പാലക്കാട്: മൂന്നുദിവസം നീളുന്ന സി.പി.എം ജില്ല സമ്മേളനത്തിന് വെള്ളിയാഴ്ച തുടക്കമാവും. പ്രതിനിധി സമ്മേളനം രാവിലെ പത്തിന് പിരായിരി ഹൈടെക് ഓഡിറ്റോറിയത്തിൽ പോളിറ്റ് ബ്യൂറോ അംഗം കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 177 പ്രതിനിധികളും 41 ജില്ല കമ്മിറ്റി അംഗങ്ങളും പങ്കെടുക്കും. സമ്മേളനത്തിൽ മൂന്നുദിവസവും മുഖ്യമന്ത്രിയും കേന്ദ്ര കമ്മിറ്റി അംഗങ്ങളും പങ്കെടുക്കും. കോവിഡ് നിയന്ത്രണങ്ങൾ മൂലം റെഡ് വളന്റിയർ മാർച്ചും വിപുലമായ പൊതുസമ്മേളനവും ഒഴിവാക്കിയാണ് ഇത്തവണത്തെ പരിപാടികൾ. സമ്മേളന പ്രതിനിധികളുടെ എണ്ണവും ചുരുക്കി. ജനുവരി രണ്ടിന് വൈകീട്ട് അഞ്ചിന് കോട്ടമൈതാനത്ത് നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. എ. വിജയരാഘവൻ, എ.കെ. ബാലൻ, ഇ.പി. ജയരാജൻ, എളമരം കരീം, എം.സി. ജോസഫൈൻ, കെ.കെ. ശൈലജ, കെ. രാധാകൃഷ്ണൻ, ബോബി ജോൺ എന്നിവർ പങ്കെടുക്കും. പൊതുസമ്മേളനത്തിൽ പാലക്കാട് ഏരിയയിലെ പ്രവർത്തകർ മാത്രമേ പങ്കെടുക്കുകയുള്ളൂ.
പ്രവർത്തകർക്ക് പൊതുസമ്മേളനം തത്സമയം വീക്ഷിക്കാൻ 140 ലോക്കൽ കേന്ദ്രങ്ങളിൽ സംവിധാനം ഒരുക്കും. വ്യാഴാഴ്ച ദീപശിഖ, പതാക-കൊടിമര ജാഥകൾ പൊതുസമ്മേളന നഗരിയായ കോട്ടമൈതാനത്ത് സംഗമിച്ചു. വിവിധ സ്ഥലങ്ങളിലെ ആവേശകരമായ സ്വീകരണത്തിനുശേഷം പതാക, കൊടിമര ജാഥകൾ വാഹനത്തിലും ദീപശിഖ ജാഥകൾ അത്ലറ്റുകൾ കൈമാറിയുമാണ് നഗരിയിൽ എത്തിച്ചത്. വൈകീട്ട് അഞ്ചിന് സമ്മേളന നഗരിയിൽ നിരവധി പ്രവർത്തകരുടെ സാന്നിധ്യത്തിൽ സ്വാഗതസംഘം ചെയർമാൻ എൻ.എൻ. കൃഷ്ണദാസ് പതാക ഉയർത്തി. കൊടിമരം കെ.വി. രാമകൃഷ്ണനും പതാക പി.കെ. ശശിയും ദീപശിഖകൾ ഗിരിജ സുരേന്ദ്രനും ഏറ്റുവാങ്ങി. വെള്ളിയാഴ്ച രാവിലെ എട്ടിന് കോട്ടമൈതാനിയിൽനിന്ന് ദീപശിഖ പ്രതിനിധി സമ്മേളന നഗരിയിലേക്ക് അത്ലറ്റുകൾ കൈമാറി എത്തിക്കും. സമ്മേളന നഗരിയിൽ ജില്ല സെക്രട്ടറി സി.കെ. രാജേന്ദ്രൻ ദീപശിഖ തെളിയിക്കും. പ്രതിനിധി സമ്മേളനത്തിന് തുടക്കംകുറിച്ച് മുതിർന്ന നേതാവ് സി.ടി. കൃഷ്ണൻ പതാക ഉയർത്തും. പ്രതിനിധി സമ്മേളനത്തിനുള്ള ഒരുക്കങ്ങൾ പിരായിരിയിൽ പൂർത്തിയായി.
