മ​ല​പ്പു​റം ന​ഗ​ര​സ​ഭ വ​നി​ത​ക​ൾ​ക്കാ​യി ഒ​രു​ക്കു​ന്ന ഹെ​ൽ​ത്ത് ക്ല​ബ് 

ഇ​ന്ന് ലോ​കാ​രോ​ഗ്യ​ദി​നം: ആ​യു​രാ​രോ​ഗ്യ​സൗ​ഖ്യ മ​ല​പ്പു​റം

ജനങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം ഉറപ്പാക്കാൻ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങൾ ആരംഭിച്ചതും നടപ്പാക്കാനൊരുങ്ങുന്നതുമായ നൂതന പദ്ധതികളിലൂടെ... മലപ്പുറത്ത് ഹെൽത്ത് ക്ലബ്, സൈക്കോളജിക്കൽ ക്ലിനിക്ക്

മലപ്പുറം: വനികൾക്ക് ആരോഗ്യമുള്ള മനസ്സും ശരീരവും പ്രദാനം ചെയ്യാനും ജീവിതശൈലി രോഗങ്ങളെ അകറ്റിനിർത്താനുമായി മലപ്പുറം നഗരസഭ സ്ഥാപിച്ച ഹെൽത്ത് ക്ലബ് മേയിൽ പ്രവർത്തനം തുടങ്ങും. കോട്ടപ്പടി മുനിസിപ്പൽ ബസ് സ്റ്റാൻഡ് കെട്ടിടത്തിലാണ് ജിംനേഷ്യം ഒരുക്കുന്നത്. 2022-23 വാർഷിക പദ്ധതിയിൽ 38 ലക്ഷം രൂപ ചെലവഴിച്ചാണ് നിർമാണം. ഉപകരണങ്ങൾക്കു മാത്രമായി 14 ലക്ഷം രൂപ ചെലവഴിച്ചു.

സെൻട്രലൈസ്ഡ് എയർകണ്ടീഷൻ, സുംബ സ്റ്റുഡിയോ, സ്റ്റീം ബാത്ത് എന്നിവയടക്കം ആധുനിക സൗകര്യങ്ങളോടെയുള്ള ഹെൽത്ത് ക്ലബാണ് സജ്ജമാക്കുന്നത്. 60 വയസ്സിനു മുകളിൽ പ്രായമുള്ള സ്ത്രീകൾക്ക് തീർത്തും സൗജന്യമാണ്. വിവിധ കായിക മത്സരത്തിനു തയാറാകുന്ന നഗരസഭ പരിധിയിലെ വിദ്യാർഥിനികൾക്കും ബി.പി.എൽ കുടുംബത്തിലെ മറ്റു വനിതകൾക്കും സൗജന്യ നിരക്കിലും സൗകര്യങ്ങൾ ലഭ്യമാകും. നടത്തിപ്പവകാശം കുടുംബശ്രീക്കു നൽകാൻ ആലോചനയുണ്ട്. നഗരവാസികളുടെ മാനസികോല്ലാസം ഉറപ്പുവരുത്താൻ സൈക്കോളജിക്കൽ ക്ലിനിക് തുടങ്ങും.

പുൽപ്പറ്റയിൽ വീടിനകത്ത് ഭിന്നശേഷി സൗഹൃദ ശുചിമുറി

പുൽപ്പറ്റ: പഞ്ചായത്തിലെ കിടപ്പിലായ ഭിന്നശേഷിക്കാരായ രോഗികൾക്ക് വീടിനകത്ത് തന്നെ ഭിന്നശേഷി സൗഹൃദ ശുചിമുറി നിർമിക്കാൻ 50,000 രൂപ വരെ നൽകാൻ പദ്ധതി തയാറാക്കി. പഞ്ചായത്തിൽ ഒമ്പത് പേരാണുള്ളത്. ഇതിൽ ഒരാൾക്ക് പണം നൽകി.

ബാക്കിയുള്ളവർക്ക് പരിശോധനക്ക് ശേഷം നൽകുമെന്ന് പ്രസിഡന്‍റ് പറഞ്ഞു. ജില്ലയിൽ മറ്റു തദ്ദേശ സ്ഥാപനങ്ങളൊന്നും ഇതുവരെ നടപ്പാക്കിയിട്ടില്ലെന്ന് പ്രസിഡന്‍റ് പി.സി. അബ്ദുറഹ്മാൻ അവകാശപ്പെട്ടു.

