തിരൂർ: അർബുദ രോഗത്തിനുള്ള വിദഗ്ധ ചികിത്സക്കായി തിരൂർ ജില്ല ആശുപത്രിയിൽ നിർമിച്ച പുതിയ ഓങ്കോളജി കെട്ടിടം തുറന്നുകൊടുക്കുന്നതിന്റെ മുന്നോടിയായി യന്ത്രങ്ങൾ സ്ഥാപിക്കാൻ കിഫ്ബി വഴി ഫണ്ട് അനുവദിക്കാൻ സർക്കാറിൽ വീണ്ടും ആവശ്യമുന്നയിക്കാൻ ജില്ല ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി യോഗം തീരുമാനിച്ചു.
ജില്ല ആശുപത്രി വളപ്പിലുള്ള പഴയ കെട്ടിടങ്ങൾ പൊളിച്ചുമാറ്റാനും പാർക്കിങ് സൗകര്യം വർധിപ്പിക്കാനും യോഗം തീരുമാനിച്ചു. ജില്ല ആശുപത്രി വളപ്പിൽ ചുറ്റുമതിൽ, ഇന്റർലോക്ക്, സ്ത്രീകളുടെയും കുട്ടികളുടെയും കെട്ടിടത്തിന് റാമ്പ് കവറിങ് എന്നിവക്കായി ജില്ല പഞ്ചായത്ത് അനുവദിച്ച 90 ലക്ഷം രൂപയുടെ നിർമാണ പ്രവർത്തനങ്ങളും യോഗം വിലയിരുത്തി.
ആശുപത്രിയിലെ മോഡുലാർ ഓപറേഷൻ തിയറ്റർ ഉദ്ഘാടനം വിപുലമായ രീതിയിൽ നടത്തും. രണ്ട് കോടി രൂപ ചെലവിൽ നിർമിച്ച അത്യാധുനിക മോഡുലാർ ഓപറേഷൻ തിയറ്ററിന്റെ ഉദ്ഘാടനം ആഗസ്റ്റ് 25നാണ്. ആശുപത്രിയിലെ ഓപറേഷൻ തിയറ്റർ രണ്ട് വർഷം മുമ്പ് തീപിടിത്തത്തിൽ നശിച്ചതിനെ തുടർന്നാണ് പുതിയത് നിർമിച്ചത്.
പ്രമേഹമുൾപ്പെടെ ജീവിത ശൈലീ രോഗങ്ങൾ നിയന്ത്രിക്കാൻ 15ാമത് കേന്ദ്ര ധനകാര്യ കമീഷന്റെ 45 ലക്ഷം രൂപ ഗ്രാൻഡ് ഉപയോഗിച്ച് 360 ഡിഗ്രി മെറ്റബോളിക് സെന്റർ തുടങ്ങാനുള്ള പ്രവർത്തനങ്ങൾ ഉൾപ്പെടെ ജില്ല ആശുപത്രിയിലെ വികസന പ്രവർത്തനങ്ങൾ ഊർജിതമാക്കാനും ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി യോഗം തീരുമാനിച്ചു.
യോഗത്തിൽ കുറുക്കോളി മൊയ്തീൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ, ജില്ല പഞ്ചായത്ത് അംഗങ്ങൾ, സെക്രട്ടറി, എച്ച്.എം.സി അംഗങ്ങൾ, ഡോക്ടർമാർ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.