പാലക്കാട്: കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴിക്കായുള്ള ഭൂമി ഏറ്റെടുക്കല്‍ 2023 അവസാനത്തോടെ പൂര്‍ത്തിയാകുമെന്ന് ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു. ഇതിനായി പാലക്കാട് കഞ്ചിക്കോട് വ്യവസായ മേഖലയില്‍ നിലവില്‍ ലഭിച്ച 1774.5 ഏക്കറില്‍ 1223.8 ഏക്കര്‍ ഭൂമിയേറ്റെടുത്തു. കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴിക്കായി കിഫ്ബിക്ക് ആവശ്യമായി വരുന്നത് 2185 ഏക്കര്‍ ഭൂമിയാണ്. നഷ്ടപരിഹാരം നല്കാന് 2608 കോടി രൂപ കിഫ്ബി നീക്കിവെച്ചു.
കേരളം, തമിഴ്നാട്, ആന്ധ്രപ്രദേശ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങള്‍ ബന്ധിപ്പിച്ച് 10,000 കോടിയുടെ നിക്ഷേപവും 10,000 തൊഴിലവസരവും ലക്ഷ്യമിടുന്ന പദ്ധതിയാണ് കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴി. തൃശൂര്‍-വാളയാര്‍ ദേശീയപാത 544നോട് ചേര്‍ന്ന് കണ്ണമ്പ്ര, പുതുശ്ശേരി സെന്‍ട്രല്‍, വെസ്റ്റ് വില്ലേജുകളിലായി സ്ഥിതി ചെയ്യുന്ന വ്യവസായ പാര്‍ക്കില്‍ ഭക്ഷ്യസംസ്കരണം, ഇലക്ട്രോണിക്, ഐ.ടി, പരമ്പരാഗത ഉൽപന്നം എന്നിവയുടെ യൂനിറ്റ്, ലോജിസ്റ്റിക് പാര്‍ക്ക്, സംഭരണകേന്ദ്രം, ശീതീകരണ സംഭരണശാല എന്നിവ സജ്ജമാക്കും. ഭൂമി വിട്ടുനല്‍കിയ 1131 പേരില്‍ 783 പേര്‍ക്ക് കിഫ്ബി മുഖേന 1323.59 കോടി രൂപ നഷ്ടപരിഹാരം നല്കി.
കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്ക് 50 ശതമാനം വീതമാണ് ഓഹരി. സംസ്ഥാനം ഭൂമിയും കേന്ദ്രം പാര്‍ക്കും ഒരുക്കും. പാലക്കാട് ഇന്റഗ്രേറ്റഡ് മാനുഫാക്ചറിങ് ക്ലസ്റ്ററും (ഐ.എം.സി) കൊച്ചിയില്‍ കൊച്ചി ഗ്ലോബല്‍ ഇന്‍ഡസ്ട്രീസ് ഫിനാന്‍സ് ആന്‍ഡ് ട്രേഡ് സിറ്റിയുമാണ് (ജി.ഐ.എഫ്.ടി) വരുന്നത്. ചെന്നൈ-ബംഗളൂരു വ്യവസായ ഇടനാഴി കോയമ്പത്തൂര്‍ വഴി കേരളത്തിലേക്ക് ദീര്‍ഘിപ്പിച്ചാണ് 3600 കോടിയുടെ പദ്ധതി 2019ല്‍ പ്രഖ്യാപിച്ചത്. 2021ല്‍ ഭൂമി ഏറ്റെടുക്കല്‍ തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.