540.44 ഹെക്ടറിലെ നെല്ലാണ് സപ്ലൈകോയിലെത്തിയത്.
മൂന്നാം സ്ഥാനത്തുള്ള തിരൂർ താലൂക്കിൽ 20.40 ലക്ഷം കിലോ സംഭരണ നടപടി പൂർത്തിയായി. 12 മില്ലുകളിൽ നിന്നായി 645 കർഷകരിൽനിന്ന് 520.66 ഹെക്ടറിലെ നെല്ലാണ് സപ്ലൈകോ ഏറ്റെടുത്തത്. തിരൂരങ്ങാടിയിൽ 127 കർഷകർ വഴി 117.02 ഹെക്ടറിൽനിന്ന് 4.63 ലക്ഷം കിലോ, നിലമ്പൂരിൽ 59 കർഷകർ വഴി 42.08 ഹെക്ടറിൽനിന്ന് 1.26 ലക്ഷം കിലോ, ഏറനാട്ട് അഞ്ച് കർഷകർ വഴി 5.79 ഹെക്ടറിൽനിന്ന് 24,763 കിലോ, കൊണ്ടോട്ടിയിൽ 24 കർഷകർ വഴി 7.83 ഹെക്ടറിൽനിന്ന് 22,595 കിലോ എന്നിങ്ങനെയും നെല്ല് സപ്ലൈകോയിലെത്തി.
ഒന്നാംഘട്ടത്തിൽ നെല്ല് സപ്ലൈകോക്ക് നൽകാൻ 8940 കർഷകരാണ് സന്നദ്ധരായി രജിസ്റ്റർ ചെയ്തത്. പെരിന്തൽമണ്ണ താലൂക്കിലാണ് കൂടുതൽ രജിസ്ട്രേഷൻ, 2787 പേർ. 279 പേർ മാത്രം രജിസ്റ്റർ ചെയ്ത കൊണ്ടോട്ടി താലൂക്കിലാണ് ഏറ്റവും കുറവ് രജിസ്ട്രേഷൻ. രണ്ടാംഘട്ട നെല്ല് സംഭരണത്തിനുള്ള രജിസ്ട്രേഷൻ നടപടി സപ്ലൈകോ ആരംഭിച്ചിട്ടുണ്ട്. ഫെബ്രുവരി 28 വരെ ഓൺലൈനായി കർഷകർക്ക് രജിസ്റ്റർ ചെയ്യാം. www.supplycopaddy.in എന്ന വെബ്സൈറ്റ് വഴിയാണ് രജിസ്ട്രേഷൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.