കീഴുപറമ്പ്: 22ാമത് ഉത്തരമേഖല ജലോത്സവത്തിനുള്ള തോണികൾ നീറ്റിലിറങ്ങി. മൂന്ന് തോണികളാണ് ഇത്തവണയും ജലോത്സവ പ്രേമികൾ ചാലിയാറിൽ ഇറക്കിയത്.
കീഴുപറമ്പ് സി. എച്ച് ക്ലബും ജില്ല പഞ്ചായത്തും നെഹ്റു യുവകേന്ദ്രയും ജില്ല ടൂറിസം പ്രമോഷൻ കൗൺസിലും സംയുക്തമായാണ് ജലോത്സവം സംഘടിപ്പിക്കുന്നത്. 20 പ്രമുഖ ടീമുകൾ പങ്കെടുക്കുമെന്ന് സംഘാടകർ പറഞ്ഞു. സാധാരണ ജലോത്സവങ്ങൾക്ക് എല്ലാ ടീമുകൾക്കും വ്യത്യസ്ത തരത്തിലുള്ള തോണികളാണ് ഉണ്ടാവുക.
എന്നാൽ ഇത് പലപ്പോഴും മത്സരശേഷം വിധി നിർണയത്തിന് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കാറുണ്ട്. അതിനുപരിഹാരം കണ്ടെത്താനാണ് സംഘാടകർ തന്നെ തോണികൾ നിർമിക്കുന്നത്.
38 അടി നീളത്തിലും 25 ഇഞ്ച് വീതിയിലുമുള്ള തോളികളാണ് ജലോത്സവ മത്സരത്തിനായി ഉപയോഗിക്കുന്നത്. അറ്റകുറ്റപ്പണികൾ തീർത്ത് മൂന്ന് തോണികളും നാട്ടുകാരും ക്ലബ് അംഗങ്ങളും വലിയ ആവേശത്തോടെ ആർപ്പ് വിളിയോടെ ജലോത്സവം നടക്കുന്ന ചാലിയാറിലെ എടശ്ശേരി കടവിൽ ഇറക്കിയത്. തുടർന്ന് നീറ്റിലിറക്കിയ തോണികൾ സംഘാടകരുടെ നേതൃത്വത്തിൽ ചാലിയാറിൽ പരീക്ഷണ തുഴച്ചിലും നടത്തി. നിരവധി പേരാണ് ഈ പരിപാടിയിൽ പങ്കെടുത്തത്. സി.എൻ. ഹമീദ് ഫ്ലാഗ് ഓഫ് ചെയ്തു.
സംഘാടക സമിതി ജനറൽ കൺവീനർ വൈ.സി. മെഹബൂബ് അധ്യക്ഷത വഹിച്ചു. ഫൗണ്ടർ പ്രസിഡന്റ് കെ.കെ. മുഹമ്മദ് കുട്ടി, ജലോത്സവത്തിന്റെ നറുക്കെടുപ്പ് കൂപ്പൺ വിതരണോദ്ഘാടനം ഏറനാട് മണ്ഡലം ജിദ്ദ കെ.എം.സി.സി പ്രസിഡന്റ് എം.കെ. അഷ്റഫ് നിർവഹിച്ചു.
ചീഫ് കോഓഡിനേറ്റർ വൈ.പി. നിസാർ, വർക്കിങ് ചെയർമാൻ പി.വി. സുബൈർ , ട്രഷറർ കെ.സി. വഹീദ്, ക്ലബ് ഭാരവാഹികളായ എം.കെ. ഷാജഹാൻ, മുഹസിൻ കോളക്കോടൻ , സി.പി. സലിം സുടു, സി.എച്ച്. നസീഫ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.