കൊല്ലങ്കോട്: ഊട്ടറ പാലത്തിലൂടെ ബസുകൾ സർവിസ് നടത്താൻ തുടങ്ങി. മൂന്നു മീറ്റർ ഉയരത്തിലധികം വരുന്ന വാഹനങ്ങൾ കടക്കാതിരിക്കാൻ പാലത്തിന്റെ ഇരുപുറവും ബാരിയർ സ്ഥാപിച്ചിരുന്നു. ഇതിൽ ചരക്കുവാഹനങ്ങൾ ഇടിച്ച് തകർന്നതിനാൽ പുതിയ ബാരിയർ സ്ഥാപിച്ചു. രണ്ടാമത് ബാരിയർ സ്ഥാപിച്ചതോടെയാണ് വലിയ ബസുകൾ കടക്കാൻ ആരംഭിച്ചത്. ബസിന്റെ പേരെഴുതിയ ബോർഡ്, ചരക്കുകൾ കയറ്റുന്ന കരിയർ സ്റ്റാൻഡ് എന്നിവ അഴിച്ചുമാറ്റിയാണ് സർവിസ് നടത്തുന്നത്.
കൊല്ലങ്കോട്-പാലക്കാട് പ്രധാന റോഡിൽ ഗായത്രി പുഴയിലെ ഊട്ടറ പാലത്തിൽ ഗർത്തം രൂപപ്പെട്ടതിനെ തുടർന്ന് ജനുവരി എട്ടിന് ഗതാഗതം നിരോധിച്ചിരുന്നു. തുടർന്ന് 50 ലക്ഷം ചിലവഴിച്ചാണ് അറ്റകുറ്റപണികൾ നടത്തി ഏപ്രിൽ 27ന് തുറന്നുനൽകിയത്. ആംബുലൻസ് ഉൾപ്പെടെ വാഹനങ്ങൾ കടക്കാൻ മൂന്ന് മീറ്റർ ഉയരത്തിൽ ബാരിയർ സ്ഥാപിച്ച് നിയന്ത്രണം ഏർപ്പെടുത്തിയാണ് പാലം അറ്റകുപ്പണികൾ നടത്തിയത്. മിനി ബസുകൾ പാലത്തിലൂടെ കടക്കുകയും വലിയ ബസുകൾ പാലക്കാട്, ചിറ്റൂർ എന്നിവിടങ്ങളിൽ എത്താൻ ആലമ്പള്ളം ചപ്പാത്ത് വഴിയും ഉപയോഗിച്ചു. എന്നാൽ ആലമ്പള്ളം ചപ്പാത്തിലെ വിള്ളലുകൾ വർധിച്ചതോടെയാണ് മൂന്ന് മീറ്റിൽ കൂടുതലുള്ള ബസുകളുടെ നെയിം ബോർഡും കാരിയറും അഴിച്ചുമാറ്റി ഊട്ടറ പാലത്തിലൂടെ സർവീസ് നടത്തുന്നതെന്ന് ബസ് ജീവനക്കാർ പറഞ്ഞു. മൂന്നു കിലോമീറ്ററിലധികം കറങ്ങി പാലക്കാട് പോകേണ്ട ബസുകൾ ഊട്ടറ പാലത്തിലൂടെ കടക്കുന്നത് വിദ്യാർഥികൾക്കും നാട്ടുകാർക്കും ഗുണകരമായതായി വ്യാപാരികൾ പറഞ്ഞു. ഊട്ടറയിൽ ഗായത്രിപുഴക്കു കുറുകെ പുതിയ പാലത്തിനും റെയിൽവേ മേൽപ്പാലത്തിനുമായി കിഫ്ബിയുടെ 20 കോടി വകയിരുത്തിയെങ്കിലും സ്ഥലം ഏറ്റെടുക്കലും നഷ്ടപരിഹാര തുക കൈമാറലിലെ സാങ്കേതിക തടസ്സവുംമൂലം കരാർ ഏറ്റെടുക്കലും മറ്റു പ്രവൃത്തികളും അനിശ്ചിതമായി നീളുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.