മലപ്പുറം സെന്‍റ് ജെമ്മാസ് സ്‌കൂളില്‍ അന്വേഷണത്തിനെത്തിയ വനിത കമീഷന്‍ അധ്യക്ഷ പി. സതീദേവിയും കമീഷൻ അംഗം ഇ.എന്‍. രാധയും സ്കൂളിൽനിന്ന് പുറത്തേക്ക് വരുന്നു

കെ.വി. ശശികുമാറിനെതിരെയുള്ള പീഡനക്കേസ്: സ്കൂള്‍ മാനേജ്‌മെന്‍റ് കമ്മിറ്റിയോട് വനിത കമീഷൻ വിശദീകരണം തേടും

മലപ്പുറം: മലപ്പുറം സെന്‍റ് ജെമ്മാസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ മുന്‍ അധ്യാപകനും നഗരസഭ കൗണ്‍സിലറുമായിരുന്ന കെ.വി. ശശികുമാറിനെതിരെയുള്ള പോക്‌സോ കേസിൽ സ്കൂള്‍ മാനേജ്‌മെന്‍റ് കമ്മിറ്റിയോടും കോര്‍പറേറ്റ് മാനേജ്‌മെന്‍റിനോടും വിശദീകരണം തേടുമെന്ന് വനിത കമീഷൻ അധ്യക്ഷ പി. സതിദേവി അറിയിച്ചു. പീഡന പരാതിയുടെ അടിസ്ഥാനത്തിൽ സ്കൂൾ സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അവർ. 30 വര്‍ഷത്തോളം ഇത്തരമൊരു സംഭവമുണ്ടായിട്ടും പരാതി ലഭിച്ചിരുന്നോ, ഉണ്ടെങ്കില്‍ എന്ത് നടപടി സ്വീകരിച്ചു തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിക്കും. സ്കൂളിന് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ അക്കാര്യവും പരിശോധിക്കും. പൂർവ വിദ്യാർഥികൾ കമീഷന് പരാതി നൽകിയതിന്‍റെ അടിസ്ഥാനത്തിലായിരുന്നു സന്ദർശനം. സംഭവത്തിൽ പൊലീസ് റിപ്പോർട്ടും സ്കൂൾ മാനേജ്മെൻറ് റിപ്പോർട്ടും ആവശ്യപ്പെടുമെന്നും ഇതിന്‍റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കുമെന്നും പി. സതീദേവി പറഞ്ഞു. കമീഷന്‍ അംഗം ഇ.എം. രാധയും ഒപ്പമുണ്ടായിരുന്നു.

വെള്ളിയാഴ്ച 12ഓടെയാണ് കമീഷൻ സംഘം സ്കൂൾ സന്ദർശിച്ചത്. തുടര്‍ന്ന് പ്രധാനാധ്യാപികയോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. പുതുതായി ചുമതല ഏറ്റെടുത്ത പ്രധാനാധ്യാപികക്ക് മുമ്പ് നടന്ന കാര്യങ്ങള്‍ കൃത്യമായ അറിവില്ലാത്തതിനാല്‍ മുമ്പ് പ്രധാനാധ്യാപകരായി ജോലി ചെയ്തിരുന്നവരിൽനിന്ന് കൂടി വനിത കമീഷന്‍ വിശദീകരണം തേടും. ജില്ല പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച മെഗാ അദാലത്തിന് ശേഷമായിരുന്നു സ്കൂള്‍ സന്ദര്‍ശനം. 34 പരാതികളാണ് അദാലത്തില്‍ പരിഗണിച്ചത്. ഇതില്‍ ആറ് പരാതികള്‍ തീര്‍പ്പാക്കി. സമൂഹ മാധ്യമങ്ങളിലൂടെ ഉയര്‍ന്ന ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ ഈ മാസം ഒമ്പതിന് കെ.വി. ശശികുമാര്‍ നഗരസഭ കൗൺസിലർ സ്ഥാനം രാജിവെച്ചിരുന്നു. തുടര്‍ന്ന് ഒളിവില്‍ പോയ അദ്ദേഹത്തെ പൊലീസ് വയനാട് മുത്തങ്ങയിലെ സ്വകാര്യ റിസോര്‍ട്ടില്‍ നിന്നാണ് പിടികൂടിയത്.  

വിദ്യാഭ്യാസ വകുപ്പും അന്വേഷണം തുടങ്ങി

മലപ്പുറം: പോക്‌സോ കേസില്‍ മുന്‍ അധ്യാപകനും കൗണ്‍സിലറുമായിരുന്ന കെ.വി. ശശികുമാര്‍ അറസ്റ്റിലായ സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പും അന്വേഷണം ആരംഭിച്ചു. മലപ്പുറം ഉപവിദ്യാഭ്യാസ ഡയറക്ടർ കെ.എസ്. കുസുമം സെന്‍റ് ജെമ്മാസ് സ്കൂളിലെത്തി വിവരങ്ങൾ തേടി.

പ്രധാനാധ്യാപികയിൽ നിന്ന് പ്രാഥമിക വിവരങ്ങൾ ശേഖരിച്ചു. സ്കൂളിന് വീഴ്ച സംഭവിച്ചോ എന്നത് സംബന്ധിച്ച് അന്വേഷിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻബാബുവിനെ വിദ്യാഭ്യാസവകുപ്പ് ചുമതലപ്പെടുത്തിയിരുന്നു. വകുപ്പിന്‍റെ നിര്‍ദേശ പ്രകാരമായിരുന്നു ഡി.ഡി.ഇ സ്കൂളിലെത്തിയത്. വെള്ളിയാഴ്ച രാവിലെ 11ഓടെയായിരുന്നു പരിശോധന. പൊതു വിദ്യാഭ്യാസ വകുപ്പിന് വിശദ റിപ്പോര്‍ട്ട് സമർപ്പിക്കും.

Tags:    
News Summary - The Women's Commission will seek an explanation from the School Management Committee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.