മലമ്പുഴ: രാജ്യത്തെ റെയിൽവേ സ്റ്റേഷനുകളിൽ കൂടുതൽ ഓട്ടോമാറ്റിക് ടിക്കറ്റ് വെൻഡിങ് മെഷീനുകൾ സ്ഥാപിക്കുന്നതോടെ യാത്രക്കാരുടെ വരിനിന്ന് ടിക്കറ്റെടുക്കലും പഴങ്കഥ. റെയിൽവേ സ്റ്റേഷനുകളിൽ സ്ഥാപിച്ച വെൻഡിങ് മെഷീനുകൾ വഴി യാത്രക്കാർ ടിക്കറ്റെടുക്കാൻ തുടങ്ങിയതോടെ ടിക്കറ്റ് കൗണ്ടറുകൾക്ക് മുന്നിൽ തിരക്ക് കുറയുന്ന സ്ഥിതിയാണ്. ഇത്തരം മെഷീനുകൾ വന്നതോടെ അവധി ദിനങ്ങളിലും ആഘോഷനാളുകളിലുമൊക്കെ റെയിൽവേ സ്റ്റേഷനുകളിൽ അനുഭവപ്പെട്ടിരുന്ന യാത്രക്കാരുടെ തിരക്കും ഗണ്യമായി കുറയുന്നുണ്ട്.
പാലക്കാട് റെയിൽവേ ഡിവിഷനു കീഴിലെ 22 എ.ടി.വി.എമ്മുകളിലൂടെ 25 ലക്ഷത്തോളം രൂപയുടെ ടിക്കറ്റുകളാണ് യാത്രക്കാരെടുത്തത്. ജില്ലയിലെ പ്രധാന റെയിൽവേ സ്റ്റേഷനും പാലക്കാട് ജങ്ഷനും കൂടിയായ ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ പ്രതിദിനം അമ്പതിലധികം ടിക്കറ്റുകളാണ് സാധാരണ ദിവസങ്ങളിൽ എ.ടി.വി.എം വഴി യാത്രക്കാരെടുക്കുന്നത്.
സ്റ്റേഷനിലെത്തുന്ന യാത്രക്കാർക്ക് മെഷീനിൽനിന്ന് നേരിട്ടോ പരസഹായത്തോടെയോ ടിക്കറ്റെടുക്കാം. പാലക്കാട് ഡിവിഷനു കീഴിലുള്ള 21 റെയിൽവേ സ്റ്റേഷനുകളിലായി നിലവിൽ 53 എ.ടി.വി.എം സ്ഥാപിച്ചിട്ടുണ്ടെങ്കിലും അടുത്ത വർഷത്തോടെ 15 മെഷീനുകൾ കൂടി സ്ഥാപിക്കാൻ പദ്ധതിയുണ്ട്. ഇതിനു പുറമെ രാജ്യത്തുടനീളമുള്ള ഹ്രസ്വ-ദീർഘദൂര യാത്രക്കാരുടെ അൺ റിസർവ്ഡ് ടിക്കറ്റ് വിൽപനക്കായി റെയിൽവേ നടപ്പാക്കിയ യു.ടി.എസ് ആപ് വഴി ടിക്കറ്റെടുക്കുന്നവരും പാലക്കാട് ഡിവിഷനിൽ വർധിച്ചിട്ടുണ്ട്.
കഴിഞ്ഞ മാസാവസാനം വരെയുള്ള കണക്കുകൾ പ്രകാരം റിസർവേഷനല്ലാത്ത യാത്രക്കായുള്ള ടിക്കറ്റുകളുടെ 6.16 ശതമാനവും യു.ടി.എസ് ആപ് വഴിയാണ് എടുത്തത്.
പാസഞ്ചർ, എക്സ്പ്രസ് ട്രെയിനുകളിലെ യാത്രക്കാർക്കും റിസർവേഷനല്ലാത്ത ടിക്കറ്റെടുക്കാൻ യു.ടി.എസ് ആപ് സഹായകമാണ്. സീസൺ ടിക്കറ്റും പ്ലാറ്റ്ഫോം ടിക്കറ്റും യു.ടി.എസ് ആപ്പിലുണ്ടെന്നതും യാത്രക്കാർക്ക് ഗുണകരമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.