കീഴുപറമ്പ്: ചാലിയാറിലെ 21ാമത് ഉത്തരമേഖല ജലോത്സവം സമാപിച്ചു. ജില്ല ടൂറിസം പ്രമോഷൻ കൗൺസിലും കീഴുപറമ്പ് സി.എച്ച് ക്ലബും നെഹ്റു യുവകേന്ദ്രയും സംയുക്തമായാണ് ചാലിയാറിലെ എടശ്ശേരി കടവിൽ ജലോത്സവം സംഘടിപ്പിച്ചത്. പി.കെ. ബഷീർ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
ജില്ലയിൽനിന്നുള്ള ഇരുപതോളം ടീമുകളാണ് ഈ തവണത്തെ പി.കെ. സുൽഫിക്കർ മെമ്മോറിയൽ കിരീടത്തിന് വേണ്ടിയുള്ള ജലോത്സവത്തിൽ കൊമ്പുകോർത്തത്. മൂന്ന് ടീം സെമിയിൽ കടന്നു. തുടർന്ന് നടന്ന സെമി ഫൈനലിൽ മൂന്ന് ടീമും ഫോട്ടോ ഫിനിഷ് ചെയ്തു.
ഇതോടെ സംഘാടകർ സെമിയിൽ പ്രവേശിച്ച വി.വൈ.സി.സി വാവൂർ, സി.കെ.ടി.യു ചെറുവാടി, മൈത്രി വെട്ടുപ്പാറ എന്നീ ടീമുകളെ സംയുക്ത ജേതാക്കളായി പ്രഖ്യാപിച്ചു. തർക്കങ്ങളും പ്രശ്നങ്ങളും ഉണ്ടായതോടെ ഫൈനൽ മത്സരം ഒരുനിലയിലും നടത്താൻ കഴിയാത്ത സാഹചര്യത്തിലാണ് കമ്മിറ്റി സംയോജിത ഇടപെടൽ നടത്തി മൂന്ന് ടീമിനെയും സംയുക്ത ജേതാക്കളായി പ്രഖ്യാപിച്ചത്.
എടശ്ശേരി കടവിൽ ചാലിയാറിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിലാണ് ഇത്തവണയും മത്സരം നടന്നത്. പതിവിൽനിന്ന് വ്യത്യസ്തമായി ആയിരങ്ങളാണ് ഇരുകരയിൽ നിന്ന് ആർത്തുവിളിച്ച് ജലോത്സവം ആവേശമാക്കി മാറ്റിയത്. വിവിധ കലാപരിപാടികളും അരങ്ങേറിയിരുന്നു.
വിജയികൾക്കുള്ള ട്രോഫി സി.എച്ച് ക്ലബ് ഭാരവാഹികൾ വിതരണം ചെയ്തു. പി.കെ. കമ്മതുകുട്ടി ഹാജി അധ്യക്ഷത വഹിച്ചു.
ടി.വി. ഇബ്രാഹിം എം.എൽ.എ, കീഴുപറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി. സഫിയ ഹുസൈൻ, വൈസ് പ്രസിഡന്റ് പി.പി. റഹ്മാൻ, കെ.സി.എ. ഷുക്കൂർ, ജലോത്സവ കമ്മിറ്റി ചെയർമാൻ നിസാർ യാക്കിപ്പറമ്പൻ, മുഹ്സിൻ, എം.കെ. ഷാജഹാൻ, സുടു സലീം, സമീർ, സഫീർ, റിൻഷാദ്, എം.പി. മുനീർ ബാബു, വൈ.കെ. ശരീഫ്, കെ.ടി. അഷ്റഫ്, പി.പി. ശിഹാബ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.