നിലമ്പൂർ: അന്തർ സംസ്ഥാനപാതയായ കെ.എൻ.ജി റോഡിൽ വഴിക്കടവ് ആനമറി മുതൽ തമിഴ്നാട് നാടുകാണി വരെ മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്ക്. നാടുകാണി ടോൾ ചെക്പോസ്റ്റ് മുതൽ കേരള അതിർത്തിയും കടന്ന് അത്തിക്കുറുക്ക് വരെ ഏഴ് കിലോമീറ്ററിലധികം വാഹനങ്ങൾ കുരുക്കിൽപ്പെട്ട് കിടന്നു. ഞായറാഴ്ച പുലർച്ചെ മൂന്നരയോടെ വഴിക്കടവ് മോട്ടോർ വാഹന ചെക്പോസ്റ്റിൽ അനുഭവപ്പെട്ട കുരുക്ക് രാവിലെ ഒമ്പതോടെയാണ് അവസാനിച്ചത്. പെരുന്നാൾ ദിനത്തിൽ കേരളത്തിൽ നിന്ന് തമിഴ്നാട്ടിലേക്ക് പുറപ്പെട്ട വിനോദസഞ്ചാരികളിൽ പലരും കുരുക്ക് മൂലം ചുരത്തിൽ നിന്ന് മടങ്ങി. ടൂറിസ്റ്റ് ബസുകളും അന്തർസംസ്ഥാന കെ.എസ്.ആർ.ടി.സി ബസുകളും മണിക്കൂറുകളോളം കുരുക്കിൽപ്പെട്ടു. വഴിക്കടവിലെ മോട്ടോർവാഹന ചെക്പോസ്റ്റിൽ പെർമിറ്റ് എടുക്കാനും നാടുകാണിയിലുള്ള ചെക്ക്പോസ്റ്റിൽ ടോൾ നൽകാനുമായി വാഹനങ്ങൾ നിർത്തിയിടേണ്ടി വന്നതാണ് കുരുക്കിന് കാരണമായത്. രണ്ട് തവണയായി ഏഴ് മണിക്കൂറുകളോളം കുരുക്കനുഭവപ്പെട്ടു.
വഴിക്കടവ് പൊലീസെത്തി പഞ്ചായത്ത് സ്റ്റോപ്പിൽ നിന്ന് പൊലീസ് സ്റ്റേഷൻ റോഡ് വഴി ചെറിയ വാഹനങ്ങൾ കടത്തിവിട്ട് രാവിലെ ഒമ്പതോടെ കുരുക്ക് ഒഴിവാക്കി. മോട്ടോർ വാഹന ചെക്ക്പോസ്റ്റിൽ മതിയായ സംവിധാനമില്ലാത്തതിനാലും ജീവനക്കാരുടെ കുറവും മൂലം രേഖകൾ ശരിയാക്കാൻ സമയം എടുക്കുന്നതാണ് ഗതാഗതതടസ്സത്തിന് കാരണം. ഒരു വാഹനത്തിന് പെർമിറ്റ് നൽകുന്നതിന് 15 മിനിറ്റോളം സമയമെടുക്കുന്നു. രണ്ട് കമ്പ്യൂട്ടർ മാത്രമാണ് ഇവിടെയുള്ളത്. നെറ്റ് സംവിധാനവും കാര്യക്ഷമമമല്ല. അവധി ദിനങ്ങളിലെല്ലാം ഇവിടെ കുരുക്ക് പതിവാണ്. തമിഴ്നാടിന്റെ നാടുകാണി ടോൾ ചെക്പോസ്റ്റ് 24 മണിക്കൂറുമുണ്ട്. ടോൾ നൽകുന്നതിന് ഇവിടെ വാഹനങ്ങൾ നിർത്തിയിടുന്നത് പതിവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.