തിരുനാവായ: വിവിധയിനം നീർപ്പക്ഷികളെയും നിള തീരത്തെ ജൈവവൈവിധ്യത്തെയും താമരക്കായലിനെയും കുറിച്ച് പഠനം നടത്തി റിപ്പോർട്ട് തയാറാക്കാൻ കേന്ദ്രസംഘം തിരുനാവായയിലെത്തി. തിരുനാവായയിലെ മുഖ്യ ജലാശയങ്ങളായ വലിയപറപ്പൂർ കായൽ, പല്ലാറ്റ് കായൽ, സൗത്ത് പല്ലാർ, ബന്ദർകടവ് എന്നിവിടങ്ങളിൽ സംഘം പഠനം തുടങ്ങി. വിവിധയിനം പക്ഷികളും വൈവിധ്യമാർന്നതും വ്യത്യസ്തവും അപൂർവയിനത്തിൽ പെട്ടതുമായ നിരവധി സസ്യങ്ങളും ഇവിടങ്ങളിൽ കണ്ടെത്തി റിപ്പോർട്ട് ചെയ്തു.
ബൊട്ടാണിക്കൽ സർവേ ഓഫ് ഇന്ത്യയിലെയും ജില്ല സോഷ്യൽ ഫോറസ്റ്റ് ഡിപ്പാർട്മെന്റിലെയും ഉദ്യോഗസ്ഥർ പഠനത്തിന് നേതൃത്വം നൽകി. തിരുനാവായയിൽ നിലവിലെ പക്ഷിസങ്കേതങ്ങൾ കേന്ദ്രീകരിച്ച് ബോർഡുകൾ സ്ഥാപിക്കുന്നതും പല്ലാർ പക്ഷിസങ്കേതത്തിൽ പക്ഷികൾക്ക് കൂടുവെക്കാനാവശ്യമായ മരങ്ങൾ വെച്ചുപിടിപ്പിക്കുന്നതും ഉൾപ്പെടെ പ്രവൃത്തികൾ ഉടൻ ആരംഭിക്കുമെന്ന് ഫോറസ്റ്റ് അധികൃതർ അറിയിച്ചു. ബൊട്ടാണിക്കൽ സർവേ ഓഫ് ഇന്ത്യ സതേൺ റീജനൽ ജോയന്റ് ഡയറക്ടർ ഡോ. കെ.എ. സുജന, ബോട്ടണിസ്റ്റുകളായ ഡോ. എസ്. അറുമുഖം, ഡോ. രാജേഷ് ജി. വാദ്യാർ, സോഷ്യൽ ഫോറസ്റ്റ് റേഞ്ച് ഓഫിസർ ഒ.ഇ. മുഹമ്മദ് നിഹാൽ, ഡെപ്യൂട്ടി റേഞ്ച് ഓഫിസർ എൻ.പി. ദിവാകരനുണ്ണി, ഫോറസ്റ്റ് വാച്ചർ ഇ. അയ്യപ്പൻ, പരിസ്ഥിതി പ്രവർത്തകരായ ചിറക്കൽ ഉമ്മർ, സൽമാൻ കരിമ്പനക്കൽ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.