തിരൂർ: പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് വെള്ളിയാഴ്ച തിരൂർ സന്ദർശിക്കുമ്പോൾ പ്രതീക്ഷയിലാണ് തിരൂര്‍ നിവാസികള്‍. മൂന്നു വർഷത്തിലധികമായി നോക്കുകുത്തിയായി മാറിയ തിരൂരിലെ പാലങ്ങള്‍ക്ക് പൊതുമരാമത്ത് മന്ത്രിയുടെ സന്ദർശനത്തോടെ ശാപമോക്ഷമുണ്ടാവുമെന്നാണ് വിലയിരുത്തൽ. തിരൂർ, തവനൂർ മണ്ഡലങ്ങളിലെ വിവിധ പൊതുമരാമത്ത് പദ്ധതികളിലെ പ്രവർത്തനങ്ങൾ നേരിൽകണ്ട് അവലോകനം നടത്തുന്നതിെൻറ ഭാഗമായാണ് മന്ത്രിയും ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമടങ്ങിയ സംഘം എത്തുന്നത്. കോടികൾ ചെലവഴിച്ചിട്ടും അപ്രോച്ച് റോഡ് പണി പൂര്‍ത്തിയാവാത്തതാണ് താഴെപ്പാലം, സിറ്റി ജങ്ഷന് പാലങ്ങൾ നോക്കുകുത്തിയായി മാറാനിടയാക്കിയത്. മികച്ച പദ്ധതികളിലൊന്നായ പൊലീസ് ലൈന്‍-പൊന്മുണ്ടം ബൈപാസ് റോഡിലെ മുത്തൂര്‍ പാലവും എവിടെയുമെത്താതെ നില്‍ക്കുകയയാണ്.
ഗതാഗതക്കുരുക്കിന് പരിഹാരം മാത്രമല്ല, വന്‍ ദുരന്തങ്ങള്‍ക്ക് കാരണമായേക്കാമെന്ന ആശങ്കയും മുന്‍കൂട്ടി കണ്ടാണ് വര്‍ഷങ്ങള്‍ക്കു മുമ്പ് തിരൂര്‍ താഴെപാലത്ത് പുതിയ പാലവും സിറ്റി ജങ്ഷനില്‍ റെയിൽവേ മേല്പാലത്തിെൻറയും പണികള്‍ ആരംഭിച്ചത്. ഈ രണ്ട് പാലത്തിെൻറയും പണി മൂന്നു വര്‍ഷം മുമ്പുതന്നെ പൂര്‍ത്തിയാക്കാനും അധികൃതര്‍ക്ക് കഴിഞ്ഞു.
എന്നാല്‍, രണ്ട് പാലങ്ങള്‍ക്കും വേണ്ട അപ്രോച്ച് റോഡുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് പിന്നീട് പദ്ധതികള്‍ക്ക് വിനയായത്. ഇതോടെ കോടികള്‍ ചെലവഴിച്ച തിരൂരിന് ഏറെ ഉപയോഗപ്രദമാവുന്ന രണ്ട് പാലങ്ങൾ കാഴ്ചവസ്തുവായി മാറുകയായിരുന്നു. ഈ പദ്ധതികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും പ്രതിഷേധങ്ങളും രാഷ്ട്രീയ പഴിചാരലും നിയമസഭയിലും കലക്ടര്‍ക്കു മുന്നിലും എത്തിയെങ്കിലും നടപടി ഇഴഞ്ഞു നീങ്ങി. കാലപ്പഴക്കം കൊണ്ട് താഴെപ്പാലം, സിറ്റി ജങ്ഷൻ പാലങ്ങൾ അപകടാവസ്ഥയിലാണ്.
ഏതാണ്ട് ഒന്നര വര്‍ഷം മുമ്പ് സിറ്റി ജങ്ഷനിലെ റെയിൽവേ മേല്പാലത്തിൽ കുഴി രൂപപ്പെട്ടത് യാത്രക്കാരെയും നാട്ടുകാരെയും ആശങ്കയിലാഴ്ത്തിയിരുന്നു. അന്ന് തലനാരിഴക്കാണ് യാത്രക്കാര്‍ അപകടത്തില്‍നിന്ന് രക്ഷപ്പെട്ടത്. തിരൂര്‍ പുഴക്ക് മുകളിലൂടെയുള്ള താഴെപ്പാലം പാലത്തിലൂടെയുള്ള യാത്രയും അപകട സാധ്യത വര്‍ധിപ്പിക്കുന്നുണ്ട്.
തിരൂർ നഗരവാസിയായ മന്ത്രി വി. അബ്ദുറഹ്മാൻ, കുറുക്കോളി മൊയ്തീൻ എം.എൽ.എ എന്നിവർ വിഷയം പൊതുമരാമത്ത് മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയതിനെ തുടർന്ന് സർക്കാറിെൻറ 100 ദിന പദ്ധതിയുൾപ്പെടുത്തി പാലങ്ങളുടെ പ്രവൃത്തി പൂർത്തീകരിക്കാൻ മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇതിെൻറ ഭാഗമായാണ് വെള്ളിയാഴ്ച വൈകീട്ട് നാലിന് മന്ത്രി റിയാസ് തിരൂരിലെത്തുന്നത്.
തിരൂരിന് പുറമെ തിരുനാവായ പട്ടർനടക്കാവിലെ ഗതാഗതക്കുരുക്ക് പ്രശ്നം, തവനൂർ മണ്ഡലത്തിലെ നായർ തോട് പാലം, പൊന്നാനി പടിഞ്ഞാറെക്കര ഹൗറ മോഡൽ പാലം എന്നിവയുടെ പദ്ധതി പ്രദേശങ്ങളും മന്ത്രി സന്ദർശിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.