കരുവാരകുണ്ട്: മലയോര ഗ്രാമത്തിന്റെ വിനോദസഞ്ചാര വികസനസാധ്യത പഠിക്കാൻ ഉന്നത ഉദ്യോഗസ്ഥ സംഘം സന്ദർശനം നടത്തി. ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ പത്മകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കഴിഞ്ഞദിവസം കരുവാരകുണ്ടിലെത്തിയത്. ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിന് കീഴിലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളായ കേരളാംകുണ്ട്, ചേറുമ്പ് ഇക്കോ ടൂറിസം വില്ലേജ് എന്നിവിടങ്ങളിലാണ് സംഘമെത്തിയത്. കേരളാംകുണ്ട് വെള്ളച്ചാട്ടം മേഖല വികസിപ്പിക്കണമെന്നത് നാളുകളായുള്ള ആവശ്യമാണ്.
അതിനിടെ പ്രളയത്തിൽ ഏറെ നാശങ്ങളുമുണ്ടായി. സമീപത്തെ സ്ഥലങ്ങൾ വിട്ടുകിട്ടുകയോ 20 വർഷത്തേക്ക് പാട്ടത്തിന് ലഭിക്കുകയോ ചെയ്താൽ കേരളാംകുണ്ടിൽ കണ്ണാടിപ്പാലം ഉൾപ്പെടെയുള്ള വിവിധ പദ്ധതികൾ പരിഗണനയിലുണ്ട്. ഇപ്രകാരമായാൽ ഫണ്ട് ലഭിക്കും. പ്രളയത്തിൽ കേടുപാട് സംഭവിച്ചതിനെ തുടർന്ന് സന്ദർശകർ കുറഞ്ഞ ഇക്കോ വില്ലേജും ഇതിനോടൊപ്പം നവീകരിക്കേണ്ടതുണ്ട്.
ഇതിന് പുറമെ പാന്ത്ര മദാരിക്കുണ്ട് കേന്ദ്രീകരിച്ച് പദ്ധതികൾ കൊണ്ടുവരാനും ആലോചനയുണ്ട്. സ്ഥലങ്ങൾ സന്ദർശിച്ച സംഘം ഗ്രാമപഞ്ചായത്ത് അധികൃതരുമായി കൂടിക്കാഴ്ച നടത്തി. പദ്ധതികൾ തയ്യാറാക്കി റിപ്പോർട്ട് ടൂറിസം വകുപ്പിന് സമർപ്പിച്ചേക്കും. ഡി.ടി.പി.സി സെക്രട്ടറി വിപിൻ ചന്ദ്രയും കൂടെയുണ്ടായിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പൊന്നമ്മ, വൈസ് പ്രസിഡന്റ് മഠത്തിൽ ലത്തീഫ്, സ്ഥിരം സമിതി അധ്യക്ഷരായ ഷീന ജിൽസ്, ഷീബ പള്ളിക്കുത്ത്, ടി.കെ. ഉമ്മർ, സി.പി.എം ലോക്കൽ സെക്രട്ടറി കെ.കെ. ജയിംസ്, ഒ.പി. ഇസ്മായിൽ തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.