പുലാമന്തോൾ: നാലാം ക്ലാസിൽ പഠിക്കുമ്പോൾ പത്രങ്ങളിലും ആനുകാലികങ്ങളിലും വരുന്ന വാർത്തകളിലെ ശാസ്ത്രകൗതുകം തേടി നടന്ന ആ കുഞ്ഞുപയ്യൻ ഇന്ന് പുസ്തകരചയിതാവാണ്, അതും ശാസ്ത്രപുസ്തകത്തിന്റെ. പുലാമന്തോൾ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥി വിധുനന്ദനനാണ് ‘ദ എറ്റേണൽ സിംഫണി ഓഫ് ദ കോസ്മോസ്’എന്ന ശാസ്ത്രപുസ്തകത്തിലൂടെ ചരിത്രം സൃഷ്ടിക്കുന്നത്. മുൻ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥാണ് പുസ്തകത്തിന്റെ ആമുഖ രചന നിർവഹിച്ചത്. ചണ്ഡിഗഢിലെ ‘വൈറ്റ് ഫാൽക്കൻ’ആണ് പബ്ലിഷർ. ചൊവ്വാഴ്ച രാവിലെ 8.30ന് സ്കൂളിൽ നടക്കുന്ന ചടങ്ങിൽ സി. രവീന്ദ്രനാഥ് പ്രകാശനം നിർവഹിക്കും. അമേരിക്ക, ബ്രിട്ടൻ, ജർമനി, ഫ്രാൻസ്, സ്പെയിൻ തുടങ്ങി 30ലധികം രാജ്യങ്ങളിൽ ഓൺലൈൻ വഴി പുസ്തകം ലഭ്യമാകും.
ചുറ്റുപാടുകളെ അറിയാൻ ശ്രമിക്കുന്ന 14കാരന്റെ പ്രപഞ്ചയാത്രയാണ് ‘ദ എറ്റേണൽ സിംഫണി ഓഫ് ദ കോസ്മോസ്’. കൗതുകവും നർമവും ശാസ്ത്രചിന്തയും കാവ്യാത്മകമായി ആവിഷ്കരിച്ച പുസ്തകം ശാസ്ത്രചിന്തകൊണ്ടും ഇംഗ്ലീഷ് ഭാഷാശൈലികൊണ്ടും വേറിട്ടുനിൽക്കുന്നു. കുഞ്ഞുനാളിൽ കാർട്ടൂണുകളും കുട്ടികൾക്കുള്ള ടെലിവിഷൻ പരിപാടികളും കണ്ട് ഇംഗ്ലീഷ്, ഹിന്ദി ഭാഷയിൽ പ്രാവീണ്യം നേടിയിരുന്നു. നാലാം ക്ലാസ് മുതലാണ് പുസ്തക ലോകത്തേക്ക് പ്രവേശിച്ചത്. ബാലസാഹിത്യത്തിൽ ആരംഭിച്ച വായന ഇംഗ്ലീഷ് ഫാന്റസി, ഫിക്ഷൻ വിഭാഗങ്ങളിലേക്ക് മാറി.
പ്രശസ്ത ശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിങ്ങിന്റെ പുസ്തകങ്ങൾ വായിച്ച് അദ്ദേഹത്തിന്റെ ആരാധകനായി. മിച്ചിയോ കാക്കു, ബ്രയാൻ കോക്സ്, കാൾ സാഗൺ, ഇർവിൻ ഷ്രോഡിങ്ഗർ, ബ്രയാൻ ഗ്രീൻ, നീൽ ഡിഗ്രാസ് ടൈസൺ തുടങ്ങിയവരുടെ ശാസ്ത്രപുസ്തകങ്ങൾ വായിക്കുകയും വിശകലനം നടത്തുകയും ചെയ്തതിന്റെ ഭാഗമായി പുതിയ ചിന്തകൾ രൂപപ്പെട്ടുവരുകയും അവ ബ്ലോഗുകളിൽ എഴുതുകയും ചെയ്തു. പിന്നീട് അത് പുസ്തകരചനയിലേക്ക് നയിച്ചു.
ശാസ്ത്ര രചനക്കുമുമ്പുതന്നെ കോവിഡ് കാലത്ത് ഇംഗ്ലീഷ് ഫിക്ഷൻ വിഭാഗത്തിൽ രണ്ട് കൃതികൾ (ജെയിൻ മാർവല്ലോ സീരിസ്, ദ ലെജന്റ് ഓഫ് റെഡ് ടൊർണാഡോ) എഴുതിയിട്ടുണ്ടെങ്കിലും അവ പ്രസിദ്ധീകരിച്ചിരുന്നില്ല. കുട്ടികളിൽ ബഹിരാകാശ ഗവേഷണ താൽപര്യം വളർത്തുക എന്ന ഉദ്ദേശ്യത്തോടെ കാലിഡോസ്കോപ് വിദ്യാഭ്യാസ ചാനൽ നടത്തിയ സംസ്ഥാനതല മത്സരത്തിൽ 2023ൽ ആകാശ് മിത്ര പുരസ്കാരം ലഭിച്ചു. സംസ്ഥാന- ജില്ലതലങ്ങളിൽ മറ്റു നിരവധി സമ്മാനങ്ങളും നേടിയിട്ടുണ്ട്. കൊളത്തൂർ നാഷനൽ എൽ.പി സ്കൂൾ പ്രധാനാധ്യാപകൻ കെ.കെ. സുധീർ -പുലാമന്തോൾ ജി.എച്ച്.എസ്.എസ് ലാബ് അസിസ്റ്റന്റ് കെ. പ്രതിഭ എന്നിവരുടെ മകനാണ്. ഏക സഹോദരി എസ്. ഗൗരി നന്ദന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.