പറമ്പിക്കുളം: അരിക്കൊമ്പനെ പറമ്പിക്കുളത്ത് കൊണ്ടുവിടാനുള്ള നീക്കത്തിനെതിരെ ആദിവാസികൾ പന്തംകൊളുത്തി പ്രകടനം നടത്തി. പൂപ്പാറ, എർത്ത് ഡാം, കുരിയാർകുറ്റി, കടവ് തുടങ്ങിയ ആറ് കോളനികളിലാണ് ആദിവാസികൾ വെള്ളിയാഴ്ച വൈകീട്ട് ഏഴിന് പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തിയത്.
ജീവിക്കാനും പുറത്തിറങ്ങാനുമുള്ള സ്വാതന്ത്ര്യം ഹനിക്കുന്ന കോടതി ഉത്തരവിനെതിരെ കുട്ടികൾ മുതൽ മുതിർന്നവരടക്കം ഇരുനൂറിലധികം ആദിവാസികളാണ് ഊരുമൂപ്പൻ മല്ലിയപ്പന്റെ നേതൃത്വത്തിൽ പൂപ്പാറ കോളനിയിൽ പന്തം കൊളുത്തി പ്രകടനം നടത്തിയത്. ആനയെ ഇവിടെ കൊണ്ടുവിട്ടാൽ ശക്തമായ സമരം നടത്തുമെന്ന് ഊരുവാസികൾ മുന്നറിയിപ്പ് നൽകി. വിവിധ ആദിവാസി കോളനികളിൽ സംയുക്തമായാണ് പന്തം കൊളുത്തി പ്രകടനം നടത്തിയത്. ആരെയും ആക്രമിക്കാത്ത ആനകളാണ് പറമ്പിക്കുളത്തുള്ളത്. അരിക്കൊമ്പൻ വരുന്നതോടെ ഇവ അക്രമകാരികളായി മാറാൻ സാധ്യതയുണ്ടെന്ന് ഊരുമൂപ്പൻമാർ പറഞ്ഞു.
ആനയെ കൊണ്ടുവിടാനുള്ള നീക്കത്തിനെതിരെ പറമ്പിക്കുളത്തെ ആദിവാസികൾ സംയുക്തമായി പ്രതിഷേധം ശക്തമാക്കുകയാണ്. വനത്തിനകത്ത് മനുഷ്യച്ചങ്ങല തീർത്ത് സമരം നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്. ചാലക്കുടി വഴിയോ പറമ്പിക്കുളം വഴിയോ ആനയെ എത്തിക്കുകയാണെങ്കിൽ ചെറുക്കാൻ മുതലമട, കൊല്ലങ്കോട്, എലവഞ്ചേരി, നെന്മാറ, അയലൂർ, നെല്ലിയാമ്പതി പഞ്ചായത്ത് അംഗങ്ങൾ ഉൾപ്പെടെ സർവകക്ഷി പ്രതിനിധികളും ആദിവാസികളും സമരത്തിന് സജ്ജമായി. വനവിഭവങ്ങൾ ശേഖരിച്ച് ജീവിക്കുന്ന 11 കോളനികളിലെ ആദിവാസികൾക്ക് അരിക്കൊമ്പൻ എത്തുന്നതോടെ ഉപജീവനം മാർഗം ചോദ്യചിഹ്നമായി മാറും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.