മലപ്പുറം: വയോമിത്രം പദ്ധതിയിൽ ചികിത്സിക്കാൻ ഡോക്ടറും വിതരണം ചെയ്യാൻ മരുന്നുമില്ലാത്തത് രോഗികളെ ബാധിക്കുന്നു. 40 വാർഡുകളിലായി മലപ്പുറം നഗരസഭയിലെ 1,600 ഓളം രോഗികളാണ് ഒന്നര മാസമായി ചികിത്സ ലഭിക്കാതെ പ്രയാസപ്പെടുന്നത്. സാമൂഹിക സുരക്ഷ മിഷനാണ് പദ്ധതിയിൽ ഡോക്ടറെ നിയമിക്കേണ്ടത്. സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി സാമൂഹിക സുരക്ഷ മിഷൻ നിയമന നടപടികൾ നീട്ടിയതോടെ രോഗികളുടെ ചികിത്സ മുടങ്ങി.
നഗരസഭയിൽ രണ്ട് വാർഡുകളിൽ ഒരുദിവസം എന്ന കണക്കിൽ ഒരുമാസത്തിനിടെ രണ്ട് തവണയാണ് വാർഡുകളിൽ പരിശോധന നടന്ന് വരാറുള്ളത്. ഒരു വാർഡിൽ രാവിലെ 9.30നും അടുത്ത വാർഡിൽ 11നുമാണ് പരിശോധന നടക്കുക. എന്നാൽ ഡോക്ടറില്ലാതെ വന്നതോടെ എന്ത് ചെയ്യണമെന്ന് അറിയാതെ കുഴഞ്ഞിയിരിക്കുകയാണ് രോഗികൾ. ഡോക്ടറെ നിയമിക്കാൻ നഗരസഭയോട് വാക്കാൽ സാമൂഹിക സുരക്ഷ മിഷൻ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഉത്തരവായി കൈമാറിയിട്ടില്ല.
മെഡിക്കൽ പി.ജി പരീക്ഷ നടക്കുന്നതിനാൽ ഡോക്ടർമാരെ ലഭിക്കാനും പ്രയാസം നേരിടുന്നുണ്ട്. പ്രമേഹം, രക്തസമർദ്ദം, ഇൻസുലിൻ, ശ്വാസം മുട്ടിനുള്ള സെറോഫ്ലോ എന്നിവക്കുള്ള മരുന്ന് വിതരണത്തിന് ലഭിക്കാത്ത സാഹചര്യമുണ്ട്. മരുന്ന് ആവശ്യപ്പെട്ട് നഗരസഭ കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന്(കെ.എം.എസ്.സി.എൽ) പണം അടച്ചിട്ടുണ്ടെങ്കിലും മരുന്ന് സ്റ്റോക്കിലെന്നാണ് അധികൃതരുടെ മറുപടി. ആവശ്യപ്പെടുന്ന മരുന്ന് വിതരണത്തിന് ലഭിക്കുന്നില്ലെന്നും ഇത് പ്രയാസം സൃഷ്ടിക്കുന്നുണ്ടെന്നും നഗരസഭ അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.