പത്തിരിപ്പാല: പാലക്കാട്-കുളപ്പുള്ളി സംസ്ഥാനപാതയിൽ ലക്കിടി പേരൂർ ഗ്രാമപഞ്ചായത്ത് ഓഫിസിന് സമീപം ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു. കാറിൽ ഉണ്ടായിരുന്ന കുട്ടിയും സ്ത്രീകളുമടങ്ങുന്ന നാലംഗ സംഘം അത്ഭുതകരമായി രക്ഷപ്പെട്ടു. ഞായറാഴ്ച വൈകീട്ട് 6.25ന് ലക്കിടി മംഗലം യുനൈറ്റഡ് കൺവെൻഷൻ സെന്ററിന് മുന്നിലാണ് സംഭവം.
കല്ലൂരിൽനിന്ന് ഒറ്റപ്പാലത്തേക്ക് പോയ സംഘം സഞ്ചരിച്ച കാറാണ് പൂർണമായും കത്തി നശിച്ചത്. കാറുടമ മങ്കര കല്ലൂർ അരങ്ങാട്ടിൽ റസാക്ക്, ഷമീം, റംസീന, റിസ്വാൻ എന്നിവരാണ് കാറിലുണ്ടായിരുന്നത്. ഓടുന്ന കാറിനടിയിൽനിന്ന് തീ കണ്ടതോടെ നാട്ടുകാർ ബഹളം വെച്ച് ഡ്രൈവറെ അറിയിച്ചതോടെ നിർത്തി കാറിലുണ്ടായിരുന്നവർ പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.
തുടർന്ന് നാട്ടുകാരും പൊലീസും ഹൈവേ പൊലീസും കോങ്ങാട് അഗ്നിരക്ഷ സേനയും ചേർന്നാണ് തീയണച്ചത്. സംഭവത്തെ തുടർന്ന് പാലക്കാട്-കുളപ്പുള്ളി റോഡിൽ അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.