ഉത്തരവാദ ടൂറിസം പദ്ധതി നടപ്പാക്കാൻ തൃത്താലയും പട്ടിത്തറയും

ഉത്തരവാദ ടൂറിസം പദ്ധതി നടപ്പാക്കാൻ തൃത്താലയും പട്ടിത്തറയും കൂറ്റനാട്: പറയിപെറ്റ പന്തിരുകുലത്തിന്‍റെ ഈറ്റില്ലമായ തൃത്താലയില്‍ നാടന്‍ കലാരൂപങ്ങളായ പൂതനും തിറയും വില്ലുപാട്ടുമെല്ലാം സഞ്ചാരികൾക്ക്​ മുന്നിലെത്തും. ഉത്തരവാദിത്ത ടൂറിസം പദ്ധതിയിലൂടെ സഞ്ചാരികൾക്ക് പൂതനും തിറയും അടക്കമുള്ള തനത് നാടൻകലകളും മറ്റു സവിശേഷ കാഴ്ചകളും അനുഭവങ്ങളും പകർന്നുനൽകാനുള്ള ഒരുക്കത്തിലാണ് തൃത്താല, പട്ടിത്തറ പഞ്ചായത്തുകൾ. രണ്ടു പഞ്ചായത്തുകളിലെയും സാംസ്കാരിക സമ്പത്തുകളെ ക്രോഡീകരിച്ച് സഞ്ചാരികൾക്കു മുന്നിൽ അവതരിപ്പിക്കാനുള്ള ടൂറിസം റിസോഴ്‌സ് മാപ്പിങ് സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷൻ ആരംഭിച്ചു. ആദ്യഘട്ട ടൂറിസം റിസോഴ്‌സ് മാപ്പിങ്ങിലൂടെ രണ്ടു പഞ്ചായത്തുകളിലും എത്തുന്ന സഞ്ചാരികൾക്ക് കാണാനും കേൾക്കാനും ആസ്വദിക്കാനുമുള്ള കാര്യങ്ങൾ പ്രത്യേകം അടയാളപ്പെടുത്തും. തുടർന്ന്​ ഇവ വ്യത്യസ്ത മേഖലകളായി തിരിച്ച് ടൂറിസം സ്ട്രീറ്റുകൾ തയാറാക്കും. പ്രാദേശികമായ സവിശേഷതകൾ സഞ്ചാരികൾക്കു മുന്നിൽ അവതരിപ്പിക്കാൻ കഴിയുംവിധം ഗ്രീന്‍ സ്​ട്രീറ്റ്, കള്‍ച്ചറല്‍ സ്ട്രീറ്റ്, എത്‌നിക് ക്യുസീന്‍ -ഫുഡ് സ്ട്രീറ്റ്, വില്ലേജ് ലൈഫ് എക്‌സ്പീരിയന്‍സ്- എക്‌സ്പീരിയന്‍ഷ്യല്‍ ടൂറിസം സ്ട്രീറ്റ്, അഗ്രി ടൂറിസം സ്ട്രീറ്റ്, വാട്ടര്‍ സ്ട്രീറ്റ്, ആര്‍ട്ട് സ്ട്രീറ്റ് എന്നിങ്ങനെ വിവിധ ടൂറിസം തെരുവുകള്‍ നിലവില്‍വരും. തൃത്താലയുടെയും പട്ടിത്തറയുടെയും സംസ്കാരം, കലകൾ, കാർഷിക സംസ്കാരം, കൈത്തൊഴിലുകൾ, ഭക്ഷണം, പ്രകൃതി തുടങ്ങിയവ ഇതുവഴി സഞ്ചാരികൾക്ക്​ പകർന്ന്​ നൽകാനാകും. സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷന്‍റെ വെബ്‌സൈറ്റിൽ ഇതുസംബന്ധിച്ച വിവരങ്ങൾ പ്രസിദ്ധീകരിക്കും. പട്ടിക്കായലിലെ വെള്ളം ഭാരതപ്പുഴയിലേക്ക് ഒഴുക്കുന്ന കൂമൻതോട്, പട്ടിത്തറ പഞ്ചായത്തിലെ പ്രസിദ്ധമായ നേന്ത്രവാഴ കൃഷി, ഭാരതപ്പുഴയുടെ തീരങ്ങൾ, മനകൾ അടക്കമുള്ള പഴയകാല വീടുകൾ, ആരാധനാലയങ്ങൾ, പറയിപെറ്റ പന്തിരുകുലത്തിലെ ഐതിഹ്യവുമായി ബന്ധപ്പെട്ട സ്മാരകങ്ങൾ, സാഹിത്യ -കല പാരമ്പര്യങ്ങൾ എന്നിവയെല്ലാം ഉത്തരവാദിത്ത ടൂറിസം പദ്ധതിയിലെ വിഭവങ്ങളാണ്. ഇതടക്കം രണ്ടു പഞ്ചായത്തുകളിലെയും നിരവധി സവിശേഷ ആകർഷണങ്ങളുടെ വിവര ശേഖരണം 10 ദിവസത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന്​ അധികൃതർ അറിയിച്ചു. P3 ank (തിറ) (തൃത്താല മേഖലയിലെ കലാരൂപങ്ങളില്‍ ഒന്ന്)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.