നിലമ്പൂർ: മമ്പാട് ഓടായിക്കിൽ പ്രദേശത്തെ കാട്ടാനശല്യം പരിഹരിക്കുന്നതിന് വനാതിർത്തിയിൽ പത്ത് കിലോമീറ്റർ ദൈർഘ്യത്തിൽ ഹൈപവർ സോളാർ ഫെൻസിങ് സ്ഥാപിക്കും. നിലമ്പൂർ നോർത്ത് ഡി.എഫ്.ഒ അശ്വിൻ കുമാറിന്റെ നേതൃത്വത്തിൽ എടക്കോട് ഫോറസ്റ്റ് സ്റ്റേഷനിൽ നടന്ന യോഗത്തിലാണ് തീരുമാനം. കാട്ടാന ആക്രമണത്തിൽ കണക്കൻകടവിലെ ആസ്യയുടെ മരണവുമായി ബന്ധപ്പെട്ട് എടക്കോട് ഫോറസ്റ്റ് സ്റ്റേഷനിലേക്ക് കഴിഞ്ഞ ദിവസം നാട്ടുകാർ ജനകീയ മാർച്ച് നടത്തിയിരുന്നു. ഇതേ തുടർന്ന് നിലമ്പൂർ സി.ഐ സമരക്കാർക്ക് നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് ഡി.എഫ്.ഒയുടെ നേതൃത്വത്തിൽ യോഗം ചേർന്നത്.
ഓടായിക്കൽ മുതൽ താളിപൊയിൽ വരെയും വടപുറം മുതൽ താളിപൊയിൽ വരെയും മാടം-വീട്ടിക്കുന്ന് കോളനി ഭാഗത്തുമായിരിക്കും സോളാർ വൈദ്യുതി വേലി നിർമിക്കുക. കൂടാതെ കിടങ്ങ് പണിയാൻ പുതിയ പ്രപ്പോസൽ നൽകും. രാത്രികാല പട്രോളിങ്ങും നടത്തും. എടക്കോട് സ്റ്റേഷനിലെ വനപാലകർക്കു പുറമെ ആർ.ആർ.ടിയിൽനിന്ന് രണ്ടു വനപാലകരുടെ സേവനവും ഉറപ്പാക്കും. കാട്ടാനശല്യം രൂക്ഷമായ സാഹചര്യത്തിൽ പ്രദേശവാസികളായ പത്തുപേരെ താൽക്കാലിക വനം വാച്ചർമാരായി നിയമിക്കണമെന്ന നാട്ടുകാരുടെ ആവശ്യം പരിഗണിക്കും. വാച്ചർമാരുടെ എണ്ണം പിന്നീട് തീരുമാനിക്കും. ഡി.എഫ്.ഒക്ക് പുറമെ നിലമ്പൂർ നോർത്ത് എ.സി.എഫ് എം.പി. രവീന്ദ്രനാഥ്, എടവണ്ണ റേഞ്ച് ഓഫിസർ ടി. റഹീസ്, മമ്പാട് ഗ്രാമപഞ്ചായത്തംഗങ്ങളായ എം.ആർ. സുബ്രഹ്മണ്യൻ, ജയ മുരളി, മേഴ്സി ബെന്നി, ഗ്രാമപഞ്ചായത്ത് മുൻ അംഗം ബിജു കളപുരക്കൽ, സമദ് തച്ചങ്ങോടൻ, വി.കെ. നസ്റുദീൻ, ബഷീർ പള്ളിതൊടി എന്നിവരും നാട്ടുകാരും യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.