വിവാദങ്ങൾ അനവധി, ചർച്ചക്ക് ചൂടേറും
പാലക്കാട്: വെള്ളിയാഴ്ച ആരംഭിക്കുന്ന സി.പി.എം ജില്ല സമ്മേളനത്തിൽ കീഴ്ഘടകങ്ങളിലെ വിഭാഗീയതയും അഴിമതിയും ചൂടേറിയ ചര്‍ച്ചക്ക് വഴിവെക്കും. കണ്ണമ്പ്ര റൈസ് മിൽ ഭൂമി ഇടപാടും ഒറ്റപ്പാലം സഹകരണ ബാങ്കിലെ ക്രമക്കേടും ചർച്ചയിൽ കടന്നുവരും. ലോക്കല്‍, ഏരിയ സമ്മേളനങ്ങളിലുണ്ടായ പ്രശ്നങ്ങള്‍ക്ക് പ്രത്യയശാസ്ത്ര അടിത്തറയില്ലെന്നും അത് പ്രാദേശികവും വ്യക്തിപരവുമായിരുന്നെന്നാണ് ജില്ല സെക്രട്ടറി സി.കെ. രാജേന്ദ്രന് വിശദീകരിക്കുന്നത്.
അതേസമയം, ബ്രാഞ്ചുതലം മുതല്‍ ഏരിയ തലം വരെയുള്ള സമ്മേളനങ്ങള്‍ പൂര്‍ണമായും പാര്‍ട്ടി അച്ചടക്കം പാലിച്ചല്ല ജില്ലയിൽ പൂര്‍ത്തിയാക്കിയത്. 15ല്‍ ഒമ്പത് ഏരിയ സമ്മേളനത്തിലും മത്സരമുണ്ടായി. കൊല്ലങ്കോടും തൃത്താലയിലും ചെര്‍പ്പുളശ്ശേരിയിലും നിലവിലെ സെക്രട്ടറിമാര്‍ തോറ്റു. ഔദ്യോഗിക പക്ഷത്തെ 13 പേരെ വെട്ടിനിരത്തിയാണ് ശശിപക്ഷം ചെർപ്പുളശ്ശേരി ഏരിയ കമ്മിറ്റി പിടിച്ചെടുത്തത്. പുതുശ്ശേരി ഏരിയ കമ്മിറ്റിക്ക് കീഴിലുള്ള സമ്മേളനങ്ങളില്‍ പലയിടത്തും അടിപൊട്ടി. വാളയാറിലും എലപ്പുള്ളിയിലും ലോക്കല്‍ സമ്മേളനം നിര്‍ത്തിവെച്ചു. പാര്‍ട്ടി അച്ചടക്കത്തിെൻറ വാള് പുറത്തെടുത്താണ് പുതുശ്ശേരി ഏരിയ സമ്മേളനം പൂര്‍ത്തീകരിച്ചത്. കോങ്ങാട് എം.എൽ.എ കെ. ശാന്തകുമാരിയും ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ. ബിനുമോളും ജില്ല സമ്മേളന പ്രതിനിധിയാകാതെ പുറത്തായി. കണ്ണമ്പ്ര ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ജില്ല സെക്രട്ടേറിയറ്റ് അംഗമായിരുന്ന സി.കെ. ചാമുണ്ണി നടപടി നേരിട്ടു. ഒറ്റപ്പാലം സഹകരണ ബാങ്കിലെ അഴിമതി ആരോപണവുമായി ബന്ധപ്പെട്ടും ചില നേതാക്കൾക്കെതിരെ നടപടിയുണ്ടായി.