മഞ്ചേരിയിൽ മിനി ഡയാലിസിസ് സെന്‍റർ

മഞ്ചേരി: നഗരസഭയുടെ വേട്ടേക്കോടോ മംഗലശ്ശേരിയിലോ ഉള്ള ഹെൽത്ത് സെന്‍ററുകളിൽ മിനി ഡയാലിസിസ് സെന്‍റർ സ്ഥാപിക്കാൻ ബജറ്റിൽ തുക നീക്കിവെച്ചു. ഇത് സാധാരണക്കാരായ രോഗികൾക്ക് ഏറെ ഗുണം ചെയ്യും. മെഡിക്കൽ കോളജിൽ ഡയാലിസിസ് ചെയ്യാനെത്തുന്ന രോഗികളുടെ എണ്ണം വർധിച്ച് വരുന്ന സാഹചര്യത്തിലാണ് പദ്ധതി തയാറാക്കിയത്.

നിലമ്പൂരിൽ ജീവാമൃതും ഇ-ഹെൽത്തും

നിലമ്പൂർ: ആരോഗ‍്യരംഗത്ത് ജീവാമൃതം, ഇ-ഹെൽത്ത് എന്നീ നൂതനമായ പദ്ധതിയുമായി നിലമ്പൂർ നഗരസഭ. കിടപ്പിലായ രോഗികൾക്ക് സഹായം എത്തിക്കുന്നതോടൊപ്പം രോഗാവസ്ഥ നിർണയിക്കുന്നതിന് സൗജന‍്യമായി സൂപ്പർ സ്പെഷാലിറ്റി മെഡിക്കൽ ക‍്യാമ്പുകളും ബോധവത്കരണ ക‍്യാമ്പുകളും നടത്തും. എല്ലാ വാർഡുകളിലും കൗൺസിലർ ചെയർമാനായി പാലിയേറ്റിവ് കമ്മിറ്റികൾ രൂപവത്കരിക്കും. പരിചരണമാവശ്യമുള്ള രോഗികളെ കണ്ടെത്തും. വാട്ടർ ബെഡ്, വീൽ ചെയർ, വാക്കിങ് സ്റ്റിക്ക്, രക്തസമ്മർദം, പ്രമേഹം നോക്കാനുള്ള ഉപകരണങ്ങൾ എന്നിവ നഗരസഭയിലെ ഏഴ് ആരോഗ‍്യ സബ്‌ സെന്‍ററുകളിലും വാങ്ങും. രോഗികൾക്ക് ഇവ വിതരണം ചെയ്യും. നഗരസഭയിൽ താമസക്കാരായ ഡോക്ടർമാർ, വിരമിച്ച ഡോക്ടർമാർ, നഴ്‌സുമാർ എന്നിവരുടെ സഹായത്തോടെയാണ് പദ്ധതി.

നഗരസഭയിലെ മുഴുവൻ ഡിവിഷനുകളിലും സൂപ്പർ സ്പെഷാലിറ്റി മെഡിക്കൽ ക‍്യാമ്പുകൾ നടത്തി രോഗികളുടെ എല്ലാ വിവരവും ഉൾപ്പെടുന്ന കാർഡ് നൽകുന്ന പദ്ധതിയാണ് ഇ-ഹെൽത്ത്. മെഡിക്കൽ കോളജിൽ ഉൾപ്പെടെ എല്ലാ സർക്കാർ ആശുപത്രികളിലും ഇ-ഹെൽത്ത് കാർഡ് ഉപയോഗിച്ച് ചികിത്സ നേടാം. കാർഡിൽ രോഗിയുടെ എല്ലാവിവരവും ഉൾപ്പെടുത്തുന്നതിനാൽ തുടർ ചികിത്സ എളുപ്പത്തിൽ സാധ‍്യമാവും. ആരോഗ‍്യപ്രവർത്തകർ, ആശ വർക്കർമാർ എന്നിവരുടെ സഹായത്തോടെ നഗരസഭയിലെ മുഴുവൻ രോഗികളുടെയും സർവേ പൂർത്തീകരിച്ച് കഴിഞ്ഞിട്ടുണ്ട്. മേയിൽ പദ്ധതി ഉദ്ഘാടനം ചെയ്യുമെന്ന് ആരോഗ‍്യ സ്ഥിരം സമിതി അധ്യക്ഷൻ കെ. റഹീം പറഞ്ഞു.

