പട്ടാമ്പി: പടിഞ്ഞാറേ മഠം ഗുരുവായൂരപ്പൻ ക്ഷേത്ര ദർശനത്തിനെത്തിയ ഭക്ത ഓടയിൽ വീണു. തലക്ക് പരിക്കേറ്റ ഇവരെ പട്ടാമ്പി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓടയുടെ സ്ലാബ് തകർന്നതാണ് അപകട കാരണം. പട്ടാമ്പി നേർച്ചയുടെ മുന്നൊരുക്കമായി അഴുക്കു ചാലുകൾ വൃത്തിയാക്കാൻ സ്ലാബുകൾ മാറ്റിയിരുന്നു. ഇവ പൂർണമായും പുനഃസ്ഥാപിച്ചിട്ടില്ല.
പലയിടങ്ങളിലും സ്ലാബുകൾ പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. എടുത്തുമാറ്റുന്നതിനിടെ കാലപ്പഴക്കം ചെന്നവ തകർന്നെന്നും ഉപയോഗ യോഗ്യമായവ പുനഃസ്ഥാപിച്ചെന്നും നിള-ഐ.പി.ടി റോഡ് നിർമാണം പൂർത്തിയാവുന്നതോടെ പ്രശ്നം പൂർണമായും പരിഹരിക്കപ്പെടുമെന്നും നഗരസഭാധ്യക്ഷ ഓ. ലക്ഷ്മിക്കുട്ടി പറഞ്ഞു.
എന്നാൽ നഗരസഭയുടെ അനാസ്ഥ വഴിയാത്രക്കാർക്ക് മരണക്കെണിയാകുന്നതായി മണ്ഡലം കോൺഗ്രസ് കമ്മറ്റി കുറ്റപ്പെടുത്തി. നഗരസഭയിലെ പ്രതിപക്ഷ കൗൺസിലർമാർ പലതവണ കൗൺസിലിൽ ആവശ്യപ്പെട്ടിട്ടും തകർന്ന ചാലുകൾക്കു മുകളിൽ സ്ലാബുകൾ പുന:സ്ഥാപിച്ചില്ല. ഏറെ വാഹനത്തിരക്കുള്ള പട്ടാമ്പി ടൗണിൽ കാൽനടയാത്രക്കാർക്ക് റോഡരികിലേക്ക് മാറിനിൽക്കാൻ പോലും പറ്റാത്ത സ്ഥിതിയാണ്.
സ്ലാബുകൾ ഉടൻ പുന:സ്ഥാപിച്ചില്ലെങ്കിൽ പ്രതിഷേധവുമായി മുന്നോട്ടു പോകാൻ മണ്ഡലം കോൺഗ്രസ് കമ്മിറ്റി തീരുമാനിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.ആർ. നാരായണ സ്വാമി, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സി. കൃഷ്ണദാസ്, ഇ.ടി. ഉമ്മർ, കെ. ബഷീർ, ഉമ്മർ കീഴായൂർ, പി.വാഹിദ്, ടി.പി.മുനീർ, വാഹിദ് കാര്യാട്ട് സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.