മലപ്പുറം: താനൂരിൽ പൊലീസ് കസ്റ്റഡിയിൽ മരിച്ച താമിർ ജിഫ്രിയുടെ മരണത്തിന് ശരീരത്തിലേറ്റ മർദനം കാരണമായിട്ടുണ്ടെന്ന് ആന്തരികാവയവ പരിശോധന റിപ്പോർട്ട്. ഹിസ്റ്റോപതോളജി റിപ്പോര്‍ട്ടിന്റെയും കെമിക്കല്‍ അനാലിസിസ് റിപ്പോര്‍ട്ടിന്റെയും കണ്ടെത്തലുകൾ അടിസ്ഥാനമാക്കി ഫോറൻസിക് വിഭാഗം കോടതിയിൽ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് മരണകാരണങ്ങൾ വ്യക്തമാക്കുന്നത്.
മർദനത്തിലേറ്റ പരിക്കുകളും ലഹരി ഉപയോഗവും നേരത്തേ ഹൃദ്രോഗിയായ താമിറിനെ മരണത്തിലേക്ക് നയിച്ചെന്നാണ് കണ്ടെത്തൽ. ലഹരി ഉപയോഗം മാത്രം മരണ കാരണമായെന്ന് പറയാനാകില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറഞ്ഞ മരണകാരണം സാധൂകരിക്കുന്ന തരത്തിലാണ് ആന്തരികാവയവ പരിശോധന റിപ്പോർട്ടും.
കോഴിക്കോട് റീജനൽ കെമിക്കൽ എക്സാമിനേഷൻ ലാബിൽനിന്നും മഞ്ചേരി പത്തോളജി വിഭാഗത്തിൽനിന്നും ലഭിച്ച ഫലങ്ങളുടെ അടിസ്ഥാനത്തിലാണ് ഫോറൻസിക് സർജൻ റിപ്പോർട്ട് തയാറാക്കിയത്.
താമിർ മരണത്തിനു മുമ്പ് ‘മെതാഫിറ്റമിൻ’ ലഹരി ഉപയോഗിച്ചിരുന്നതായി പരിശോധനയിൽ സ്ഥിരീകരിച്ചിട്ടുണ്ട്. രക്തത്തിലും മൂത്രത്തിലും ‘മെതാഫിറ്റമിൻ’ സാന്നിധ്യം കണ്ടെത്തി. അതേസമയം, എത്ര അളവ് ഉപയോഗിച്ചിട്ടുണ്ടെന്നത് കണ്ടെത്തിയിട്ടില്ല. മൂർച്ചയില്ലാത്ത ആയുധങ്ങൾകൊണ്ട് മർദിച്ചതിനെ തുടർന്നുള്ള പരിക്കുകൾ വേഗം മരണത്തിലേക്ക് നയിച്ചതായി റിപ്പോർട്ട് വ്യക്തമാക്കുന്നു.
മർദനത്തിലുണ്ടായ പരിക്കുകളുടെ ചിത്രസഹിതമാണ് റിപ്പോർട്ട്. അമിത ലഹരി ഉപയോഗമാണ് മരണ കാരണമെന്ന പൊലീസ് വാദത്തിന് എതിരായുള്ള റിപ്പോർട്ട് തിരൂർ സബ് ഡിവിഷനൽ മജിസ്ട്രേറ്റിനാണ് സമർപ്പിച്ചത്.
മഞ്ചേരി: താനൂർ കസ്റ്റഡി കൊലപാതകക്കേസിൽ പ്രതികളായ പൊലീസ് ഉദ്യോഗസ്ഥരുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ജില്ല സെഷൻസ് കോടതി ഈ മാസം 20ലേക്ക് മാറ്റി. കേസ് അന്വേഷണമേറ്റെടുക്കാൻ ഹൈകോടതി സി.ബി.ഐയോട് നിർദേശിച്ചിരുന്നു.
ഇക്കാര്യംകൂടി അറിഞ്ഞശേഷമാകും കേസ് പരിഗണിക്കുക. സി.ബി.ഐ അന്വേഷണം ഏറ്റെടുക്കുന്നപക്ഷം തുടർനടപടികൾ എറണാകുളം സി.ബി.ഐ കോടതിക്ക് കീഴിലായിരിക്കും. ഒന്നാം പ്രതി താനൂര്‍ സ്റ്റേഷനിലെ എസ്.സി.പി.ഒ ജിനേഷ് (37), രണ്ടാം പ്രതി പരപ്പനങ്ങാടി സ്റ്റേഷനിലെ സി.പി.ഒ ആല്ബിന് അഗസ്റ്റിന് (35), മൂന്നാം പ്രതി കല്‍പ്പകഞ്ചേരി സ്റ്റേഷനിലെ സി.പി.ഒ അഭിമന്യു (35), നാലാം പ്രതി തിരൂരങ്ങാടി സ്റ്റേഷനിലെ സി.പി.ഒ വിപിന്‍ (38) എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയാണ് മഞ്ചേരി ജില്ല കോടതിയിലെത്തിയത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. ടോം കെ. തോമസ്, പ്രതിഭാഗത്തിനായി മുൻ ഡി.ജി.പി അഡ്വ. സി. ശ്രീധരൻ നായരുടെ ഓഫിസിലെ അഡ്വ. രാജേഷും ഹാജറായി.
കൊല്ലപ്പെട്ട താമിർ ജിഫ്രിയുടെ കുടുംബത്തിനായി അയ്യൂബും ഹാജറായി. ആഗസ്റ്റ് 26നാണ് അന്വേഷണസംഘം നാല് പൊലീസ് ഉദ്യോഗസ്ഥരെ പ്രതിചേർത്ത് കോടതിയിൽ റിപ്പോർട്ട് നൽകിയത്. കൊലപാതകക്കുറ്റം, അന്യായ തടങ്കൽ, ഭയപ്പെടുത്തി കുറ്റംസമ്മതിപ്പിക്കാൻ തടഞ്ഞുവെക്കുക, ദേഹോപദ്രവം ഏല്പിക്കല്, ആയുധം ഉപയോഗിച്ച് മർദിച്ച് ഗുരുതര പരിക്ക് ഏല്പിക്കല് തുടങ്ങിയ വകുപ്പുകളാണ് പൊലീസുകാർക്കെതിരെ ചുമത്തിയത്.
ജൂലൈ 31നാണ് ലഹരിക്കേസിൽ താമിർ ജിഫ്രിയെയും സുഹൃത്തുക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. ആഗസ്റ്റ് ഒന്നിന് പുലർച്ച കസ്റ്റഡിയിലിരിക്കെ താമിർ മരിച്ചു. താമിറിന് ക്രൂരമായി മർദനമേറ്റതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു.
അതേസമയം, പ്രതികളെ പിടികൂടാൻ ഇതുവരെയും സാധിച്ചിട്ടില്ല. എല്ലാവരും ഒളിവിലാണെന്നാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്. അന്വേഷണഭാഗമായി കഴിഞ്ഞദിവസങ്ങളിൽ നാല് പ്രതികളുടെ വീടുകളിലും ക്രൈംബ്രാഞ്ച് സംഘം പരിശോധന നടത്തിയിരുന്നു. പരിശോധനയുടെയും തുടർനപടികളുടെയും റിപ്പോർട്ട് കഴിഞ്ഞദിവസം പൊലീസ് പരപ്പനങ്ങാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.