ആലത്തൂർ: അഗ്നിരക്ഷ നിലയം നാടിന് രക്ഷയാണെങ്കിൽ ആലത്തൂരിലെ യൂനിറ്റിൽ ജീവനക്കാർക്ക് ജീവഭയമാണുള്ളത്. അപകടാവസ്ഥയിലുള്ള കെട്ടിടത്തിലാണ് നിലയം പ്രവർത്തിക്കുന്നത്. പുതിയ സ്ഥലത്ത് കെട്ടിടനിർമാണം നടക്കുന്നത് വരെ മറ്റൊരു സ്ഥലത്തേക്ക് നിലയം മാറ്റുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ കെ.ഡി. പ്രസേനൻ എം.എൽ.എ ഉന്നയിച്ച സബ്മിഷന് മറുപടിയായി അറിയിച്ചിട്ടിപ്പോൾ രണ്ട് വർഷം കഴിഞ്ഞു.
ജലസേചന വകുപ്പ് കൈമാറിയ കുഴൽമന്ദം ചിതലിയിലെ 50 സെന്റ് സ്ഥലത്ത് കെട്ടിടം നിർമിക്കാൻ നടപടികൾ നടന്നുവരികയാണെന്നും നിർമാണം പൂർത്തിയാകുന്നതുവരെ മറ്റൊരു കെട്ടിടത്തിലേക്ക് പ്രവർത്തനം മാറ്റാൻ നടപടി സ്വീകരിക്കുന്നുവെന്നുമാണ് മുഖ്യമന്ത്രി അന്ന് അറിയിച്ചത്.
ചിതലിയിലെ കെട്ടിട നിർമാണത്തിന്റെ നടപടി ക്രമങ്ങൾ പൂർത്തിയാക്കിയെങ്കിലും ഭരണ-സാങ്കേതിക അനുമതികൾ ലഭിക്കാത്തത് കൊണ്ട് പണി തുടങ്ങിയിട്ടില്ല. താൽക്കാലികമായി മാറ്റാൻ സൗകര്യപ്രദമായ കെട്ടിടങ്ങളും കിട്ടിയിട്ടില്ല. 14 പഞ്ചായത്തുകളിലായി പ്രവർത്തന പരിധി വ്യാപിച്ചു കിടക്കുന്ന ആലത്തൂർ അഗ്നിരക്ഷാനിലയം 2000 മുതൽ ആലത്തൂർ ഗ്രാമപഞ്ചായത്തിന്റെ കമ്യൂണിറ്റി ഹാളിലാണ് പ്രവർത്തിക്കുന്നത്. കെട്ടിടം കാലപഴക്കത്തെ തുടർന്ന് ഏത് സമയവും തകർന്നു വീഴാവുന്ന നിലയിലാണുള്ളത്. മാനം കറുത്താൽ നിലയത്തിലെ ജീവനക്കാരുടെ മനസ്സും കറുക്കുമെന്ന നിലയിലാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.