ജില്ലയില്‍ മഴക്കാലപൂർവ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം

മഴക്കാലപൂർവ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം പാലക്കാട്: ജില്ലയില്‍ മഴക്കാലപൂർവ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കി ആരോഗ്യ വകുപ്പ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ശുചിത്വ മിഷന്‍ എന്നിവരുടെ സഹകരണത്തോടെയാണ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ഡ് അടിസ്ഥാനത്തില്‍ നടക്കുന്ന മഴക്കാലരോഗ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 50 വീടുകള്‍ക്ക് ഒരു വളന്‍റിയറെന്ന നിലയില്‍ വാര്‍ഡ് മെംബര്‍ അടങ്ങുന്ന കര്‍മസേന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. മേയ് മുതല്‍ ഡിസംബര്‍ വരെ സ്‌കൂള്‍, കോളജ്, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ആഴ്ചയിലൊരിക്കല്‍ ഡ്രൈ ഡേ ആചരിക്കും. ഗാര്‍ഹിക, പൊതുസ്ഥല ഉറവിട നശീകരണ പ്രവര്‍ത്തനങ്ങൾ, ഈഡിസ് കൊതുക് സാന്ദ്രത കൂടിയ പ്രദേശങ്ങളില്‍ ജനപങ്കാളിത്തത്തോടെ സംയോജിത കൊതുക് നിയന്ത്രണം, ജലസ്രോതസ്സുകളിലെ ക്ലോറിനേഷന്‍, കൊതുക് ഉറവിട നശീകരണ നിര്‍ദേശങ്ങള്‍ എന്നീ പ്രവർത്തനങ്ങൾ കര്‍മസേനക്ക് നല്‍കുമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. മഴക്കാലപൂർവ രോഗങ്ങള്‍ക്കെതിരായ ബോധവത്കരണം അംഗൻവാടികള്‍ കേന്ദ്രീകരിച്ച് നടത്തുകയും ആശാവര്‍ക്കര്‍മാര്‍ മുഖേന ഒ.ആര്‍.എസ് ലഭ്യമാക്കുകയും ചെയ്യും. പി.എച്ച്.സികള്‍, മറ്റ് ആരോഗ്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നോട്ടീസ് വിതരണം നടത്തും. തോട്ടം മേഖലകളില്‍ കൊതുക് നിര്‍മാര്‍ജനത്തിനായി നഗരസഭയുടെ നേതൃത്വത്തില്‍ സ്പ്രേയിങ് ആരംഭിക്കും. ദേശീയ ഡെങ്കിപ്പനി ദിനാചരണത്തോടനുബന്ധിച്ച് മേയ് 16ന് പഞ്ചായത്ത് തലത്തില്‍ കൊതുക് നശീകരണ കര്‍മപദ്ധതികള്‍ക്കും തുടക്കമിടും. മഴക്കാലപൂർവ ശുചീകരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ നിര്‍ദേശങ്ങള്‍ നല്‍കാനായി ജില്ല കലക്ടറുടെ അധ്യക്ഷതയില്‍ വിവിധ വകുപ്പുകളുടെ സംയോജിത യോഗം ചേരുമെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.