പാലക്കാട്: വാണിജ്യാവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടർ ഉൾപ്പെടെ അവശ്യസാധനങ്ങൾക്ക് വില വർധിച്ചതോടെ ഹോട്ടൽ വ്യവസായം പ്രതിസന്ധിയിൽ. 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് കഴിഞ്ഞദിവസം 48.50 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു സിലിണ്ടറിന് 1740 രൂപയായി. തുടർച്ചയായ മൂന്നാം മാസമാണ് വിലക്കയറ്റം. സിലിണ്ടറിന് പുറമേ ഹോട്ടലുകളിൽ ഏറ്റവും അധികം ഉപയോഗിക്കുന്ന മൈദക്കും ഭക്ഷ്യ എണ്ണക്കും പച്ചക്കറികൾക്കുമെല്ലാം അനുദിനം വില ഉയരുകയാണ്. മൈദക്ക് ഒരു ചാക്കിന് 2200 രൂപയാണ് നിലവിലെ വിലയെന്ന് വ്യാപാരികൾ പറയുന്നു. ഉപഭോക്താക്കൾ ഏറ്റവും അധികം ഇഷ്ടപ്പെടുന്ന ഭക്ഷണങ്ങളിലെല്ലാം മൈദ ഒഴിച്ചുകൂടാനാവാത്ത സാധനമാണ്. വെളുത്തുള്ളി, ഇഞ്ചി, സവാള തുടങ്ങിയ പച്ചക്കറികളെല്ലാം വിലവർധനവിന്റെ പാതയിലാണ്. ഇതിനുപുറമെ ഇറച്ചിക്കും വില കൂടുന്നുണ്ട്.
വിലക്കയറ്റത്തിന് അനുസരിച്ച് ഭക്ഷണപദാർഥങ്ങൾക്ക് വില കൂട്ടിയാൽ വാങ്ങാൻ ആളില്ലാത്ത അവസ്ഥ വരുമെന്നാണ് വ്യാപാരികൾ പറയുന്നത്. എന്നാലും ചെറിയ രീതിയിൽ വില വർധിപ്പിച്ചാണ് പല ഹോട്ടലുകളും പിടിച്ചുനിൽക്കുന്നത്. പല ഹോട്ടലുകളും വില കൂട്ടുന്നത് അറിയിച്ച് ബോർഡുകൾ സ്ഥാപിച്ചു തുടങ്ങിയിട്ടുണ്ട്. പാലക്കാട് നഗരം കേന്ദ്രീകരിച്ച് ചെറുതും വലുതുമായി അറുന്നൂറോളം ഹോട്ടലുകളും റസ്റ്റാറന്റുകളുമാണുള്ളത്. ദിവസവും രണ്ടുമുതൽ അഞ്ചുവരെ സിലിണ്ടറുകൾ ഉപയോഗിക്കുന്ന ഹോട്ടലുകളുണ്ട്. വൈദ്യുത ബിൽ, വാട്ടർ ബിൽ എന്നിവക്ക് പുറമേ സ്വന്തമായി കെട്ടിടം ഇല്ലാത്തവർക്ക് വാടകയും കൂടി നൽകേണ്ടി വരുമ്പോഴേക്കും സ്ഥിതി അതീവ പരിതാപകരമാകുമെന്ന് വ്യാപാരികൾ പറയുന്നു. വിഭവങ്ങൾക്ക് വില കൂട്ടിയിട്ടും പിടിച്ചുനിൽക്കാൻ പറ്റാത്തവരാകട്ടെ അടച്ചുപൂട്ടലിന്റെ വക്കിലുമാണ്.
നഗരങ്ങളിൽ വില കൂട്ടുന്നതുപോലെ ഗ്രാമങ്ങളിൽ വിഭവങ്ങൾക്ക് വർധിപ്പിച്ചാൽ അത് കച്ചവടത്തെയും വ്യവസായത്തെയും പ്രതികൂലമായി ബാധിക്കും. അവശ്യവസ്തുക്കൾക്കെല്ലാം പൊള്ളുന്ന വില വർധനവിന്റെ സാഹചര്യത്തിൽ ഹോട്ടൽ വ്യവസായം ഏറെ വിഷമഘട്ടത്തിലാണെന്നാണ് വ്യാപാരികളുടെ പരാതി. വിലക്കയറ്റത്തിനെതിരെ സർക്കാർ തലത്തിൽ നടപടി വേണമെന്നും അല്ലെങ്കിൽ തങ്ങൾക്ക് ആനുകൂല്യങ്ങൾ തരണമെന്നും കേരള ഹോട്ടൽ ആൻഡ് റസ്റ്റാറന്റ് അസോസിയേഷൻ ടൗൺ യൂനിറ്റ് പ്രസിഡന്റ് എൻ. അബ്ദുൽ റസാക്ക് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.