മലപ്പുറം: സാധാരണക്കാർ പുറത്തിറങ്ങിയാൽ ആവശ്യത്തിനോ അനാവശ്യത്തിനോ എന്നൊന്നും അന്വേഷിക്കാതെ പാതിവഴിയിൽ തിരിച്ചയക്കൽ, വാഹനങ്ങൾ പിടിച്ചെടുക്കൽ, സാമൂഹിക അകലം പാലിക്കാത്തതിന് കേസെടുക്കൽ... ലോക്ഡൗണിൽ ഭരണകൂടവും നിയമപാലകരും തുടരുന്ന നടപടികളാണിവ. കോവിഡ് അതിവ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ജന ജീവന് വില കൽപിച്ച് നിയന്ത്രണം കർശനമാക്കുമ്പോഴും ഇതൊന്നും ചിലർക്ക് ബാധകമല്ലാത്തത് എന്തുകൊെണ്ടന്ന് ചോദ്യമുയരുന്നു.
ജില്ലയിൽ പൊതു പരിപാടികളും ആളുകൾ കൂട്ടംകൂടുന്നതും നിരോധിച്ചിട്ടുണ്ട്. എന്നാൽ, രാഷ്ട്രീയക്കാർക്ക് ഇതൊന്നും ബാധകമല്ല എന്നതാണ് സ്ഥിതി. സത്യപ്രതിജ്ഞക്ക് ശേഷം ജന്മനാടായ തിരൂരിലെത്തിയ മന്ത്രി വി. അബ്ദുറഹിമാന് വീടിന് സമീപം ഇടതുമുന്നണി പ്രവർത്തകരുടെ നേതൃത്വത്തിൽ സ്വീകരണമൊരുക്കി. നിരവധിപേർ കൂടിനിന്ന് മുദ്രാവാക്യം വിളിച്ചും പടക്കം പൊട്ടിച്ചുമാണ് അദ്ദേഹത്തെ എതിരേറ്റത്. പൈലറ്റ് വാഹനത്തിെൻറ അകമ്പടിയോടെയായിരുന്നു മന്ത്രിയുടെ വരവ്. പിറ്റേന്ന് മന്ത്രി സി.പി.എം ജില്ല കമ്മിറ്റി ഓഫിസിലെത്തിയപ്പോഴും സാമൂഹിക അകലം എന്ന മാനദണ്ഡം ലംഘിക്കപ്പെട്ടു. മലപ്പുറം നഗരസഭയുടെ നേതൃത്വത്തിൽ ടൗൺഹാളിൽ ഒരുക്കിയ കോവിഡ് ചികിത്സകേന്ദ്രം ഉദ്ഘാടനം ശനിയാഴ്ച നടന്നു. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളായിരുന്നു ഉദ്ഘാടകൻ. പി.കെ. കുഞ്ഞാലിക്കുട്ടി, കെ.പി.എ. മജീദ്, സാദിഖലി ശിഹാബ് തങ്ങൾ, മുനവ്വറലി ശിഹാബ് തങ്ങൾ തുടങ്ങിയ നേതാക്കളും സന്നിഹിതരായിരുന്നു. ഇതിൽ സംബന്ധിക്കാനും നിരവധി പേരെത്തിയതോടെ കോവിഡ് ട്രിപ്ൾ ലോക്ഡൗൺ മാനദണ്ഡങ്ങൾ ലംഘിക്കപ്പെട്ടു. സൗജന്യ ചികിത്സയെന്ന ജനോപകാരപ്രദമായ പദ്ധതിക്ക് തുടക്കമിടുന്ന ചടങ്ങിലാണ് നിയന്ത്രണങ്ങൾ കാറ്റിൽപറന്നത്.
