പാലക്കാട്: ജില്ലയിലെ ഇളമുറ മണ്ഡലമാണ് ആലത്തൂർ. മൂന്ന് തെരഞ്ഞെടുപ്പിന്റെ മാത്രം പ്രായമുള്ള മണ്ഡലം. ജില്ലയിൽ തന്നെ ശക്തമായ സംഘടന സംവിധാനങ്ങളുള്ള മണ്ഡലത്തിൽ കഴിഞ്ഞതവണ സി.പി.എമ്മിനേറ്റ തിരിച്ചടി ആലത്തൂരിലേക്ക് രാഷ്ട്രീയകേരളത്തിന്റെ ശ്രദ്ധയാകർഷിച്ചു. ഇക്കുറി ഇടത്-വലത് മുന്നണികൾ പ്രചാരണപരിപാടികൾ ആരംഭിച്ചതോടെ ആലത്തൂരെന്ന അങ്കത്തട്ടിൽ വേനലിനെ നിഷ്പ്രഭമാക്കുന്ന തെരഞ്ഞെടുപ്പ് ചൂട്.
പേര് ആലത്തൂരെന്നാണെങ്കിലും പാലക്കാട് ജില്ലയിലെ നാലും തൃശൂര്‍ ജില്ലയിലെ മൂന്നും നിയമസഭ മണ്ഡലങ്ങളടങ്ങിയതാണ് ആലത്തൂര്‍ ലോക്സഭ മണ്ഡലം. പഴയ ഒറ്റപ്പാലം മണ്ഡലത്തിൽ കെ.ആര്. നാരായണന് ജയിച്ച ഓര്‍മകള്‍ മാത്രമാണ് കോണ്‍ഗ്രസിനുണ്ടായിരുന്നത്. പിന്നീട് ഒറ്റപ്പാലം മാറി ആലത്തൂരായപ്പോള്‍ ഒന്നുകൂടി ചുവന്നു.
2019ലെ തെരഞ്ഞെടുപ്പില്‍ സി.പി.എം ഏറ്റവും അധികം പ്രതീക്ഷ പുലര്‍ത്തിയ മണ്ഡലമായിരുന്നു ആലത്തൂര്‍. കോണ്‍ഗ്രസാകട്ടെ അത്ര പ്രതീക്ഷയില്ലെന്ന മട്ടിലും. ഹാട്രിക് വിജയത്തിനായി പി.കെ. ബിജു കളത്തിലിറങ്ങിയപ്പോൾ പിന്നെയും വൈകിയായിരുന്നു സ്ഥാനാർഥിയായി രമ്യയുടെ വരവ്.
പല പേരുകളും ഉയര്‍ന്ന് കേട്ടെങ്കിലും അവസാന നിമിഷമാണ് കോഴിക്കോട് ജില്ലയിലെ കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായ രമ്യ ഹരിദാസ് സ്ഥാനാര്‍ഥിയായി എത്തുന്നത്. ശബരിമല വിവാദം കത്തിനിന്ന അവസരത്തിലാണ് 2019ലെ തെരഞ്ഞെടുപ്പ് നടക്കുന്നത്. ആലത്തൂര്‍ ഉറച്ച സീറ്റായി തന്നെ സി.പി.എമ്മും കണക്കുകൂട്ടി. വിവാദങ്ങൾ വീറേറ്റിയതോടെ സി.പി.എം ശക്തികേന്ദ്രത്തിലെ തെരഞ്ഞെടുപ്പ് എന്നതിലുപരി രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പായി ആലത്തൂർ മാറിയത് പെട്ടെന്നാണ്.
