തിരൂർ: ജില്ലയിൽ നേരത്തേയുണ്ടായിരുന്ന ട്രെയിനുകളുടെ സ്റ്റോപ്പുകൾ പുനഃസ്ഥാപിക്കാനും മറ്റ് ട്രെയിനുകൾക്ക് പുതിയ സ്റ്റോപ് അനുവദിക്കാനുമുള്ള തീരുമാനത്തിൽ പരക്കെ ആഹ്ലാദം. പരപ്പനങ്ങാടി, തിരുനാവായ, തിരൂർ, കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനുകളിലാണ് വിവിധ ട്രെയിനുകൾക്ക് സ്റ്റോപ് അനുവദിച്ചത്. വിവിധ സംഘടന, പാർട്ടി പ്രതിനിധികൾ തീരുമാനത്തിൽ ആഹ്ലാദം പങ്കുവെച്ചു.
ജില്ലയിൽ നേരത്തേയുണ്ടായിരുന്ന ട്രെയിനുകൾക്ക് സ്റ്റോപ്പുകൾ പുനഃസ്ഥാപിക്കാനും മറ്റ് ട്രെയിനുകൾക്ക് പുതിയ സ്റ്റോപ് അനുവദിക്കാനും നിരന്തര ഇടപെടൽ നടത്തിയിരുന്നു. പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ യശ്വന്ത്പൂർ എക്സ്പ്രസിനും തിരുനാവായ റെയിൽവേ സ്റ്റേഷനിൽ ഷൊർണൂർ-കണ്ണൂർ മെമു എക്സ്പ്രസിനും പുതിയ സ്റ്റോപ് അനുവദിച്ചും കുറ്റിപ്പുറത്ത് മലബാർ എക്സ്പ്രസിന്റെയും തിരൂരിൽ മാവേലി എക്സ്പ്രസിന്റെയും സ്റ്റോപ് പുനഃസ്ഥാപിച്ചുമാണ് റെയിൽവേ മന്ത്രാലയം ഉത്തരവിറക്കിയത്.
തിരൂർ: തിരുനാവായ ഗ്രാമപഞ്ചായത്ത് ആയുഷ് ആയുർവേദ ഡിസ്പെൻസറിക്ക് സ്വന്തം കെട്ടിടം നിർമിക്കാൻ ജില്ല പഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ 50 ലക്ഷം രൂപ അനുവദിച്ചു. ജില്ല പഞ്ചായത്ത് തിരുനാവായ ഡിവിഷൻ അംഗം ഫൈസൽ എടശ്ശേരിയാണ് മികച്ച സൗകര്യങ്ങളോടെ ആയുർവേദ ഡിസ്പെൻസറിക്ക് തുക അനുവദിച്ചത്.
തിരുനാവായ ഗ്രാമപഞ്ചായത്തിനാണ് പദ്ധതി നടത്തിപ്പ് ചുമതല. ഗ്രാമപഞ്ചായത്ത് വിഹിതമായി 10 ലക്ഷം രൂപ കൂടി കൂട്ടിച്ചേർത്ത് 60 ലക്ഷം രൂപ വകയിരുത്തിയാണ് കെട്ടിടം നിർമിക്കുക.
നിർമാണം ഈ വർഷം തന്നെ ആരംഭിക്കും. ഇതോടെ 10 വർഷത്തിലധികമായി വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഡിസ്പെൻസറി അടുത്തവർഷം മുതൽ സ്വന്തം കെട്ടിടത്തിലേക്ക് മാറും. ഇതിനായി നേരത്തേ ഫൈസൽ എടശ്ശേരിയുടെ തന്നെ ഇടപെടലിനെ തുടർന്ന് അവസാന കാരത്തൂരിൽ കരിങ്കപ്പാറ തറേങ്ങൽ കുഞ്ഞിമോൻ ഹാജി സൗജന്യമായി നാല് സെന്റ് ഭൂമി പഞ്ചായത്തിന് വിട്ടുനൽകിയിരുന്നു. ഇവിടെയാണ് പുതിയ കെട്ടിടം യഥാർഥ്യമാവുക.
ഡിസ്പെൻസറിയിലേക്ക് വാഹന ഗതാഗതത്തിനുവേണ്ട സ്ഥലം ചീനിയത്ത് ബാവ ഹാജിയും വിട്ടുനൽകിയിട്ടുണ്ട്. നിലവിൽ അവസാന കാരത്തൂരിലെ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ആയുർവേദ ഡിസ്പെൻസറിയിൽ വയോജനങ്ങൾ ഉൾപ്പെടെ ദിവസേന നൂറുകണക്കിനാളുകളാണ് എത്തുന്നത്. മികച്ച സൗജന്യ ചികിത്സയും ഗുണമേന്മയുള്ള മരുന്നുകളും ലഭിക്കുന്ന ഡിസ്പെൻസറി അസൗകര്യങ്ങളിൽ വീർപ്പുമുട്ടുകയാണ്.
