പാലക്കാട്: ഏപ്രിൽ മാസം മുതൽ റേഷൻ ലഭിക്കണമെങ്കിൽ പി.എച്ച്.എച്ച്, എ.എ.വൈ (ചുവപ്പ്, മഞ്ഞ) കാർഡുകളിലെ എല്ലാ അംഗങ്ങളും റേഷൻ കടകളിൽ കാർഡു ആധാർകാർഡുമായി നേരിട്ടെത്തി മാസാവസാന ദിവസങ്ങളിൽ വിരൽ പതിപ്പിച്ച് മസ്റ്ററിങ് നടത്തണമെന്ന സർക്കാർ നിർദേശം നടപ്പാക്കാനാവില്ലെന്ന് (കെ.എസ്.ആർ.ആർ.ഡി.എ) കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ജില്ല കമ്മിറ്റി അറിയിച്ചു.
രാജ്യത്ത് ഇരുപതോളം സംസ്ഥാനങ്ങളിൽ മസ്റ്ററിങ് പൂർത്തിയാക്കി കഴിഞ്ഞു. ഭക്ഷ്യ വകുപ്പിന്റെ കെടുകാര്യസ്ഥതമൂലം സംസ്ഥാനത്ത് ഇപ്പോഴാണ് മസ്റ്ററിങ് നടത്താൻ ഉത്തരവായത്. മാസാവസാന ദിവസങ്ങളിൽ മസ്റ്ററിങ് കൂടി നടത്തിയാൽ റേഷൻ വിതരണം തടസ്സപ്പെടാൻ സാധ്യത ഏറെ ആയതിനാൽ അനധികൃതരുടെ നിർദേശം ഇപ്പോൾ നടപ്പാക്കാനാവില്ലെന്ന് അസോസിയേഷൻ തീരുമാനിച്ചതെന്ന് ഭാരവാഹികൾ പറഞ്ഞു.
മാത്രമല്ല ആധാർ ബന്ധിപ്പിക്കലിന് ഒരു അംഗത്തിന് 10 രൂപ അനുവദിച്ചിരുന്നതുപോല മസ്റ്ററിങ്ങിനും 10 രൂപ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു.
ഇതുമായി വ്യാഴാഴ്ച നടക്കുന്ന മന്ത്രിതല ചർച്ചയുടെ തീരുമാനം വരുന്നതവരെ ഇ.കെ.വൈ.സി മസ്റ്ററിങ് നടത്തേതില്ലെന്നും അസോസിയേഷൻ ജില്ല കമ്മിറ്റി തീരുമാനിച്ചു.
വിവിധ ആവശ്യങ്ങളുന്നയിച്ച് സർക്കാരിന് നൽകിയ സമര നോട്ടീസിൽ മന്ത്രിതല ചർച്ചയിൽ തീരുമാനമായില്ലെങ്കിൽ മാർച്ച് ഏഴിന് സംസ്ഥാന വ്യാപകമായി നടത്തുന്ന കടയടപ്പുസമരം വിജയിപ്പിക്കാനും തീരുമാനിച്ചു. ജില്ല പ്രിസിഡന്റ് വി. അജിത്കുമാറിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജനറൽ സെക്രട്ടറി ശിവദാസ് വേലിക്കാട് റിപ്പോർട്ട് അവതരിപ്പിച്ചു. രാമചന്ദ്രൻ, മഹേഷ്, കെ. ശിവദാസ്, നാരായണൻകുട്ടി പട്ടാമ്പി, കെ. ഗോപിനാഥൻ, വി. സുന്ദരൻ, വിഷ്ണുദേവൻ, കാസിം, എൻ. മണികണ്ഠൻ, എം. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.