മാറഞ്ചേരി: കോൾ നിലങ്ങളിൽ സ്ഥിരസാന്നിധ്യവും, വിരുന്നെത്തുന്നതുമായ നീർപക്ഷി വർഗങ്ങളുടെ എണ്ണം ഗണ്യമായി കുറയുന്നതായി കണ്ടെത്തൽ. മുൻവർഷങ്ങളെ അപേക്ഷിച്ച് ഈ വർഷം പക്ഷികളുടെ എണ്ണത്തിൽ വലിയ കുറവാണ് കണ്ടത്തിയത്. ഏഷ്യൻ വാട്ടർബേഡ് സെൻസസിന്റെ ഭാഗമായി കോൾപ്പാടത്തെ പക്ഷിക്കൂട്ടായ്മയായ കോൾ ബേഡേഴ്സ് കലക്ടീവും കാർഷിക സർവകലാശാല വനശാസ്ത്ര കോളജും കാലാവസ്ഥ വ്യതിയാന പരിസ്ഥിതി ശാസ്ത്ര കോളജും സംയുക്തമായി നടത്തിയ സർവേയിലാണ് കണ്ടെത്തൽ.
എരണ്ടകൾ, വർണക്കൊക്ക്, ചേരാകൊക്കൻ, കരിയാള, ചിന്നമുണ്ടി, നീലക്കോഴി, നീർക്കാക്കകൾ തുടങ്ങിയവയുടെ എണ്ണത്തിൽ ഗണ്യമായ കുറവാണുണ്ടായിട്ടുള്ളത്. ചെറു മത്സ്യങ്ങൾ ഇല്ലാത്തതും, പരിസ്ഥിതി നാശവുമാണ് പക്ഷികളുടെ കുറവിന് കാരണമെന്നാണ് പക്ഷിനിരീക്ഷകരുടെ അഭിപ്രായം. തൃശ്ശൂർ-പൊന്നാനി കോൾനിലങ്ങളിൽ മാറഞ്ചേരി, ഉപ്പുങ്ങൽ എന്നിവക്ക് പുറമേ തൊമ്മാന, അടാട്ട്, മനക്കൊടി, പാലയ്ക്കൽ, ഏനമാവ്, പുല്ലഴി, മുള്ളൂർക്കായൽ, തൊട്ടിപ്പാൾ, കാഞ്ഞാണി തുടങ്ങിയ കോൾമേഖലകൾ കേന്ദ്രീകരിച്ചാണ് സർവേ നടത്തിയത്.
സർവേയിൽ 106 ഇനങ്ങളിലായി 13,697 നീർപ്പക്ഷികളെ കണ്ടെത്തി. ദീർഘദൂര ദേശാടകനായ കായൽപുള്ള്, കരിവാലൻ പുൽകുരുവി, മൂടിക്കാലൻ കുരുവി, വലിയപുള്ളിപ്പരുന്ത്, ഉപ്പൂപ്പൻ തുടങ്ങി പക്ഷികളെയും കോൾനിലങ്ങളിൽ കണ്ടെത്താനായി. കോരിച്ചുണ്ടൻ താറാവ്, വലിയ മീവൽക്കാട എന്നിവയുടെ സാന്നിധ്യവും കണ്ടെത്തി.
പുള്ളിക്കാടക്കൊക്ക്, കുളകൊക്ക്, കാലിമുണ്ടി, ചിന്ന മുണ്ടി, മഞ്ഞവാലുകുലുക്കി, ചെറിയ നീർക്കാക്ക, നീലക്കോഴി, പെരുമുണ്ടി, വർണക്കൊക്ക്, കുരുവി മണലൂതി, വെള്ള ഐബിസ്, കരിആള എന്നിവയെയാണ് കൂടുതൽ കണ്ടത്താനായത്.
മുതിർന്ന പക്ഷി നിരീക്ഷകനായ സി.പി. സേതുമാധവൻ, കെ. മനോജ്, ഷിനോ ജേക്കബ് കൂറ്റനാട്, അരുൺ ഭാസ്കരൻ, രാജൻ കാവിൽ എന്നിവരുടെ നേതൃത്വത്തിൽ മൂന്ന് സംഘങ്ങളായി നടത്തിയ സർവേയിൽ സിയാ ഉൾഹക്ക്, കെ. സുധ, ഹമീദ്, സന്തോഷ്, ശ്രീരാഗ്, രഞ്ജിത്ത്, ഡോക്ടർ ധന്യ ശ്രീജിത്ത്, നിരഞ്ജൻ, വിവേക് തുടങ്ങി നൂറിലധികം പേർ പങ്കെടുത്തു
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.