പുതിയ കെട്ടിടത്തിന് തുക വകയിരുത്തിയതോടെ ഇവിടെ എത്തുന്ന രോഗികളുടെയും തിരുനാവായ നിവാസികളുടെയും ഏറെ കാലത്തെ അഭിലാഷമാണ് സാക്ഷാത്കരിക്കപ്പെടുന്നത്. സ്ഥലം ലഭ്യമാവുന്ന മുറക്ക് തിരുനാവായ ഹോമിയോ ഡിസ്പെൻസറിക്കും ആവശ്യമായ തുക അനുവദിക്കുമെന്ന് ഫൈസൽ എടശ്ശേരി അറിയിച്ചു.
യശ്വന്ത്പൂർ എക്സ്പ്രസിന് പരപ്പനങ്ങാടിയിൽ സ്റ്റോപ് അനുവദിക്കുകയെന്നത് വളരെ കാലമായുള്ള ആവശ്യമാണ്. ഷൊർണൂർ-കണ്ണൂർ സർവിസ് ആരംഭിച്ച സമയത്ത് തിരുനാവായ ഒഴികെ എല്ലാ സ്റ്റേഷനുകളിലും സ്റ്റോപ് അനുവദിച്ചിരുന്നു.
-ഇ.ടി. മുഹമ്മദ് ബഷീർ, എം.പി
കോവിഡ് കാലത്ത് തിരൂരിൽ സ്റ്റോപ് നിർത്തലാക്കിയ തിരുവനന്തപുരം-മംഗലാപുരം മാവേലി എക്സ്പ്രസിന് റെയിൽവേ സ്റ്റോപ് പുനഃസ്ഥാപിച്ച് ഉത്തരവിറക്കിയിട്ടുണ്ട്. സ്റ്റോപ് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നേരത്തേ കേന്ദ്ര റെയിൽവേ മന്ത്രിയെ നേരില്കണ്ട് കത്ത് നൽകിയിരുന്നു. ജില്ലയിലെ പ്രധാന കേന്ദ്രമായ തിരൂരിൽ സ്റ്റോപ്പില്ലാത്തത് ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചിരുന്നു.
-വി. അബ്ദുറഹ്മാൻ സംസ്ഥാന റെയിൽവേ മന്ത്രി
കോവിഡ് കാലത്ത് നിർത്തലാക്കിയ തിരുവനന്തപുരത്തുനിന്ന് മംഗലാപുരത്തേക്ക് പോവുന്ന മാവേലി എക്സ്പ്രസിന് തിരൂരിൽ സ്റ്റോപ് അനുവദിക്കുന്നതിൽ നിരന്തരം ഇടപെടൽ നടത്തിയിരുന്നു. ഏറെ സമ്മർദത്തിനൊടുവിലാണ് മാവേലിക്ക് തിരൂരിൽ സ്റ്റോപ് പുനഃസ്ഥാപിച്ചത്.
-എ.കെ.എ. നസീർ, സതേൺ റെയിൽവേ യൂസേഴ്സ് കമ്മിറ്റി അംഗം
തിരുവനന്തപുരം-മംഗലാപുരം മാവേലി എക്സ്പ്രസിന് തിരൂരിലും തിരുവനന്തപുരം-മംഗലാപുരം എക്സ്പ്രസിന് കുറ്റിപ്പുറത്തും സ്റ്റോപ്പുകൾ പുനഃസ്ഥാപിക്കുകയും കണ്ണൂർ-യശ്വന്ത്പൂർ എക്സ്പ്രസിന് പരപ്പനങ്ങാടിയിൽ സ്റ്റോപ് അനുവദിക്കുകയും ചെയ്ത റെയിൽവേ മന്ത്രിക്ക് നന്ദി അറിയിക്കുന്നു. ഈ ആവശ്യങ്ങൾ ഉന്നയിച്ച് ബി.ജെ.പി ജില്ല കമ്മിറ്റി മന്ത്രിക്ക് നിവേദനം നൽകിയിരുന്നു.
-രവി തേലത്ത് ബി.ജെ.പി ജില്ല പ്രസിഡന്റ്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.