മലപ്പുറം കുന്നുമ്മൽ ജങ്ഷനിൽ വാഹന പരിശോധനക്കിടെ സിവിൽ സ്റ്റേഷനിേലക്ക് കാറിൽ ഡ്യൂട്ടിക്കെത്തിയ ജീവനക്കാരിയെ ജില്ല കലക്ടർ ഇറക്കിവിട്ടത് വെള്ളിയാഴ്ച രാവിലെയാണ്. കലക്ടറേറ്റിലെ ജീവനക്കാരൻ വന്ന കാറിെൻറ പിൻസീറ്റിൽ നാലു ജീവനക്കാർ ഉണ്ടായിരുന്നു. കലക്ടറുടെ ഓഫിസിൽ തന്നെയുള്ളവരാണെന്നറിഞ്ഞിട്ടും ട്രിപ്ൾ ലോക്ഡൗൺ നിലനിൽക്കുന്നതിനാൽ നാലുപേർ ഒന്നിച്ച് യാത്ര ചെയ്യാൻ പാടില്ലെന്ന് ചൂണ്ടിക്കാണിച്ച് ഒരാെള ഇറക്കി വിടുകയായിരുന്നു. ഇത് ജീവനക്കാർക്കിടയിൽ പ്രതിഷേധത്തിന് കാരണമായി.ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയിലെ ജീവനക്കാരനെ ബൈക്ക് യാത്രക്കിടെ ഇറക്കിവിട്ടതും വെള്ളിയാഴ്ചതന്നെ. ആനക്കയത്താണ് സംഭവം. ഹോംഗാർഡാണ് ഇറക്കിവിട്ടതെന്നും പറയുന്നു. െഎ.ഡി കാർഡും മറ്റും കാണിച്ചെങ്കിലും പോകാൻ അനുവദിച്ചില്ല. ബൈക്ക് പിടിച്ചെടുക്കുകയും നടന്നുപോകാൻ ആവശ്യപ്പെട്ടതായും ഇദ്ദേഹം പറയുന്നു. ഏറ്റവും ഒടുവിൽ ഞായറാഴ്ച തിരൂരങ്ങാടി താലൂക്ക് ഓഫിസിൽ ടൈപ്പിസ്റ്റായ ഭാര്യയെ കൊണ്ടുവിട്ട് മടങ്ങുകയായിരുന്ന ഭർത്താവിനെ പരപ്പനങ്ങാടിയിൽ പൊലീസ് തടയുകയും അടിക്കുകയും മൊബൈൽ ഫോൺ പിടിച്ചെടുക്കുകയും ചെയ്തെന്ന പരാതിയുണ്ടായി.
ട്രിപ്ൾ ലോക്ഡൗൺ നിയന്ത്രണങ്ങളും വ്യവസ്ഥകളും സംബന്ധിച്ച് ജില്ല ഭരണകൂടം പുറപ്പെടുവിക്കുന്ന ഉത്തരവുകളിലെ അവ്യക്തതകൾ ജനങ്ങളെ പ്രയാസപ്പെടുത്തുന്നു. മറ്റു ജില്ലകളിലെ പല നിയന്ത്രണങ്ങളും ഇവിടെയും ബാധകമാണെന്ന തരത്തിൽ അറിയിപ്പുകൾ സമൂഹ മാധ്യമങ്ങളിലൂടെ വളരെ വേഗത്തിൽ പ്രചരിപ്പിക്കപ്പെടുന്നു. പൊലീസിേൻറതെന്ന പേരിൽ പുറത്തുവിടുന്നവയുമുണ്ട്. ഉത്തരവ് വരാനുള്ള കാലതാമസമാണ് മിക്കപ്പോഴും വില്ലനാവുന്നത്. ഒന്നിടവിട്ട ദിവസങ്ങളിലേ അവശ്യസാധനങ്ങളുടെ കടകൾ തുറക്കാവൂ എന്ന നിർദേശം ജില്ലയിൽ ഇല്ല. എന്നാൽ, ചിലയിടങ്ങളിൽ ഇതും പറഞ്ഞ് പൊലീസ് കടകൾ പൂട്ടിച്ച സംഭവങ്ങളുണ്ടായി.
