മേലാറ്റൂർ: മീൻ പിടിക്കാനായി ജലസ്രോതസ്സുകളിൽ സാമൂഹിക വിരുദ്ധർ വിഷം കലക്കുന്നതും ചിറകളിലെ വെള്ളം തുറന്നുവിടുന്നതും നാട്ടുകാരെ ദുരിതത്തിലാക്കുന്നു. ചുട്ടുപൊള്ളുന്ന വേനലിൽ കുടിനീരിനായി ജനം നെട്ടോട്ടമോടുമ്പോഴാണ് സാമൂഹികവിരുദ്ധരുടെ വിളയാട്ടം. ഇതോടെ നൂറുകണക്കിന് കുടുംബങ്ങളാണ് കുടിവെള്ളത്തിന് കേഴുന്നത്. കഴിഞ്ഞദിവസം എടപ്പറ്റ പഞ്ചായത്തിലെ ഏഴാം വാർഡ് പുളിയംതോട് കൈനിശ്ശേരി ചിറ ഭാഗത്ത് തോട്ടിൽ വിഷം കലക്കിയതാണ് അവസാന സംഭവം. തോട്ടിൽ കുളിക്കാനും അലക്കാനുമായി പ്രദേശവാസികൾ നിർമിച്ച ചെറിയ കുഴികളിലാണ് വിഷം കലക്കിയത്. ഇതോടെ അമ്പതിലേറെ കുടുംബങ്ങൾ വെള്ളം ഉപയോഗിക്കാനാവാതെ പ്രതിസന്ധിയിലായി.
ചിറയുടെ അടുത്തായാണ് ജലനിധി പദ്ധതിയുടെ കിണർ. വിഷം കലക്കിയതോടെ ഈ കിണറിൽനിന്നുള്ള പമ്പിങ് ഒരുദിവസം നിർത്തേണ്ടി വന്നു. ഏകദേശം 137 കുടുംബങ്ങളാണ് ജലനിധി പദ്ധതിയെ ആശ്രയിക്കുന്നത്. സംഭവത്തിൽ വാർഡ് മെംബർ ഇ.എ. അബ്ദുൽ നാസർ നൽകിയ പരാതിയെ തുടർന്ന് മേലാറ്റൂർ പൊലീസ് ശനിയാഴ്ച സ്ഥലത്ത് പരിശോധന നടത്തി.
ഒരാഴ്ച മുമ്പ് എടപ്പറ്റ വഴിക്കടവത്തെ ജലനിധിയുടെ കിണറിൽ വിഷം കലക്കിയതിനെ തുടർന്ന് കിണറിൽ മത്സ്യങ്ങൾ ചത്തുചീഞ്ഞിരുന്നു. 295 വീടുകളിലെയും ഒരു എൽ.പി സ്കൂൾ, രണ്ട് അംഗൻവാടി എന്നിവയിലെ കുടിവെള്ളമാണ് മുടങ്ങിയത്. സാമൂഹികവിരുദ്ധർ മത്സ്യം പിടിക്കാനോ കുടിവെള്ളം മുടക്കാനോ ആണ് ഹീനമായ പ്രവൃത്തി നടത്തിയതെന്ന് ഉപഭോക്താക്കൾ ആരോപിച്ചിരുന്നു. ഇക്കഴിഞ്ഞ ദിവസം എടപ്പറ്റ പുളിയംതോട്ടിലെ കിഴക്കുംപാടം അരീക്കരചിറയിലെ വെള്ളം ചോർത്തിയതും നാട്ടുകാരെ പ്രതിസന്ധിയിലാക്കി. ചിറയിലെ വെള്ളത്തെ ആശ്രയിച്ചു കഴിഞ്ഞിരുന്ന ഇരുന്നൂറോളം വീട്ടുകാരും വഴിയാത്രക്കാരുമാണ് ദുരിതത്തിലായത്. ലക്ഷക്കണക്കിന് ലിറ്റർ ജലം സംഭരിച്ചിരുന്ന ചിറയായിരുന്നു. തോട്ടിൽ ഒഴുക്കു നിലച്ചതിനാൽ ഇനി മഴലഭിക്കാതെ ജലം സംഭരിക്കാൻ കഴിയില്ല. മത്സ്യം പിടിക്കാൻ സാമൂഹികവിരുദ്ധരാണ് ജലമൂറ്റിയതെന്നാണ് ആരോപണം. ജലസ്രോതസുകൾ നശിപ്പിക്കുന്നവരെ കണ്ടെത്തി കടുത്ത നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.