മലപ്പുറം: സിവിൽ സ്റ്റേഷനിൽ കാലങ്ങളായി പിടിച്ചിട്ട തൊണ്ടിവാഹനങ്ങൾ ലേലം ചെയ്ത് നീക്കിയതോടെ സുന്ദരമായി കലക്ടറേറ്റും പരിസരവും. പഴകി ദ്രവിച്ച് കൂമ്പാരമായി കിടന്ന തൊണ്ടി വാഹനങ്ങൾക്ക് മാർച്ച് അവസാനത്തോടെയാണ് പൂർണമായും മോചനം കിട്ടിയത്. ഏപ്രിൽ ആദ്യത്തോടെ വാഹനങ്ങളുടെ മറ്റ് അവശിഷ്ടങ്ങളും ചാക്കുകളിൽ ശേഖരിച്ച് കൊണ്ടുപോയി. ഇവ നീക്കിയതിന് ശേഷം മണ്ണുമാന്തി ഉപയോഗിച്ച് സ്ഥലം വൃത്തിയാക്കി. വാഹനങ്ങൾ ഒഴിഞ്ഞതോടെ പഴയ സ്വാഭാവിക ഭംഗി പ്രദേശത്ത് കൈവന്നു. ‘അഴകേറും കേരളം’ ശുചീകരണ യജ്ഞ ഭാഗമായാണ് ലേല നടപടികൾ പൂർത്തിയാക്കിയ തൊണ്ടിവാഹനങ്ങളുടെ രണ്ടാംഘട്ട നീക്കൽ തുടങ്ങിയത്.
2010 മുതൽ വിവിധ ഘട്ടങ്ങളിൽ കലക്ടറേറ്റിൽ പിടിച്ചിട്ട 200 ഓളം തൊണ്ടിവാഹനങ്ങളാണ് മാറ്റിയത്. ഇതിൽ പകുതിയോളം മണൽ വാരലുമായി ബന്ധപ്പെട്ട് പിടികൂടിയവയാണ്. 2023 മാർച്ചിലാണ് കലക്ടറേറ്റിലെ പിടിച്ചിട്ട വാഹനങ്ങൾ നീക്കാൻ നടപടികൾ ആരംഭിച്ചത്. തുടർന്ന് പരിശോധനക്കായി റവന്യു വകുപ്പ്, പൊലീസ് വകുപ്പ്, മോട്ടോർ വാഹന വകുപ്പ് എന്നിവയുടെ സംയുക്ത സംഘം രൂപവത്കരിച്ചു.
സംഘത്തിന്റെ നേതൃത്വത്തിൽ ഓരോ വാഹനങ്ങളുടെ നമ്പർ പരിശോധിച്ച് വാഹന ഉടമകൾക്ക് നോട്ടീസ് നൽകി. നോട്ടീസ് പ്രകാരം വാഹന ഉടമകളുടെ ഹിയറിങ് പൂർത്തിയാക്കി ലേലത്തിന് കൈമാറി. ലേലത്തിനായി മെറ്റൽ സ്ക്രാപ് ട്രേഡിങ് കോർപറേഷനിൽ (എം.എസ്.ടി.സി) വിവരങ്ങൾ രേഖപ്പെടുത്തി. ആദ്യഘട്ടത്തിൽ 2023 ആഗസ്റ്റ്-സെപ്തംബർ മാസങ്ങളിലായി ജില്ല ട്രഷറി ഓഫിസ്, കുടുംബ കോടതി എന്നിവിടങ്ങളിലെ വാഹനങ്ങൾ നീക്കിയിരുന്നു. രണ്ടാംഘട്ടം 2024 മാർച്ച് നാലിനാണ് ആരംഭിച്ചത്. വാഹനം മാറ്റുന്നതിനായി ലേല നടപടികളിലൂടെ റവന്യു വകുപ്പിന് 65 ലക്ഷത്തോളം രൂപയാണ് ലഭിച്ചത്. ജില്ല കലക്ടറുടെ നിർദേശപ്രകാരം പെരിന്തല്‍മണ്ണ സബ് കലക്ടറുടെ നേതൃത്വത്തിലാണ് നടപടികൾ നിരീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.