മുറിവേറ്റവരും വെട്ടിനിരത്തലിന് നേതൃത്വം നല്കിയവരും ജില്ല സമ്മേളനത്തിനെത്തുമ്പോള്‍ ചര്‍ച്ചകള്‍ക്ക് വീറേറും. പി.കെ. ശശിയുമായി ബന്ധപ്പെട്ട വിവാദം വീണ്ടും പുകഞ്ഞുകത്താൻ സാധ്യതയേറെയാണ്. എ.കെ. ബാലെൻറ പിൻഗാമിയായി ഭാര്യ പി.കെ. ജമീലയെ തരൂർ നിയമസഭ സീറ്റിലേക്ക് പരിഗണിച്ചതും ചർച്ചയിൽ കടന്നുവരാം. പാലക്കാട്, ആലത്തൂർ ലോക്സഭ സീറ്റുകളിലെ തോൽവിയും പാലക്കാട് അസംബ്ലി മണ്ഡലത്തിൽ തുടർച്ചയായി രണ്ടാം തവണയും പാർട്ടി മൂന്നാംസ്ഥാനത്തേക്ക് തള്ളപ്പെട്ടതും മലമ്പുഴ, ഷൊർണൂർ മണ്ഡലങ്ങളിലെ ബി.ജെ.പിയുടെ വളർച്ചയും പ്രധാന ചർച്ചയാകും. അട്ടപ്പാടിയിൽ ശിശുമരണങ്ങൾ തുടർക്കഥയാകുന്നതും കോട്ടത്തറ ആശുപത്രിയുമായി ബന്ധപ്പെട്ട വിവാദവുമെല്ലാം ചർച്ച ചെയ്യപ്പെടാം.
പൊലീസിനെതിരെ പ്രവർത്തകർക്കിടയിൽ നിലനിൽക്കുന്ന അസംതൃപ്തിയും ചർച്ചയിൽ പ്രതിഫലിച്ചേക്കും. സമ്മേളനത്തിൽ മൂന്നുദിവസവും മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്നുണ്ട്. എല്ലാ തലത്തിലുമുള്ള നിശിതമായ വിമർശനത്തിനും ചോദ്യംചെയ്യലിനും വിധേയമാകുന്നതാവും പ്രതിനിധി സമ്മേളനത്തിലെ ചർച്ചകൾ.
സമ്മേളന പ്രതിനിധികളിൽ പി.കെ. ശശി വിഭാഗത്തിന് വ്യക്തമായ മേൽകൈയുള്ള സാഹചര്യത്തിൽ മറുപക്ഷം ആവനാഴിയിലെ മുഴുവൻ ആയുധവും പുറത്തെടുത്താവും പ്രതിരോധമുയർത്തുക. മൂന്ന് ടേം പൂർത്തിയാക്കി സി.കെ. രാജേന്ദ്രൻ സ്ഥാനമൊഴിയുന്ന സമ്മേളനമാണിത്. ജില്ല കമ്മിറ്റിയിലേക്കും സെക്രട്ടറി സ്ഥാനത്തേക്കും മത്സരമുണ്ടാകാൻ സാധ്യതയേറെയാണ്. സെക്രട്ടറി സ്ഥാനത്തേക്ക് മത്സരമൊഴിവാക്കാനായിരിക്കും സംസ്ഥാന നേതൃത്വം ശ്രമിക്കുക. വി.കെ. ചന്ദ്രന്, ഇ.എന്‍. സുരേഷ് ബാബു, വി. ചെന്താമരാക്ഷന്, എൻ.എൻ. കൃഷ്ണദാസ് എന്നിവരിൽ ഒരാളായിരിക്കും സെക്രട്ടറി സ്ഥാനത്തുവരികയെന്നാണ് സൂചനകൾ.
സെമിനാറുകൾ ഇന്നും നാളെയും
പാലക്കാട്: സി.പി.എം ജില്ല സമ്മേളനത്തോടനുബന്ധിച്ച് ഡിസംബർ 31, ജനുവരി ഒന്ന് തീയതികളിൽ രണ്ട് സെമിനാറുകൾ കോട്ടമൈതാനത്ത് നടക്കും. 31ന് വൈകീട്ട് അഞ്ചിന് നടക്കുന്ന 'തുടർഭരണവും നവകേരള നിർമിതി'യും സെമിനാർ എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ ഉദ്ഘാടനം ചെയ്യും. റവന്യൂ മന്ത്രി കെ. രാജൻ, കെ.കെ. ശൈലജ എന്നിവർ സംസാരിക്കും. ജനുവരി ഒന്നിന് വൈകീട്ട് അഞ്ചിന് നടക്കുന്ന 'കർഷക സമരവിജയവും വർഗസമരവും' സെമിനാർ സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജൻ ഉദ്ഘാടനം ചെയ്യും. വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി, അഖിലേന്ത്യ കിസാൻസഭ ഫിനാൻസ് സെക്രട്ടറി പി. കൃഷ്ണപ്രസാദ് എന്നിവർ സംസാരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.