വെളിയങ്കോട്: വെളിയങ്കോട് ചങ്ങാടം റോഡ് ചളിക്കുളമായി മാറി. കാൽനടക്കാർക്ക് പോലും സഞ്ചരിക്കാൻ കഴിയാത്ത സ്ഥിതിയാണ്. പുതുപൊന്നാനി-ചാവക്കാട് ദേശീയപാതയേയും വെളിയങ്കോട്-എടക്കഴിയൂർ എം.എൽ.എ റോഡിനെയും ബന്ധിക്കുന്നതുമായ വെളിയങ്കോട് പഞ്ചായത്തിലെ ഏറെ തിരക്കേറിയ പാതയാണിത്. ദുരിതാവസ്ഥയിലായ റോഡ് ടാറിങ് നടത്താനായി എം.എൽ.എ ആസ്തി വികസന ഫണ്ടിൽ നിന്ന് ആറ് വർഷം മുമ്പ് 17.5 ലക്ഷം രൂപ അനുവദിക്കുകയും പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് അസി. എക്സിക്യൂട്ടീവ് എൻജിനീയറുടെ മേൽനോട്ടത്തിൽ കരാറുകാരൻ ടാറിങ് പൂർത്തീകരിക്കുകയും ചെയ്തിരുന്നു.
എന്നാൽ റോഡ് വർഷങ്ങൾക്കകം തകർന്നതോടെ പഞ്ചായത്ത് ഫണ്ടുപയോഗിച്ച് നവീകരണം നടത്തി. എന്നാൽ അശാസ്ത്രീയമായ പ്രവൃത്തി പാതിവഴിയിൽ അവസാനിപ്പിച്ചതോടെയാണ് റോഡിൽ ചെളിനിറഞ്ഞത്. അങ്ങാടി മുതൽ പാലം വരെ പൂർണമായും തകർന്ന നിലയിലാണ്.
മഴ പെയ്തതോതെ ഈ ഭാഗം ചെളിക്കുളമായി. തകർച്ചയിലായിരുന്ന റോഡിൽ കൂനിൻമേൽ കുരുപോലെ ജൽ ജീവൻ പദ്ധതിക്കായി കുഴിയെടുക്കുകയും ചെയ്തതോടെ മഴയിൽ ചെളി പരന്നൊഴുകി. പഞ്ചായത്തിലെ നാല്, മൂന്ന് വാർഡുകൾ ഉൾപ്പെടുന്ന ഭാഗമാണ് തകർന്ന് ഗതാഗതം ദുസ്സഹമായത്. പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്കുംഅൽഫലാഹ് സ്കൂളിലേക്കും എം.ടി.എം കോളജിലേക്കും പോകുന്നവർ ദുരിതം സഹിച്ചാണ് എത്തുന്നത്. നിർമാണത്തിലെ അപകാതയാണ് റോഡ് ചെളിക്കുളമാകാൻ ഇടയാക്കിയതെന്നാണ് നാട്ടുകാരുടെ ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.