പാലക്കാട്: മുട്ടിലിഴഞ്ഞ പെണ്‍കുട്ടിക്ക് ജീവിത വിജയത്തിന് തുണയായത് സാക്ഷരത പഠനത്തിലൂടെ നേടിയ ആത്മവിശ്വാസം. ചിറ്റൂര്‍ സാക്ഷരത കേന്ദ്രത്തിലെ ഹയര്‍ സെക്കന്‍ഡറി തുല്യത പഠിതാവായ വി. സുമ പരിമിതികളെ തോൽപിച്ച് ഹയർ സെക്കന്‍ഡറി പരീക്ഷ എഴുതാന്‍ തയാറെടുക്കുകയാണ്. ജന്മന ഇരുകാലുകള്‍ക്കും ശേഷിയില്ലാത്തതിനാൽ സ്കൂള്‍ പഠനം പോലും ഉപേക്ഷിച്ച സുമ തുല്യത പഠനത്തിലൂടെയാണ് നാല്, ഏഴ്, പത്ത് ക്ലാസുകള്‍ പഠിച്ച് വിജയിച്ചത്.
നല്ലേപ്പിള്ളി വിക്കിനി ചള്ളയില്‍ വിശ്വനാഥന്-ദേവി ദമ്പതികളുടെ മകളായ വി. സുമ നല്ലേപ്പിള്ളി ഗ്രാമപഞ്ചായത്തിലെ സാക്ഷരത പ്രേരക് ഗിരിജയുടെ സഹായത്തോടെയാണ് തുല്യത പരീക്ഷകള്‍ എഴുതിയത്. പഠനത്തോടൊപ്പം തന്നെ ടെയ്ലറിങ്, എംബ്രോയിഡറി, ഗ്ലാസ് പെയിൻറിങ് എന്നിവയും സ്വായത്തമാക്കിയ സുമ ഭിന്നശേഷി വിഭാഗത്തിലെ മികച്ച അത്ലറ്റ് കൂടിയാണ്.
തിരുവനന്തപുരത്ത് നടന്ന സംസ്ഥാന അത്ലറ്റിക് മീറ്റില്‍ ഷോട്ട്പുട്ടില്‍ സ്വർണം നേടിയ സുമ രാജസ്ഥാനില്‍ നടന്ന ദേശീയ പാരാലിമ്പിക് മത്സരത്തിലും നാഗ്പൂരില്‍ നടന്ന 55 കിലോ വിഭാഗം പവര്ലിഫ്റ്റിലും പങ്കെടുത്തു. കേരളത്തില്‍നിന്ന് അവസരം ലഭിച്ച ഏക വ്യക്തി കൂടിയാണ്. അമ്പെയ്ത്ത് മത്സരം ജില്ലതല വിജയിയാണ്. ഷോട്ട്പുട്ട്, ജാവ ലിങ്, വോളിബാള്‍, ഡിസ്കസ് ത്രോ, പാരാലിഫ്റ്റ് തുടങ്ങിയവയാണ് പ്രധാന മത്സര ഇനങ്ങള്‍. നല്ലേപ്പിള്ളി ഗ്രാമപഞ്ചായത്ത് സാക്ഷരത കേന്ദ്രം കോഓഡിനേറ്റർ വി. രാമകൃഷ്ണന്, കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് സാക്ഷരത പ്രവര്‍ത്തകർ എന്നിവരുടെ കൂട്ടായ പരിശ്രമത്തിെൻറ ഫലമാണ് സുമയുടെ നേട്ടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.