പാലക്കാട്: പ്രതിസന്ധികൾക്കിടയിലും ആത്മവിശ്വാസം കൈവിടാതെ കർഷകർ പ്രതീക്ഷയോടെ ഒന്നാംവിളക്ക് ഒരുക്കം തുടങ്ങി. സർക്കാറിന് നെല്ല് നൽകി പണം ലഭിക്കാതെ കടക്കെണിയിൽ കുടുങ്ങിക്കിടക്കുമ്പോഴും വയലുകളിൽ ഒന്നാം വിളക്കുള്ള ഒരുക്കം പതിവുപോലെ ആരംഭിച്ചു. താങ്ങുവിലക്ക് നെല്ലുസംഭരിച്ച സപ്ലൈകോ കഴിഞ്ഞ സീസണിലെ പണം ഇതുവരെയും കൊടുത്തുതീർത്തിട്ടില്ല.
ജില്ലയിൽ ഒന്നാംവിള സാധാരണ പൊടിവിത നടത്തിയാണ് കൃഷിയിറക്കുന്നത്. വിഷുകഴിഞ്ഞ ഉടനെ കാലാവസ്ഥ അനുകൂലമായാൽ കർഷകർ പാടങ്ങളിൽ കൃഷിപ്പണികൾക്ക് തുടക്കം കുറിക്കുന്നത് പതിവാണ്.
വേനൽമഴ ജില്ലയിലെ പലയിടത്തും വ്യത്യസ്ത തോതിൽ ലഭിച്ചതിനാൽ കർഷകർക്ക് ഏകീകരിച്ച് വിളയിറക്കാൻ കഴിയാത്ത സ്ഥിതിയുണ്ട്. വിത ആരംഭിക്കുന്നതിന് മുമ്പായി പാടശേഖരങ്ങളിലെ വരമ്പുകൾ വൃത്തിയാക്കി ട്രാക്ടർ ഉപയോഗിച്ച് നിലം ഉഴുത് മറിച്ച് വിത്ത് എറിയുന്നതിന് പാകമാക്കുന്ന പ്രവൃത്തികളാണ് ഇപ്പോൾ നടക്കുന്നത്. ഉമ, ജ്യോതി തുടങ്ങിയ വിത്തുകളാണ് സാധാരണയായി ഒന്നാംവിളക്ക് ഉപയോഗിക്കുന്നത്.
ഇതിൽ ഉമക്ക് 120 ദിവസവും ജ്യോതിക്ക് 90 ദിവസത്തെ കാലാവധിയുമാണുള്ളത്. ഒന്നാം വിളയിൽ മഴ ലഭ്യത കുടൂതൽ ലഭിക്കുന്നതിനാൽ ചെടികൾ മഴയത്ത് വീഴാതെ നിൽക്കുന്ന വിത്തുകളാണ് കർഷകർ തെരഞ്ഞടുക്കുന്നത്. കാലാവസ്ഥ അനുകൂലമായാൽ ഒന്നാം വിള ശരാശരി 26000 മുതൽ 30,000 ഹെക്ടർ വരെ സ്ഥലത്ത് കൃഷിയിറക്കും. അതേസമയം, രണ്ടാം വിള നെല്ലിന്റെ പണം ഇതുവരെ ലഭിക്കാത്തത് കർഷകരെ ഏറെ പ്രതിസന്ധിയിലാക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.