പാലക്കാട്: സ്വപ്ന സുരേഷ് പ്രതിയായ കേസുകളിൽ ആരോപണവിധേയനായ പിണറായി വിജയനെതിരെ നടപടിയില്ലാത്തതിന് പിന്നിൽ കേന്ദ്രത്തിലെ ബി.ജെ.പിയുടെ വാത്സല്യമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി. രാജ്യത്തും സംസ്ഥാനത്തും നിലവിൽ ജനങ്ങളാണ് പ്രതിപക്ഷത്തുള്ളത്. അവർക്കൊപ്പമാവണം കോൺഗ്രസെന്നും സുധാകരൻ പറഞ്ഞു. കോണ്‍ഗ്രസ് ജില്ല നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഡോളർ കടത്തിലും സ്വർണക്കടത്തിലും ആരോപണവിധേയനായിട്ടും പിണറായിക്കെതിരെ അന്വേഷണം പോലും കൃത്യമായി നടന്നില്ല. ജനത്തെ കൊള്ളയടിക്കുന്ന സർക്കാറാണ് കേരളം ഭരിക്കുന്നത്. കെ.എസ്.ആർ.ടി.സിയും കെ.എസ്.ഇ.ബിയും നഷ്ടത്തിന്റെ വക്കിലാണ്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുമ്പോഴും അഴിമതിക്കും ധൂര്‍ത്തിനും കുറവില്ല. വിമോചന സമരത്തേക്കാളും വലിയ സമര പോരാട്ടത്തിലേക്ക് നീങ്ങേണ്ട സാഹചര്യമാണ് സംസ്ഥാനത്ത് നിലനിൽക്കുന്നതെന്നും സുധാകരൻ പറഞ്ഞു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി പ്രസിഡന്റ് എ. തങ്കപ്പന് അധ്യക്ഷത വഹിച്ചു. എം.പിമാരായ വി.കെ. ശ്രീകണ്ഠന്, രമ്യ ഹരിദാസ്, കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി. ബൽറാം, ഷാഫി പറമ്പില്‍ എം.എൽ.എ, സി. ചന്ദ്രന്, കെ.എ. തുളസി, സി.വി. ബാലചന്ദ്രന്, വി.എസ്. വിജയരാഘവന്, കെ.എ. ചന്ദ്രന്, വി.സി. കബീര്‍, പി. ബാലഗോപാല്‍, പി.വി. രാജേഷ് എന്നിവര്‍ സം ബന്ധിച്ചു.
കോൺഗ്രസ് ശക്തം -വി.ഡി. സതീശൻ
പാലക്കാട്: ഏത് കേഡര്‍ പാര്‍ട്ടിയെയും തോൽപിക്കാന് കോണ്‍ഗ്രസിന് കഴിയുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. ജില്ല കോണ്‍ഗ്രസ് നേതൃയോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഏതു രാഷ്ട്രീയ പാര്‍ട്ടിയുമായും കിടപിടിക്കാനുള്ള ശക്തി കോണ്‍ഗ്രസിനുണ്ട്. തൃക്കാക്കര, പുതുപ്പള്ളി തെരഞ്ഞെടുപ്പ് ഫലങ്ങള്‍ അതാണ് തെളിയിക്കുന്നത്.
ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ മുന്നേറിയാല്‍ വിജയം സുനിശ്ചിതമാണ്. വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുമ്പോഴാണ് ധൂര്‍ത്ത് അരങ്ങേറുന്നത്. കേരളീയം ഇത്തരം പരിപാടികളില്‍ ഒന്നാണ്. ഭരണതലത്തില്‍ വ്യാപക അഴിമതി നടക്കുമ്പോഴാണ് നവ കേരളസദസ്സ് സംഘടിപ്പിക്കുന്നത്. സംസ്ഥാന സര്‍ക്കാറിന്റെ അഴിമതിയും ധൂര്‍ത്തും തുറന്നുകാട്ടാന്‍ കോണ്‍ഗ്രസ് വിചാരണ സദസ്സ് സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.