ടി.വി. അനുപമയെ അധിക ചുമതലയിൽനിന്ന് ഒഴിവാക്കി: സി.ഡബ്ല്യൂ.സി അഭിമുഖം അട്ടിമറിക്കാനെന്ന് ആരോപണം

മലപ്പുറം: ശിശുക്ഷേമ സമിതിയിലേക്ക് ചെയർമാനുൾപ്പെടെയുള്ള അംഗങ്ങളെ തെരഞ്ഞെടുക്കാൻ അഭിമുഖം അടുത്തിരിക്കെ വനിത ശിശുവികസന വകുപ്പ് ഡയറക്ടറുടെ അധിക ചുമതലയുള്ള ടി.വി. അനുപമയെ മാറ്റിയത് അഭിമുഖം അട്ടിമറിക്കാനെന്ന് ആരോപണം. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് എല്ലാ ജില്ലകളിലും ചൈൽഡ് വെൽഫെയർ കമ്മിറ്റികളെ (സി.ഡബ്ല്യൂ.സി) നിയമിക്കുന്നത്. ഏപ്രിൽ ഏഴ്, എട്ട് തിയതികളിൽ കാസർകോട്, വയനാട്, മലപ്പുറം ജില്ലകളിലേക്കുള്ള അഭിമുഖം കോഴിക്കോട്ട് ടി.വി. അനുപമയുടെ നേതൃത്വത്തിൽ നടത്തിയിരുന്നു. എന്നാൽ, ശിശു സംരക്ഷണ മേഖലയിൽ ഏഴുവർഷത്തെ പരിചയമില്ലാത്തതിനാൽ അഭിമുഖത്തിന് എത്തിയ 25 പേരെയും അയോഗ്യരാക്കി. അനുപമയുടെ നേതൃത്വത്തിൽ കർശന പരിശോധന നടത്തിയതിനെ തുടർന്നാണിത്.

സി.ഡബ്ല്യൂ.സി അംഗങ്ങളായി രാഷ്ട്രീയ പ്രവർത്തകരെ തിരുകിക്കയറ്റുന്നെന്ന ആരോപണം നിലനിൽക്കെയാണ് അനുപമക്ക് മൂന്ന് ദിവസം മുമ്പ് സ്ഥാനചലനമുണ്ടായത്. വിദ്യാഭ്യാസ യോഗ്യതയോ പ്രവർത്തന പരിചയമോ ഇല്ലാത്തതിന്‍റെ പേരിൽ നിരസിക്കപ്പെട്ട പല അപേക്ഷകളും രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് അഭിമുഖ പട്ടികയിൽ കടന്നുകൂടാൻ സാധ്യതയുണ്ടെന്ന് ഉദ്യോഗാർഥികൾ പറയുന്നു.

കോഴിക്കോട്ടെ അഭിമുഖം കഴിഞ്ഞദിവസംതന്നെ പുതിയ അഭിമുഖത്തിന് അപേക്ഷ ക്ഷണിച്ചിരുന്നു. ഈ മാസം 26ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. അദീല അബ്ദുല്ലയാണ് വനിത ശിശുവികസന വകുപ്പ് ഡയറക്ടർ. ഇവർ അവധിയിൽ പോയതിനെത്തുടർന്നായിരുന്നു ഷെഡ്യൂൾഡ് ട്രൈബ്സ് വകുപ്പ് മേധാവിയായ ടി.വി. അനുപമക്ക് അധിക ചുമതല നൽകിയിരുന്നത്. പുതിയ ചുമതല ജി. പ്രിയങ്കക്കാണ്. തെക്കൻ ജില്ലകളിൽ കഴിഞ്ഞമാസം അവസാനവാരം ശിശുക്ഷേമ സമിതിയിലേക്കുള്ള അഭിമുഖം നടത്തിയിരുന്നു. ആലപ്പുഴയിൽനിന്ന് മാത്രം യോഗ്യരായവരെ കണ്ടെത്തിയിരുന്നില്ല. തുടർന്നാണ് കാസർകോട്, വയനാട്, മലപ്പുറം, ആലപ്പുഴ ജില്ലകളിലേക്ക് അഭിമുഖത്തിന് അപേക്ഷ ക്ഷണിച്ചത്. കുട്ടികളുടെ പരിചരണം, സംരക്ഷണം, ചികിത്സ, പുനരധിവാസം എന്നിവ ഈ സമിതിയുടെ ചുമതലകളാണ്. മൂന്ന് വർഷമാണ് ചെയർമാൻ ഉൾപ്പെടുന്ന അഞ്ചംഗ കമ്മിറ്റിയുടെ കാലാവധി. നിലവിലെ കമ്മിറ്റികളുടെ കാലവധി മാർച്ച് 31ഓടെ അവസാനിച്ചിരുന്നു. 

Tags:    
News Summary - TV Anupama was relieved of her duties

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.