ഞായറാഴ്ചത്തെ കൂടുതൽ നിയന്ത്രണങ്ങൾ സംബന്ധിച്ച ജില്ല കലക്ടറുടെ ഉത്തരവ് വരുന്നത് ശനിയാഴ്ച വൈകീട്ട് മൂന്നരയോടെയാണ്. അവശ്യവസ്തുക്കൾ വിൽക്കുന്ന കടകളെല്ലാം ഇതിനും ഒന്നര മണിക്കൂർ മുമ്പ് ഉച്ചക്ക് രണ്ടിനുതന്നെ അടച്ചിരുന്നു. ഞായറാഴ്ച കട തുറക്കുമെന്ന പ്രതീക്ഷയിലായിരുന്നു ജനങ്ങൾ. വൈകി വന്ന ഉത്തരവിൽ കച്ചവടക്കാരും വെട്ടിലായി. പലരും ഇക്കാര്യം അറിയുന്നത് ഞായറാഴ്ച രാവിലെ പത്രങ്ങളിലൂടെയായിരുന്നു. അടിയന്തര മെഡിക്കൽ സേവനങ്ങൾ മാത്രമേ അനുവദിക്കൂവെന്നായിരുന്നു ഉത്തരവിൽ പറഞ്ഞത്. എതിർപ്പ് ഉയർന്നതോടെ രാത്രി ഒന്ന് 'മയപ്പെടുത്തി' കലക്ടർ ഫേസ്ബുക്ക് പോസ്റ്റിട്ടു. പാൽ, പത്രം, പെട്രോൾ പമ്പ് എന്നിവ മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിക്കാമെന്നും ഹോട്ടലുകൾക്ക് ഹോം ഡെലിവറി നടത്താമെന്നും ഇതിൽ അറിയിച്ചു.
മലപ്പുറം: അവധി ദിവസങ്ങളിലടക്കം ജോലിക്ക് പോവുന്ന സർക്കാർ ജീവനക്കാരെ ലോക്ഡൗൺ ഉത്തരവിെൻറ പേരിൽ തടഞ്ഞുവെച്ച് അപമാനിക്കുകയും ദ്രോഹിക്കുകയും ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ജോയിൻറ് കൗൺസിൽ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. അവശ്യ സർവിസായി പ്രവർത്തിക്കുന്ന വകുപ്പ് ജീവനക്കാരെയും കൂടെ യാത്ര ചെയ്യുന്ന അടുത്ത ബന്ധുക്കളെയും പൊലീസ് തടഞ്ഞുനിർത്തി മോശമായി സംസാരിക്കുകയും അപമാനിക്കുകയും ചെയ്യുന്നു.
ഇവർ സഞ്ചരിക്കുന്ന വാഹനം പിടിച്ചുവെച്ച് പിഴ ചുമത്തിയ സംഭവം വരെ ഉണ്ടായിട്ടുണ്ട്. സമൂഹ സുരക്ഷ മുൻനിർത്തി ഏർപ്പെടുത്തിയ ലോക്ഡൗൺ ഒരുവിഭാഗം പൊലീസ് ഉദ്യോഗസ്ഥർക്ക് അഴിഞ്ഞാടാനുള്ള മറയാവുന്നത് ഖേദകരമാണ്.
തിരൂരങ്ങാടി താലൂക്ക് ഓഫിസിലേക്ക് ജോലിക്ക് പോവുകയായിരുന്ന വനിത ജീവനക്കാരിയെ അപമാനിക്കുകയും ഭർത്താവിനെ മർദിക്കുകയും ചെയ്ത സംഭവത്തിൽ പരപ്പനങ്ങാടി സി.ഐക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കാണിച്ചു കലക്ടർക്ക് പരാതി നൽകി. ജില്ല പ്രസിഡൻറ് പി. ഷാനവാസ്, സെക്രട്ടറി കെ.സി. സുരേഷ് ബാബു, സംസ്ഥാന കമ്മിറ്റി അംഗം എച്ച്. വിൻസെൻറ്, എ.ഇ. ചന്ദ്രൻ, ജിസ്മോൻ പി. വർഗീസ് എന്നിവരാണ് പരാതി നൽകിയത്.
ജോലിക്ക് എത്തുന്ന ജീവനക്കാരെ ദ്രോഹിക്കുന്ന സംഭവം ഗൗരവമായി കാണുന്നു എന്നും ഇക്കാര്യം അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്നും കാണിച്ച് കലക്ടർ ജില്ല പൊലീസ് മേധാവിക്ക് നിർദേശം നൽകിയതായി ഇവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.