ഒടുക്കം 1,58,968 വോട്ടിന്റെ ഭൂരിപക്ഷത്തിന് രമ്യ വിജയിച്ചപ്പോൾ അമിത ആത്മവിശ്വാസവുമായി തെരഞ്ഞെടുപ്പിനിറങ്ങിയ സി.പി.എമ്മിന് അത് അത്രമേൽ കനത്ത പ്രഹരവുമായി. സ്ട്രോങ് റെഡ് ഏരിയ എന്ന് സാക്ഷാൽ ഇ.കെ നായനാർ വിശേഷിപ്പിച്ച ആലത്തൂർ നിയമസഭ മണ്ഡലത്തിൽ പോലും മിക്ക ബൂത്തുകളിലും സി.പി.എം പിന്നിലായതായിരുന്നു കാഴ്ച.
സ്വന്തം തട്ടകമെന്ന് വിശ്വസിച്ച ആലത്തൂരിൽ അടിതെറ്റിയത് സി.പി.എമ്മിൽ പ്രാദേശിക തലത്തിലും പാർട്ടിയിൽ ഒന്നാകെയും വലിയ ചർച്ചകൾക്ക് വഴിമരുന്നിട്ടു. രാഷ്ട്രീയ സാഹചര്യത്തിനൊപ്പം അടിത്തട്ടിലെ പ്രവര്‍ത്തകരുമായി ബന്ധം പുലര്‍ത്തുന്നതില്‍ അന്നത്തെ സ്ഥാനാര്‍ഥിയും സിറ്റിങ് എം.പിയുമായിരുന്ന പി.കെ. ബിജുവിന് വന്ന വീഴ്ചയും കാരണമായി വിലയിരുത്തപ്പെട്ടു.
നേരിട്ട തിരിച്ചടിയിൽ നിന്നുൾക്കൊണ്ട തിരിച്ചറിവുകൾ കൈമുതലാക്കിയാണ് ഇത്തവണ പാർട്ടി തെരഞ്ഞെടുപ്പുതന്ത്രം മെനയുന്നത്. രണ്ടുപേർക്കാണ് ഇക്കുറി മണ്ഡലത്തിന്റെ ചുമതല വീതിച്ച് നൽകിയിരിക്കുന്നത്. മണ്ഡലത്തില്‍നിന്നുള്ള നേതാവും പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയംഗവും മന്ത്രിയുമായ കെ. രാധാകൃഷ്ണനെ തന്നെ രംഗത്തിറക്കുന്നതിന് പിന്നിലും ഈ തന്ത്രമാണെന്ന് വിലയിരുത്തപ്പെടുന്നു. തുടർച്ചയാണ് യു.ഡി.എഫിന് മുന്നിലുള്ള വെല്ലുവിളി.
പതിവുപോലെ ഇക്കുറിയും സ്ഥാനാർഥി പ്രഖ്യാപനം വൈകുന്നത് പാർട്ടി കേന്ദ്രങ്ങളെ ഒട്ടൊന്നുമല്ല അസ്വസ്ഥമാക്കുന്നത്. അരിവാൾ മാറ്റിയ കൈക്ക് ഇപ്പോഴും അതേ കരുത്തുണ്ടെന്ന് നേതാക്കളും ആവർത്തിക്കുന്നു. ബി.ഡി.ജെ.എസിൽ നിന്ന് സീറ്റ് തിരിച്ചെടുത്ത ബി.ജെ.പിയും സ്ഥാനാർഥിയെ പ്രഖ്യാപിക്കാനിരിക്കുകയാണ്. അടിയൊഴുക്കുകളും അതിനപ്പുറം പ്രാദേശിക വികാരങ്ങളും വിധിനിർണയിക്കുന്ന ആലത്തൂരിൽ ഇക്കുറി അങ്കം കേമമാകും.
2009 സി.പി.എം - പി.കെ. ബിജു
കോൺഗ്രസ് -എൻ.കെ. സുധീർ
ഭൂരിപക്ഷം -20960
2014 സി.പി.എം - പി.കെ. ബിജു
കോൺഗ്രസ് -കെ.എ. ഷീബ
ഭൂരിപക്ഷം -37,312
2019 കോൺഗ്രസ് -രമ്യ ഹരിദാസ്
സി.പി.എം- പി.കെ. ബിജു
ഭൂരിപക്ഷം -1,58,968
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.