പൊന്നാനിയിൽ മാനസിക വെല്ലുവിളിക്ക് ചികിത്സയും പുനരധിവാസവും

പൊന്നാനി: തെരുവിൽ അലഞ്ഞുതിരിഞ്ഞ് നടക്കുന്ന മാനസിക വെല്ലുവിളി നേരിടുന്നവർക്ക് സംസ്ഥാനത്ത് ആദ്യമായി അടിയന്തര ചികിത്സ നൽകി പുനരധിവാസ കേന്ദ്രമൊരുക്കാൻ പൊന്നാനി നഗരസഭ. നഗരസഭയുടെയും ചെന്നൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ദി ബന്യൻ, പൊന്നാനി ശാന്തി പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ എന്നീ സന്നദ്ധ സംഘടനകളുടെയും സംയുക്താഭിമുഖ്യത്തിലാണ് എമർജൻസി കെയർ ആൻഡ് റികവറി സെന്‍റർ പ്രവർത്തിക്കുക. പുനരധിവാസവും ചികിത്സയും ഉറപ്പാക്കാനുള്ളതാണ് കേന്ദ്രം. കേന്ദ്രത്തിൽ ഡോക്ടർ, സ്റ്റാഫ് നഴ്സ്, മനോരോഗ വിദഗ്ധൻ എന്നിവരുടെ സേവനവും ലഭ്യമാകും.

രോഗം ഭേദമാകുന്നത് വരെ പരിചരണം നൽകിയ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ലഹരി ഉപയോഗം മൂലം മാനസിക വിഭ്രാന്തി പ്രകടിപ്പിക്കുന്നവരെയും കേന്ദ്രത്തിൽ പുനരധിവസിപ്പിക്കാനാണ് തീരുമാനം. പൊന്നാനി ചന്തപ്പടിയിൽ സൗജന്യമായി വിട്ടുനൽകിയ വീട്ടിലാണ് കേന്ദ്രം പ്രവർത്തിക്കുക. ഏകദേശം മൂന്ന് ലക്ഷം രൂപ ചെലവിൽ അറ്റകുറ്റപ്പണി നടത്തി മേയിൽ പ്രവർത്തനമാരംഭിക്കാനാണ് നഗരസഭ തീരുമാനം.

സർവ ജീവജാലങ്ങളുടെയും സംരക്ഷണം ഉറപ്പാക്കണം-ഡോ. ​ആ​ർ. രേ​ണു​ക (ഡി.​എം.​ഒ)
ഈ വർഷത്തെ ലോകാരോഗ്യ ദിനത്തിന്‍റെ സന്ദേശം 'നമ്മുടെ ഭൂമി നമ്മുടെ ആരോഗ്യം' എന്നതാണ്. മനുഷ്യന്‍റെ ആരോഗ്യവും നിലനിൽപ്പും ഉറപ്പാക്കാൻ ഭൂമിയിലെ സർവ ജീവജാലങ്ങളുടെയും സംരക്ഷണവും ഉറപ്പാക്കണം. ഏകലോകം, ഏകാരോഗ്യം എന്നതാണ് ലോകാരാരോഗ്യ സംഘടനയുടെ മുദ്രാവാക്യം. നേരത്തെ നിർമാർജനം ചെയ്ത രോഗങ്ങൾ പലതും തിരിച്ചുവരുന്നത് നമ്മൾ കണ്ടു. കൂടാതെ നിപ, കോവിഡ് പോലുള്ള പുതിയ രോഗങ്ങളും ലോകത്ത് വ്യാപിക്കുന്നു. മനുഷ്യനും മൃഗങ്ങളും പ്രകൃതിയും അസന്തുലിതാവസ്ഥയിലായാൽ പരിസ്ഥിതി മാറ്റങ്ങളും കാലാവസ്ഥ വ്യതിയാനവും മനുഷ്യന്‍റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നതിന് കാരണമാകും. മനുഷ്യ ജീവിതം മുന്നോട്ടുപോകണമെങ്കിൽ പ്രകൃതിയും പരിസ്ഥിതിയും സംരക്ഷിച്ച് മുന്നോട്ടുപോകണം.
Tags:    
News Summary - Today is World Health Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.