പാലക്കാട്: മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കാൻ കോൺഗ്രസ് അധികാരത്തിൽ വന്നേ തീരൂ. അതിന് ജില്ലയിലെ വോട്ടർമാർ ഈ തെരഞ്ഞെടുപ്പിലൂടെ യു.ഡി.എഫ് സ്ഥാനാർഥികളെ വീണ്ടും വിജയിപ്പിക്കും. പ്രതിപക്ഷത്തെ പാർലമെന്റിൽ സംസാരിക്കാൻ പോലും അനുവദിക്കാത്ത അവസ്ഥയാണുള്ളത്.
ശബ്ദിച്ചാൽ അപ്പോൾ വെളിയിലാണ്. രാഹുൽ ഗാന്ധിയെപോലും അവർ അയോഗ്യതയാക്കി.
എൻ.ഡി.എ ഭരണം തുടർന്നാൽ ജനാധിപത്യം അപകടത്തിലാകും. ലോകത്തിലെ ഏറ്റവും വലിയ ജനാധപത്യരാജ്യമാണ് നമ്മുടേത്. കോൺഗ്രസിലൂടെ രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും തിരിച്ചുകൊണ്ടുവരണമെന്ന് ജനം ആഗ്രഹിക്കുന്നു. രാഹുൽ ഗാന്ധിയെ മുൻ നിർത്തിയുള്ള ഈ തെരഞ്ഞെടുപ്പ് പോരാട്ടത്തിൽ കോൺഗ്രസ് വിജയിക്കും.
കമ്യൂണിസ്റ്റ് പാർട്ടിക്ക് ഒന്നും ചെയ്യാൻ കഴിയില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മൂന്ന് എം.പിമാരാണ് അവർക്ക് ലഭിച്ചത്. ഇടതുപക്ഷം ഒരിക്കിലും ബി.ജെ.പിയുടെ എതിരാളിയല്ല. ബി.ജെ.പിയുമായി അന്തർധാര ബന്ധങ്ങൾ ഉള്ള പാർട്ടിയാണ് സി.പി.എമ്മും.
കോൺഗ്രസ് കൊണ്ടുവന്ന പൊതുമേഖല സ്ഥാപനങ്ങളിൽ 43 എണ്ണം ബി.ജെ.പി വിറ്റു. ജില്ലയിലെ പൊതുമേഖല സ്ഥാപനങ്ങളുടെ സംരക്ഷണത്തിന് ജില്ലയിലെ രണ്ട് എം.പിമാരും പരമാവധി ഇടപെടൽ നടത്തിയിട്ടുണ്ട്. വെറും സമരം നടത്തൽ മാത്രമാണ് ഇടതുപക്ഷത്തിന്റെ പണി. എന്നാൽ, പൊതുമേഖലകളായ ബെമലും ഇൻസ്ട്രുമെന്റേഷനും ഉൾപ്പെടെ സംരക്ഷിക്കാൻ എം.പി ആവുംവിധം ചെയ്തിട്ടുണ്ട്.
പാർലമെന്റിൽ ഒട്ടേറെ തവണ ശബ്ദമുയർത്തിയിട്ടും പ്രതിലോമസമീപനമാണ് കേന്ദ്രം സ്വീകരിച്ചത്. കേരളത്തിന്റെ കൃഷിക്കാരുടെ അവസ്ഥ ദയനീയമാണ്. നെല്ലറയായ പാലക്കാട്ടെ കർഷകർ സഹികെട്ട അവസ്ഥയിലാണ്. കേന്ദ്രവും സംസ്ഥാനവും കൃഷിക്കാരെ ഞെരിക്കുകയാണ്. കേന്ദ്രം താങ്ങുവില വർധിപ്പിക്കുന്നതിനുസരിച്ച് കേരളം ഇൻസെന്റീവ് കുറച്ചുകൊണ്ടുവരുന്നു. കർഷകരുടെ ജീവിതം ഇപ്പോഴും ആശങ്കയിൽതന്നെ.
ജില്ലയിലെ രണ്ട് യു.ഡി.എഫ് സ്ഥാനാർഥികളും അരലക്ഷത്തിന് മുകളിൽ ഭൂരിപക്ഷത്തിൽ വിജയിക്കും. കോൺഗ്രസ് ജയിച്ചാൽ ബി.ജെ.പിയിലേക്ക് എന്ന് ഇടതുപക്ഷം വ്യാപക പ്രചാരണം നടത്തുന്നുണ്ട്. ഇടതുപക്ഷത്തിന് പോകാൻ പോലും ആളില്ലാത്ത അവസ്ഥയാണല്ലോ. തെരഞ്ഞെടുപ്പ് കമീഷനടക്കം ഇ.ഡിയും സി.ബി.ഐയും ബി.ജെ.പിയോടൊപ്പമാണ്. വിവിധ സമ്മർദ മാർഗങ്ങൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി കൂടെ നിർത്താൻ അവർ തന്ത്രങ്ങൾ മെനയുന്നു. അത് നടപ്പാക്കുന്നു.
വോട്ടു യന്ത്രത്തിൽ പോലും ക്രമക്കേട് നടക്കുന്നു. ഇന്ത്യയിൽ 300ൽ കൂടുതൽ സീറ്റുകളിൽ കോൺഗ്രസ് വിജയിക്കും. കേരളത്തിൽ ഒരു ഹിന്ദുവും മതത്തിന്റെ പേരിൽ ബി.ജെ.പിക്ക് വോട്ട് നൽകില്ല. മുന്നണികളുമായും നല്ല ബന്ധമാണെന്നും ജില്ലയിലെ അടിത്തട്ടിൽ വരെ പ്രചാരണപ്രവർത്തനം ഊർജിതമാണെന്നും തങ്കപ്പൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.