പാലക്കാട്: നഗരസഭയിലെ 23 കൗൺസിലർമാരുെട പ്ലാൻ ഫണ്ട് പാഴായതുമായി ബന്ധപ്പെട്ട് വിശദമായി അന്വേഷണം നടത്താൻ നഗരസഭ. വ്യാഴാഴ്ച ചേർന്ന കൗൺസിൽ യോഗത്തിൽ വിഷയത്തിൽ പത്തുദിവസത്തിനകം വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ സെക്രട്ടറിക്ക് നിർദേശം നൽകി. സംഭവത്തെച്ചൊല്ലി ആരോപണ-പ്രത്യാരോപണവുമായി പ്രതിപക്ഷ കക്ഷികളിലെ കൗൺസിലർമാരും ഭരണകക്ഷിയംഗങ്ങളും രംഗത്തെത്തിയതോടെ യോഗം ബഹളമയമായി. ഭരണസമിതിക്ക് വീഴ്ച പറ്റിയെന്ന് പ്രതിപക്ഷ കക്ഷികളും 2020-21 കാലയളവിൽ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്ഥാനം സി.പി.എമ്മിനായിരുന്നുവെന്ന് ഭരണപക്ഷവും ആരോപിച്ചു.
കൃത്യസമയത്ത് നടപടികൾ പൂർത്തീകരിക്കാൻ ഉദ്യോഗസ്ഥർക്കാവാതിരുന്നത് സ്വീകരിക്കുന്നതിൽ വീഴ്ച പറ്റിയെന്നും ഇതാണ് വാർഡ് വികസനത്തിനുള്ള ഫണ്ട് പാഴായതിന് പിന്നിലെന്നും ആരോപണമുയർന്നു. കഴിഞ്ഞ തവണത്തെ തെരഞ്ഞെടുപ്പുകൾ, കോവിഡ് പ്രതിസന്ധികൾ എന്നിവ ചൂണ്ടിക്കാട്ടി പ്രത്യേക ഉത്തരവിനായി സർക്കാറിനോട് പ്രമേയത്തിലൂടെ ആവശ്യപ്പെടാൻ കൗൺസിൽ തീരുമാനിച്ചു. ഇതിനുപുറമേ കരാർ ഒപ്പിടാത്ത പദ്ധതികൾ പാഴാവുന്നതിൽ നഗരസഭയുടെ ഭാഗത്ത്നിന്ന് വീഴ്ചയുണ്ടായെങ്കിൽ അത് പരിശോധിച്ച് റിപ്പോർട്ട് നൽകാനാണ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയത്.
റോഡുനന്നാക്കാൻ കാത്തിരിക്കണം
പൊട്ടിപ്പൊളിഞ്ഞ് മഴയിൽ വെള്ളക്കെട്ടിലായ നഗരറോഡുകളിൽ മഴകഴിഞ്ഞാൽ അറ്റകുറ്റപ്പണി നടത്തുമെന്ന് യോഗത്തിൽ അധ്യക്ഷനായ വൈസ് ചെയർമാൻ അഡ്വ. ഇ. കൃഷ്ണദാസ് കൗൺസിലിനെ അറിയിച്ചു. 80 എസ്റ്റിമേറ്റുകൾക്കായി നടപടി പൂർത്തിയായിട്ടുണ്ടെന്ന് എക്സിക്യൂട്ടിവ് എൻജിനീയർ കൗൺസിലിനെ അറിയിച്ചു. പൈപ്പിടാൻ കുത്തിപ്പൊളിച്ച 33 റോഡുകളുടെ പട്ടിക ജലഅതോറിറ്റി നൽകിയിട്ടുണ്ട്.
157 കിലോമീറ്റർ റോഡാണ് കുഴിച്ചത്. ഇതിൽ 17 എണ്ണത്തിൽ പൈപ്പിടാൻ കുഴിച്ച കുഴികൾ താൽക്കാലികമായി മൂടുന്നതടക്കം അറ്റകുറ്റപ്പണി പൂർത്തിയാക്കി. ജല അതോറിറ്റിയുടെ പുതിയ ടാങ്കുകൾ പ്രവർത്തന സജ്ജമായ ശേഷം ജലവിതരണത്തിെൻറ ട്രയൽ നടത്തി പരിശോധിച്ച ശേഷമേ പ്രവൃത്തികൾ പുനഃരാരംഭിക്കാനാകൂ എന്നും ഉദ്യോഗസ്ഥർ കൗൺസിലിനെ അറിയിച്ചു. െപാട്ടിപ്പൊളിഞ്ഞ മാട്ടുമന്ത-വലിയപാടം റോഡിൽ രണ്ട് ദിവസത്തിനകം അറ്റകുറ്റപ്പണിക്കായി നടപടി സ്വീകരിക്കണമെന്ന് മുനിസിപ്പൽ എൻജിനീയർ അറിയിച്ചതായി വൈസ് ചെയർമാൻ കൗൺസിലിനെ അറിയിച്ചു.
കോവിഡ് ചികിത്സ മെഡിക്കൽ കോളജിലേക്ക് മാറ്റണം
കോവിഡ് ആശുപത്രിയായതോടെ ജില്ല ആശുപത്രി ഒ.പി മെഡിക്കൽ കോളജിലേക്ക് മാറ്റിയിരുന്നു. മെഡിക്കൽ കോളജിൽ കാര്യമായ സംവിധാനങ്ങളില്ലെന്നും കോവിഡ് ചികിത്സ മെഡിക്കൽ കോളജിലേക്ക് മാറ്റി ജില്ല ആശുപത്രിയെ പ്രവർത്തന സജ്ജമാക്കണമെന്നുമാവശ്യപ്പെട്ട് ബി.ജെ.പി കൗൺസിലർ നടേശൻ പ്രമേയം അവതരിപ്പിച്ചു.
വിലയേറിയ ഉപകരണങ്ങൾ ജില്ല ആശുപത്രിയിൽ പൂട്ടിയിട്ടിരിക്കുകയാണെന്നും മെഡിക്കൽ കോളജിലേക്ക് ഇതരചികിത്സകൾ മാറ്റിയതോടെ അസ്ഥി, ദന്ത വിഭാഗങ്ങളിൽ സർജറി നടക്കുന്നില്ലെന്നും കാണിച്ച പ്രമേയം കൗൺസിൽ ഏകകണ്ഠേന പാസാക്കി. നഗരസഭയിൽ വീട്ടുനമ്പർ ലഭിക്കാൻ വൈകുന്നത് ആളുകളെ വലക്കുന്നതായും അടിയന്തര നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് വെൽെഫയർ പാർട്ടി കൗൺസിലർ എം. സുലൈമാൻ പ്രമേയം അവതരിപ്പിച്ചു. ഇവയടക്കം അഞ്ചോളം പ്രമേയങ്ങളാണ് വ്യാഴാഴ്ച കൗൺസിൽ പാസാക്കിയത്. മാലിന്യസംസ്കരണം സംബന്ധിച്ച് ചർച്ചചെയ്യാൻ പ്രത്യേക കൗൺസിൽ ചേരാനും യോഗത്തിൽ തീരുമാനമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.