ആലത്തൂർ: കേരള വാട്ടർ അതോറിറ്റി ഉപഭോക്താവിൽനിന്ന് കൈപ്പറ്റിയ അധികസംഖ്യ പലിശയും ചെലവും മനഃക്ലേശത്തിനുള്ള നഷ്ടവും സഹിതം തിരിച്ചുനൽകാൻ ജില്ല ഉപഭോക്തൃ തർക്കപരിഹാര കമീഷൻ ഉത്തരവിട്ടു. കിഴക്കഞ്ചേരി മൂലങ്കോട് മനക്കൽ വാരിയം എം.വി. ദയാനന്ദൻ, വാട്ടർ അതോറിറ്റി പാലക്കാട് എക്സിക്യൂട്ടിവ് എൻജിനീയർ, ആലത്തൂർ അസി. എക്സിക്യൂട്ടിവ് എൻജിനീയർ, ആലത്തൂർ അസി. എൻജിനീയർ എന്നിവർക്കെതിരെ നൽകിയ പരാതിയിലാണ് വി. വിനയ് മേനോൻ പ്രസിഡന്റും എ. വിദ്യ അംഗവുമായ ജില്ല കമീഷൻ ഉത്തരവിട്ടത്.
അധിക സംഖ്യയായി കണ്ടെത്തിയ 35,593 രൂപ, സംഖ്യ ഈടാക്കിയ കാലം മുതൽ ഉത്തരവ് വന്ന തീയതി വരെ ഒമ്പത് ശതമാനം പലിശയും മനോവിഷത്തിന് 3000 രൂപയും ചെലവ് 2000 ഉൾപ്പെടെ നൽകാനാണ് ഉത്തരവ്.
കണക്ഷൻ വിച്ഛേദിക്കാൻ 2012 ഏപ്രിൽ ഒമ്പതിന് അപേക്ഷ നൽകിയ ഉപഭോക്താവിന് 2018 ഫെബ്രുവരി 23ന് 22,804 രൂപ കുടിശ്ശിക കാണിച്ച് നോട്ടീസ് നൽകുകയായിരുന്നു. തുടർന്ന് കണക്ഷൻ വിച്ഛേദിച്ചത് 2015 ജൂൺ മാസമാണെന്നും അതുവരെയുള്ള സംഖ്യ 12,840 രൂപയാണെന്നും അതിന്റെ പലിശയും പിഴയും ചേർത്താണ് മേൽപറയുന്ന സംഖ്യയെന്നും ഉപഭോക്താവിന് വിശദീകരണവും നൽകി. തുകയിൽ ഇളവ് ലഭിക്കാൻ അദാലത്തിൽ അപേക്ഷ നൽകാനും നിർദേശിച്ചു.
അപേക്ഷ നൽകി കാത്തിരിക്കവെ 71,786 രൂപ ഈടാക്കിയെന്നുമാണ് പരാതി. ഇതേ തുടർന്നാണ് കൺസ്യൂമർ ജസ്റ്റിസിന്റെ സഹായത്തോടെ ജില്ല കമീഷനിൽ പരാതി നൽകിയത്. അഡ്വ. എം.രവീന്ദ്രൻ പരാതിക്കാരന് വേണ്ടി ഹാജരായി. 45 ദിവസത്തിനുള്ളിൽ സംഖ്യ നൽകണമെന്ന് ഉത്തരവിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.