മലപ്പുറം: കടലുണ്ടിപുഴയിൽ ജലലഭ്യത കുറഞ്ഞതോടെ നഗരത്തിൽ ജല വകുപ്പ് കുടിവെള്ള വിതരണം നടക്കുന്നത് അഞ്ച് ദിവസം കൂടുമ്പോൾ മാത്രം. വെള്ളത്തിന് കടുത്തക്ഷാമം നേരിട്ടതോടെയാണ് വിതരണം നീളാൻ കാരണമായത്. നഗരത്തിലെ വിവിധ വാർഡുകളിൽ 10 ദിവസത്തോളമായി വെള്ളം കിട്ടാത്ത ഇടങ്ങളുണ്ട്.
നിലവിൽ ജലവകുപ്പ് പുഴയിലെ വിവിധ ഭാഗങ്ങളിലെ കുഴികളിൽനിന്ന് 20 എച്ച്.പി മോട്ടോർ വഴി പമ്പിങ് സ്റ്റേഷനിലെ കിണറിലേക്ക് രണ്ട് മണിക്കൂർ ഇടവിട്ട് ജലമെത്തിക്കുകയാണ്. തുടർന്ന് പമ്പിങ് സ്റ്റേഷനിൽനിന്ന് 70 എച്ച്.പി മോട്ടോറിൽ കോട്ടക്കുന്നിലെ ടാങ്കിലേക്കും എത്തിക്കും.
ഇങ്ങനെ ഏകദേശം നാല് ദിവസം പമ്പ് ചെയ്ത് കോട്ടക്കുന്നിലെ ടാങ്ക് നിറഞ്ഞതിന് ശേഷമാണ് നഗരത്തിന്റെ ഓരോ ഭാഗങ്ങളിലേക്കും ജലവിതരണം നടത്തുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ നഗരത്തിൽ ഭേദപ്പെട്ട മഴ ലഭിച്ചിരുന്നെങ്കിലും പുഴയിൽ ജലനിരപ്പ് ഉയർത്താൻ സഹായകരമായിട്ടില്ല. കാലാവസ്ഥ അനുകൂലമായില്ലെങ്കിൽ തൽസ്ഥിതി തുടരേണ്ടി വരുമെന്ന് അധികൃതർ അറിയിച്ചു.
മലപ്പുറം: വെള്ളമില്ല, കുന്നുമ്മലിലെ നഗരസഭയുടെ ശുചിമുറി താൽക്കാലികമായി പൂട്ടി. നാല് ദിവസം മുമ്പാണ് ശുചിമുറി നടത്തിക്കൊണ്ടു പോകാൻ ജലമില്ലെന്നും താൽക്കാലികമായി അടച്ചിടുകയാണെന്നും കാണിച്ച് ടെൻഡർ ഏറ്റെടുത്ത വ്യക്തി നഗരസഭക്ക് കത്തുനൽകിയത്. ഒരു വർഷത്തേക്കാണ് കഴിഞ്ഞ മാർച്ചിൽ ശുചിമുറിയുടെ നടത്തിപ്പ് സ്വകാര്യവ്യക്തി ഏറ്റെടുത്തത്.
കടലുണ്ടിപ്പുഴയിലെ ജലനിരപ്പ് താഴ്ന്നതിനാൽ മലപ്പുറം വില്ലേജിൽ പൂർണമായും മേൽമുറി വില്ലേജിൽ ഭാഗികമായും ജലഅതോറിറ്റി ശുദ്ധജല വിതരണത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. അതിനെത്തുടർന്നാണ് കുന്നുമ്മലിലെ ശുചിമുറിയിലേക്കും ജലവിതരണം മുടങ്ങിയത്. മണ്ണാർകുണ്ട് പമ്പ് ഹൗസിൽ നിന്നാണ് മലപ്പുറം വില്ലേജ് പരിധിയിലേക്ക് ശുദ്ധജലം പമ്പ് ചെയ്യുന്നത്.
ഇവിടെ കടലുണ്ടിപ്പുഴ വരണ്ട അവസ്ഥയിലാണ്. നമ്രാണി പമ്പ് ഹൗസിനോടു ചേർന്ന് നഗരസഭയുടെ പുതിയ റഗുലേറ്റർ കം ബ്രിജ് നിർമിക്കുന്നതിനാൽ സംഭരിച്ച വെള്ളം മുഴുവൻ ഒഴുക്കിക്കളയേണ്ടി വന്നു. അതോടെ ഇവിടെ നിന്നുള്ള പമ്പിങ്ങും തടസ്സപ്പെട്ടു. ശുചിമുറിയിലേക്കാവശ്യായ വെള്ളം പണം നൽകി വാങ്ങാമെങ്കിലും അതിനുള്ള ദിവസവരുമാനം ലഭിക്കുന്നില്ലെന്നതാണ് വസ്തുത.
മഴ കനിഞ്ഞാൽ മാത്രമേ ഇനി ശുചിമുറി തുറക്കാൻ സാധിക്കൂ. സ്ത്രീകളടക്കം യാത്രക്കാരെയാണ് ഇതേറ്റവും കൂടുതലായി ബാധിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.