മലപ്പുറം: കെട്ടിക്കിടക്കുന്ന ഡ്രൈവിങ് ടെസ്റ്റ് അപേക്ഷകൾ യുദ്ധകാലാടിസ്ഥാനത്തിൽ തീർപ്പാക്കുമെന്ന ഗതാഗതമന്ത്രിയുടെ പ്രഖ്യാപനം പാഴ്വാക്കായി. ജില്ലയിൽ, ഡ്രൈവിങ് ടെസ്റ്റിന് അപേക്ഷിച്ച് കാത്തിരിക്കുന്നത് 60,000ത്തോളം പേരാണ്. അപേക്ഷ തീർപ്പാക്കാൻ മോട്ടോർ വാഹന വകുപ്പിന്റെ എൻഫോഴ്സ്മെന്റ് വിഭാഗത്തിൽനിന്ന് ഉദ്യോഗസ്ഥരെ നിയോഗിക്കുമെന്നാണ് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ വ്യക്തമാക്കിയിരുന്നത്. എന്നാൽ, ഇതുകൊണ്ട് ജില്ലയിൽ പ്രയോജനമുണ്ടായില്ല.
എൻഫോഴ്സ്മെന്റിൽനിന്നും ഒരു എം.വി.ഐയേയും ഒരു എ.എം.വി.ഐയേയും മാത്രമാണ് ജില്ലയിലെ വിവിധ സബ് ആർ.ടി ഓഫിസുകളിലേക്ക് ഡ്രൈവിങ് ടെസ്റ്റ് ജോലിക്ക് നിയോഗിച്ചിട്ടുള്ളത്. മലപ്പുറത്ത് നാലു ദിവസവും മറ്റു ആറ് സബ് ആർ.ടി ഓഫിസുകളിൽ രണ്ടു ദിവസവും മാത്രമേ എൻഫോഴ്സ്മെന്റ് വിഭാഗം ടെസ്റ്റിന് എത്തുന്നുള്ളൂ. കെട്ടിക്കിടക്കുന്ന ആയിരക്കണക്കിന് അപേക്ഷകൾ തീർക്കാൻ ഇതുകൊണ്ട് സാധ്യമായിട്ടില്ല. ഒരു എം.വി.ഐക്ക് ദിവസം 40 ടെസ്റ്റുകൾ നടത്താൻ മാത്രമേ അനുവാദമുള്ളൂ.
മലപ്പുറം സബ് ആർ.ടി ഓഫിസിന്റെ പരിധിയിൽ 9000വും തിരൂർ സബ് ആർ.ടി ഓഫിസ് പരിധിയിൽ 7000വും അപേക്ഷ കെട്ടിക്കിടക്കുന്നുണ്ട്. നിലമ്പൂർ, പെരിന്തൽമണ്ണ അടക്കം മറ്റു സബ് ആർ.ടി ഓഫിസുകളിലും അപേക്ഷകരുടെ ബാഹുല്യമുണ്ട്. ലേണേഴ്സ് പാസായി ഡ്രൈവിങ് ടെസ്റ്റിന് കാത്തിരിക്കുന്നവർക്ക് 90 ദിവസം കഴിഞ്ഞിട്ടും സ്ലോട്ട് കിട്ടുന്നുമില്ല.
ലേണേഴ്സ് പരീക്ഷക്ക് അപേക്ഷിക്കുന്നവർക്കും സ്ലോട്ട് കിട്ടാൻ ഒരു മാസത്തിലധികം കാത്തിരിക്കണം. എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടും കെട്ടിക്കിടക്കുന്ന അപേക്ഷ തീർപ്പാക്കാൻ കഴിഞ്ഞില്ല. ഉദ്യോഗസ്ഥർ കുറവുള്ളതിനാൽ കൂടുതൽ ഡ്രൈവിങ് ടെസ്റ്റിന് ബാച്ചുകളെ നിയോഗിക്കാൻ സാധ്യമല്ലെന്നാണ് ആർ.ടി.ഒ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.