അലനല്ലൂർ: ശനിയാഴ്ച രാത്രിയോടെ വെള്ളിയാറിൽ ഒഴുക്കിൽപെട്ട ആളെ കണ്ടെത്താനായില്ല. പുത്തൂർ മരുതംപാറ പടുവിൽകുന്ന് പുളിക്കൽ യൂസുഫിനെയാണ് ഒഴുക്കിൽപ്പെട്ടതായി സംശയിക്കുന്നത്. വിവിധ രക്ഷാസേനകളുടെയും നാട്ടുകാരുടെയും ട്രോമാകെയറിന്റെയും നേതൃത്വത്തിൽ തിരച്ചിൽ തുടരുന്നുണ്ടെങ്കിലും ഇതുവരെ കണ്ടെത്താനായിട്ടില്ല. വീടിനുസമീപത്തെ തോട്ടിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നെന്ന് പറയപ്പെടുന്നു. ശനിയാഴ്ച രാത്രി ഉച്ചാരക്കടവ് പാലത്തിന് സമീപം ചൂണ്ടയിടുകയായിരുന്ന യുവാക്കൾ പുഴയിൽ ഒരാളെ കണ്ടതായും പറയുന്നു.
ഇവർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ശക്തമായ ഒഴുക്കിനെ തുടർന്ന് കഴിഞ്ഞില്ല. തുടർന്ന് നാട്ടുകാർ വിവരം നൽകിയതിന്റെ അടിസ്ഥാനത്തിൽ ഫയർഫോഴ്സ് ആൻഡ് റെസ്ക്യൂ ടീമിന്റെ നേതൃത്വത്തിൽ വെള്ളിയാറിൽ തിരച്ചിൽ നടത്തിയെങ്കിലും ആളെ കണ്ടെത്താനായിട്ടില്ല. രാത്രി തിരച്ചിൽ അവസാനിപ്പിക്കുകയും ഞായറാഴ്ച രാവിലെ പുനരാരംഭിച്ചിരിക്കുകയും ചെയ്തു. ഞായറാഴ്ച രാവിലെ 10 മണിയോടെ മലപ്പുറത്ത് നിന്നുള്ള രക്ഷാപ്രവർത്തക സംഘവും എത്തിയാണ് തിരച്ചിൽ നടന്നത്.
സ്കൂബ ടീം ഉൾപ്പെടെയുള്ളവർ ഉച്ചാരക്കടവ്, ചന്തപ്പടി, മേലാറ്റൂർ, കീഴാറ്റൂർ മണിയാണീരിക്കടവ് എന്നിവിടങ്ങളിലാണ് തിരച്ചിൽ ശക്തമാക്കിയത്. ഞായറാഴ്ച വൈകുന്നേരം മണിയാണീരക്കടവിലെ കല്ലട ഭാഗത്തേക്കും തിരച്ചിൽ വ്യാപിച്ചിട്ടുണ്ട്. രണ്ട് ടീമായാണ് തിരച്ചിൽ നടക്കുന്നത്. നാട്ടുകാരും ട്രോമാകെയർ പ്രവർത്തകരും തിരച്ചിലിൽ പങ്കാളികളാകുന്നുണ്ട്. പ്രതികൂല കാലാവസ്ഥയും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി തീർക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.