മലപ്പുറം: മാലിന്യ സംസ്കരണ പദ്ധതികൾക്ക് ഈ വർഷം ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങൾ നീക്കിവെച്ചത് 180 കോടിയുടെ പദ്ധതികൾ. 2023-24 സാമ്പത്തിക വർഷത്തിൽ ജില്ലയിൽ ആകെ 2013 മാലിന്യ സംസ്കരണ പദ്ധതികൾക്ക് ജില്ല ആസൂത്രണ സമിതി (ഡി.പി.സി) അംഗീകാരം നൽകി. ജില്ല പഞ്ചായത്ത്, 15 േബ്ലാക്ക് പഞ്ചായത്തുകൾ, 12 നഗരസഭകൾ, 94 ഗ്രാമപഞ്ചായത്തുകൾ എന്നിവ അടക്കം ജില്ലയിലെ 122 തദ്ദേശഭരണ സ്ഥാപനങ്ങൾ പദ്ധതിക്ക് അംഗീകാരം വാങ്ങി നിർവഹണ ഘട്ടത്തിലേക്ക് പ്രവേശിച്ചു. പുനരവലോകനം ചെയ്തതും പുതിയതുമായ പദ്ധതികൾക്ക് അംഗീകാരം വാങ്ങുന്നതിനായി ചൊവ്വാഴ്ച ചേർന്ന ഡി.പി.സി യോഗത്തിൽ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് 41.18 കോടി രൂപയുടെ 585 പദ്ധതികളാണ് അംഗീകരിച്ചത്. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നാലു പഞ്ചായത്തുകൾ ഒഴികെയുള്ളവ അംഗീകാരം വാങ്ങിയതായി അധികൃതർ അറിയിച്ചു. ചില പഞ്ചായത്തുകൾ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് സർക്കാർ നിർബന്ധമായും നിർദേശിച്ച ചില പദ്ധതികൾ ഏറ്റെടുത്തിരുന്നില്ല. ഈ പഞ്ചായത്തുകളോട് ഉടനടി പദ്ധതി തയാറാക്കി സമർപ്പിച്ച് അംഗീകാരം വാങ്ങാൻ ആസൂത്രണ സമിതി നിർദേശം നൽകി. ഇതിനായി അടുത്ത ആഴ്ച ഡി.പി.സി വീണ്ടും ചേരും. ജില്ല ആസൂത്രണ സമിതി അധ്യക്ഷയും ജില്ല പഞ്ചായത്ത് പ്രസിഡന്റുമായ എം.കെ. റഫീഖ അധ്യക്ഷത വഹിച്ചു. എ.ഡി.എം മെഹറലി, ജില്ല പ്ലാനിങ് ഓഫിസർ എ.എം. സുമ എന്നിവർ സംസാരിച്ചു.
മലപ്പുറം: മാലിന്യ സംസ്കരണം കുറ്റമറ്റതാക്കുക ലക്ഷ്യമിട്ട് വിവിധങ്ങളായ പദ്ധതികളാണ് ഈ വർഷം സർക്കാർ നിർദേശപ്രകാരം തദ്ദേശഭരണ സ്ഥാപനങ്ങൾ നടപ്പാക്കുന്നത്.
എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളും സാനിറ്ററി പാഡ് ഡിസ്ട്രോയർ സ്ഥാപിക്കാൻ പ്രോജക്ട് വെക്കണമെന്ന് സർക്കാർ നിർദേശമുണ്ട്. ജില്ല കേന്ദ്രങ്ങളിലും നഗരസഭകളിലും സാനിട്ടറി പാഡ്, ബേബി ഡയപ്പർ, അഡൾട്ട് ഡയപ്പർ എന്നിവ സംസ്കരിക്കുന്നതിന് ഡബ്ൾ ചേംബർ ഇൻസിനറേറ്റർ സ്ഥാപിക്കണം. മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് ബഹുജന വിദ്യാഭ്യാസ പരിപാടി, ഹരിത കർമസേനക്ക് പരിശീലനം, സേനാംഗങ്ങൾക്ക് ഉപകരണങ്ങൾ വാങ്ങൽ, മാലിന്യ ശേഖരണ കേന്ദ്രം(എം.സി.എഫ്) നിർമാണം, മാലിന്യം നീക്കുന്നതിനുള്ള വാഹനം വാങ്ങൽ, ഹരിത മിത്രം ആപ്പ് ലഭ്യമാക്കൽ, യൂസർഫീസിൽ ഇളവ് നൽകിയ വിഭാഗങ്ങൾക്ക് വേണ്ടിയുള്ള പ്രോജക്ട് വെക്കൽ, ദ്രവമാലിന്യ സംസ്കരണ യൂനിറ്റുകൾ, േബ്ലാക്ക്തലത്തിൽ പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെന്റ് യൂനിറ്റ് സ്ഥാപിക്കൽ എന്നിവക്കും സർക്കാർ നിർദേശമുണ്ട്. 2024 മാർച്ചുവരെയുള്ള സർക്കാറിന്റെ മാലിന്യമുക്തം നവകേരളം കാമ്പയിന്റെ ഭാഗമായാണ് മാലിന്യ നിർമാർജന പദ്ധതികൾക്ക് പ്രാധാന്യം നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.