തേഞ്ഞിപ്പലം: കടലുണ്ടിപ്പുഴയോരത്തെ ഭൂമി കൈയേറ്റം കണ്ടെത്താന്‍ തേഞ്ഞിപ്പലം പഞ്ചായത്തില്‍ സെപ്റ്റംബറിൽ സർവേ തുടങ്ങും. ഒലിപ്രം കടവ് മുതല്‍ മാതാപ്പുഴ വരെയുള്ള മൂന്ന് കിലോമീറ്റര്‍ ദൂരത്തിലാണ് സർവേ.
മൂന്ന് കിലോമീറ്റര്‍ പരിധിയിലെ കടലുണ്ടി പുഴയോരങ്ങളിലായി 37 ഹെക്ടറില്‍ കൈയേറ്റമുണ്ടെന്നാണ് റവന്യൂ വകുപ്പിന്റെ രേഖകള്‍ വ്യക്തമാക്കുന്നതെന്ന് പഞ്ചായത്ത് അധികൃതര്‍ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇത്രയേറെ പുറമ്പോക്ക് ഭൂമിയിലെ കൈയേറ്റം ഒഴിപ്പിച്ച് തിരിച്ചുപിടിക്കാനാണ് പഞ്ചായത്തിന്റെ ശ്രമം.
ഒട്ടുമിക്ക പുഴയോരങ്ങളിലും സ്വകാര്യ വ്യക്തികള്‍ പുറമ്പോക്ക് ഭൂമി കൈയേറിയിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. ഇവിടങ്ങളില്‍ പലയിടത്തും സുരക്ഷഭിത്തി കെട്ടിയിട്ടുണ്ട്. മറ്റിടങ്ങളില്‍ തെങ്ങും മറ്റ് കൃഷികളുമുണ്ട്. സർവേയിലൂടെ കൈയേറ്റം കൃത്യമായി കണ്ടെത്തി തിരിച്ചുപിടിക്കുമെന്നും ഇക്കാര്യത്തില്‍ വിട്ടുവീഴ്ച ഉണ്ടാകില്ലെന്നുമാണ് പഞ്ചായത്ത് നിലപാട്.
എന്നാല്‍, ഇത് എത്രത്തോളം പ്രായോഗികവത്കരിക്കാനാകുമെന്നതിലാണ് ആശയക്കുഴപ്പം. തിരൂരങ്ങാടി തഹസില്‍ദാര്‍ക്ക് കീഴിലുള്ള സർവേ വിഭാഗം ഒരാഴ്ചക്കുള്ളില്‍ സർവേ പൂര്‍ത്തീകരിക്കും. സർവേ കല്ലിടാനും മറ്റ് ചിലവുകള്‍ക്കുമായി തേഞ്ഞിപ്പലം പഞ്ചായത്ത് ഒരു ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. പുഴയോര സർവേക്കായി ഒരു വര്‍ഷം മുമ്പുതന്നെ പഞ്ചായത്ത് ശ്രമമാരംഭിച്ചിരുന്നു.
പുഴയോര മേഖലകളിലെ കൈയേറ്റം ഒഴിപ്പിക്കുന്നതിലൂടെ പുതിയ തീരദേശ റോഡുകള്‍ നിര്‍മിച്ച് പരമാവധി ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്താനാണ് ആലോചന. പതിറ്റാണ്ടുകളായി അന്യാധീനപ്പെട്ടു കിടക്കുന്ന പുറമ്പോക്ക് ഭൂമികള്‍ തിരിച്ചുപിടിക്കാനായാല്‍ പഞ്ചായത്തിനത് നേട്ടമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.