മലപ്പുറം: കോട്ടപ്പടി വലിയതോട് നവീകരണ പ്രവൃത്തികളുടെ ഭാഗമായി തോട് കടന്ന് പോകുന്ന ഭാഗത്തെ ഭൂഉടമകളുമായി ജനകീയ ആക്ഷൻ കമ്മിറ്റി അംഗങ്ങളുടെ ചർച്ച തുടങ്ങി. കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തിൽ 25ാം വാർഡ് കിഴക്കേത്തല ഭാഗത്തെ ഭൂഉടമകളെ നേരിട്ട് കണ്ടാണ് ചർച്ച നടത്തിയത്. വരുന്ന ദിവസങ്ങളിൽ ചർച്ച തുടരും. ചർച്ച പൂർത്തിയാക്കി ഭൂഉടമകളുടെ കൂടി അംഗീകാരത്തോടെ നവീകരണ പ്രവൃത്തികൾക്ക് തുടക്കം കുറിക്കാനാകും.
നേരത്തെ തോടിന്റെ അതിരുകൾ ഉറപ്പ് വരുത്തുന്നതിന് മലപ്പുറം വില്ലേജിൽനിന്ന് തോടിന്റെ സ്കെച്ച് ശേഖരിച്ചിരുന്നു. ജനകീയ ആക്ഷൻ കമ്മിറ്റി സെപ്റ്റംബർ 11ന് ചേർന്ന യോഗത്തിന് ശേഷം അപേക്ഷ നൽകി സ്കെച്ച് ശേഖരിച്ചത്. തോട് സ്കെച്ച് പ്രകാരമാണ് ബന്ധപ്പെട്ട ചർച്ച നടത്തുന്നത്. നേരത്തെ വലിയതോട് കടന്ന് പോകുന്ന പാണക്കാട്-മലപ്പുറം വില്ലേജുകളിൽ ഉൾപ്പെട്ട സ്ഥലത്തെ റീസർവേ അധികൃതർ പൂർത്തിയാക്കിയിരുന്നു. മേൽമുറി ഭാഗത്തെ തോടിന്റെ റീസർവേ പൂർത്തീകരിച്ചിട്ടില്ല. മഴ പെയ്താൽ വലിയതോടും പരിസരത്തും വെള്ളക്കെട്ട് രൂക്ഷമായതോടെയാണ് തോട് നവീകരണം കാര്യക്ഷമമാക്കണമെന്ന് ആവശ്യവുമായി ജനകീയ ആക്ഷൻ കമ്മിറ്റി രംഗത്ത് വന്നത്.
ഇക്കഴിഞ്ഞ ജൂലൈ അവസാനത്തിൽ പെയ്ത കനത്ത മഴയിലും സ്ഥിതി ഗുരുതരമായിരുന്നു. തോട് നവീകരണ പ്രവൃത്തികൾക്ക് 2022-23 വർഷത്തെ കേന്ദ്ര നഗരസഞ്ചയം പദ്ധതി ഫണ്ടിലാണ് തുക വകയിരുത്തുക. പൂക്കോട്ടൂർ പിലാക്കൽ മുതൽ വലിയങ്ങാടി കല്ലാപാറ വരെ 8.45 കിലോ മീറ്റർ നീളത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരുന്നത്. കൂടാതെ തോടിന് വശങ്ങളിലായി സൈക്കിൾ പാത, നടപാത, ഇരിപ്പിടങ്ങൾ, മിനി പാർക്കുകൾ എന്നിവയും നടപ്പിലാക്കാൻ അധികൃതരുടെ തീരുമാനം. നേരത്തെ ഈ ആവശ്യം ചൂണ്ടിക്കാട്ടി നഗരസഭ താലൂക്ക് സർവേക്ക് കത്ത് നൽകിയിരുന്നു. എന്നാൽ സർവേ വിഭാഗത്തിന്റെ ഭാഗത്ത് നിന്ന് കാര്യമായ നടപടിയുണ്ടായിരുന്നില്ല.
ആക്ഷൻ കമ്മിറ്റി കൂടി രംഗത്ത് വന്നതോടെ പ്രവർത്തനങ്ങൾ വേഗത്തിലായി. നിലവിൽ തോടിന്റെ അരിക് ഇടിഞ്ഞതും കൈയേറ്റവും കാരണം വ്യത്യസ്ത വീതികളിലൂടെയാണ് ഒഴുകുന്നത്. ചിലയിടത്ത് ഏഴ് മീറ്ററും മറ്റിടങ്ങളിൽ 12 മീറ്റർ വീതിയുമാണുള്ളത്. കിഴക്കേത്തല ചെത്ത് പാലം മുതൽ വലിയങ്ങാടി കല്ലാപാറ വരെ ഏറ്റവും കൂടുതൽ വീതിയുള്ള ഭാഗങ്ങളിലൊന്നാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.