കാഞ്ഞിരപ്പുഴ: ചിറക്കൽപ്പടി-കാഞ്ഞിരപ്പുഴ റോഡ് നവീകരണം ഡിസംബർ അവസാന വാരത്തിന് മുമ്പ് പൂർത്തിയാക്കുമെന്ന് റോഡ് നവീകരണ ചുമതല ഏറ്റെടുത്ത ഊരാളുങ്കൽ ലേബർ സൊസൈറ്റി എൻജീനിയറിങ് വിങ് ‘മാധ്യമ’ത്തോട് പറഞ്ഞു. റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തികൾ നവംബർ ആദ്യവാരത്തിൽ ആരംഭിച്ചിരുന്നു. ഡ്രെയിനേജ് പ്രവൃത്തികൾ പൂർത്തീകരിച്ചു. റോഡുമായി ബന്ധപ്പെട്ട് രണ്ടു പ്രധാനപാലങ്ങളുടെ നിർമാണ പ്രവർത്തികളും പൂർത്തിയാക്കും. കാഞ്ഞിരത്തിലെ കനാലിന് കുറുകെയുള്ള പാലം കോൺക്രീറ്റ് കഴിഞ്ഞു. അവസാനഘട്ട ജോലികളാണ് അവശേഷിക്കുന്നത്. വർമംകോട് പാലത്തിന്റെ നിർമാണ പ്രവർത്തികൾ പുരോഗമിക്കുകയാണ്. രണ്ടുവർഷം മുമ്പ് ആരംഭിച്ച റോഡ് പുനരുദ്ധാരണ പ്രവർത്തികൾ ഇടക്കാലത്ത് നിർത്തിവെച്ചു. ആദ്യഘട്ടത്തിൽ ചിറക്കൽപ്പടി മുതൽ ആദ്യത്തെ നാല് കിലോമീറ്ററാണ് റോഡ് നന്നാക്കിയത്. ഇടക്കാലത്ത് ആദ്യത്തെ കരാറുകാർ നിർമാണ ചെലവ് കൂടിയത് കാരണം അധികതുക വേണമെന്ന് ആവശ്യപ്പെട്ട് റോഡുപണി നിർത്തിവെക്കുകയായിരുന്നു.
വിവിധ രാഷ്ട്രീയ പാർട്ടികളും വ്യാപാരികളും റോഡ് നവീകരണം ത്വരിതപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഹർത്താൽ ഉൾപ്പെടെയുള്ള സമരപരിപാടികൾ സംഘടിപ്പിച്ചിരുന്നു. മൂന്ന് മാസംമുമ്പാണ് ഊരാളുങ്കൽ ലേബർ സൊസൈറ്റി റോഡ് നവീകരണ പ്രവൃത്തി ഏറ്റെടുക്കുന്നത്. കാഞ്ഞിരപ്പുഴ ഉദ്യാനത്തിലേക്ക് വിനോദ സഞ്ചാരികൾ ഉൾപ്പെടെ നിരവധി യാത്രക്കാർ സഞ്ചരിക്കുന്ന എട്ട് കിലോമീറ്റർ ദൈർഘ്യമുള്ള റോഡാണിത്. വർമംകോട് പാലത്തിന്റെ അവസാനഘട്ട പ്രവർത്തനങ്ങൾക്കാവും കൂടുതൽ കാലതാമസം ഉണ്ടാവുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.